കേന്ദ്രത്തിന്‍റെ സര്‍ജിക്കല്‍ സ്‍ട്രൈക്ക്, തിരികെ നല്‍കേണ്ടത് കോടികള്‍, ഊരാക്കുടുക്കില്‍ ഈ വണ്ടിക്കമ്പനികള്‍!
ഇത്തരം പഴുതുകളും കമ്പനികളുടെ തന്ത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയതിനെത്തുടർന്ന് കമ്പനികള്‍ക്ക് സബ്‌സിഡിത്തുക തിരികെ നൽകുന്നത് നിർത്തിവച്ചിരുന്നു. കോടികളുടെ തുക കിട്ടാതായതോടെ കമ്പനികള്‍ക്ക് എട്ടിന്‍റെ പണിയും കിട്ടി. അതിനുശേഷം, മിക്ക ഇലക്ട്രിക് വാഹന നിർമ്മാതാക്കളും വാഹനത്തിന്റെ ഇൻവോയ്‌സിന്റെ ഭാഗമായിത്തന്നെ ഇവി ഹോം ചാർജറുകൾ നല്‍കിത്തുടങ്ങി. എന്നാൽ ചാർജറുകൾക്കായി ഇതുവരെ വാങ്ങിയ പണം ഉപഭോക്താക്കൾക്ക് കമ്പനികള്‍ തിരികെ നൽകണമെന്നുകൂടി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് കമ്പനികള്‍ ഊരാക്കുടുക്കിലായത്.
രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ആതർ എനർജി , ടിവിഎസ് മോട്ടോർ കമ്പനി , ഒല ഇലക്ട്രിക് , ഹീറോ മോട്ടോകോർപ്പ് എന്നിവ സ്‍കൂട്ടറിനൊപ്പം പ്രത്യേകം ബിൽ ചെയ്‍ത ചാർജറുകളുടെ തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫെയിം 2 ഇൻസെന്റീവിന്‍റെ കുടിശ്ശിക പണം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതിന് വേണ്ടിയാണ് ഉപഭോക്താക്കൾക്ക് കോടികളുടെ തുക റീഫണ്ട് ചെയ്യാൻ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കൾ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ഇവി നിർമ്മാതാക്കൾ ഇവി ചാർജറിന്റെ വില ഉപഭോക്താക്കളിൽ നിന്ന് പ്രത്യേകം ഈടാക്കിയിരുന്നു. 1.5 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ഫെയിം 2 ഇൻസെന്റീവിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുക എന്നതായിരുന്നു ഈ തന്ത്രം. അതായത് സ്‌കൂട്ടറുകൾ സബ്‌സിഡിക്ക് ആവശ്യമായ 1.5 ലക്ഷം രൂപയുടെ യോഗ്യതാ പരിധിയിൽ താഴെയാണെന്ന് ഉറപ്പാക്കാൻ വാഹനത്തിനും ചാർജറുകൾക്കുമായി ഈ കമ്പനികൾ ഉപഭോക്താക്കള്‍ക്ക് പ്രത്യേകം ബിൽ നല്‍കുകയായിരുന്നു ചെയ്‍തത്.
കേന്ദ്രത്തിന്‍റെ ഫെയിം 2 സ്‍കീം അനുസരിച്ച് ഇലക്ട്രിക്ക് ടൂവീലറുകള്‍ വാങ്ങുന്നവര്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി വാഗ്‍ദാനം ചെയ്യുന്നു. ഇതനുസരിച്ച് ഒരു സ്‌കൂട്ടറിന് ഏകദേശം 60,000 രൂപ വരെ കിഴിവ് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരം പഴുതുകളും കമ്പനികളുടെ തന്ത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയതിനെത്തുടർന്ന് കമ്പനികള്‍ക്ക് സബ്‌സിഡിത്തുക തിരികെ നൽകുന്നത് നിർത്തിവച്ചിരുന്നു. കോടികളുടെ തുക കിട്ടാതായതോടെ കമ്പനികള്‍ക്ക് എട്ടിന്‍റെ പണിയും കിട്ടി. അതിനുശേഷം, മിക്ക ഇലക്ട്രിക് വാഹന നിർമ്മാതാക്കളും വാഹനത്തിന്റെ ഇൻവോയ്‌സിന്റെ ഭാഗമായിത്തന്നെ ഇവി ഹോം ചാർജറുകൾ നല്‍കിത്തുടങ്ങി. എന്നാൽ ചാർജറുകൾക്കായി ഇതുവരെ വാങ്ങിയ പണം ഉപഭോക്താക്കൾക്ക് കമ്പനികള്‍ തിരികെ നൽകണമെന്നുകൂടി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് കമ്പനികള്‍ ഊരാക്കുടുക്കിലായത്. തുടര്‍ന്ന് ഈ പണം തിരികെ നല്‍കാൻ കമ്പനികള്‍ ഒരുങ്ങുന്നതായാണ് വിവരം.
കേന്ദ്രത്തിന്‍റെ ഈ നീക്കം ഒല ഇലക്ട്രിക്കിനാണ് ഏറ്റവും വലിയ തിരിച്ചടിയെന്നാണ് റിപ്പോർട്ട്. 2021 ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഇതുവരെ വിറ്റ എസ് 1 , എസ് 1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകൾക്കൊപ്പം വന്ന ഹോം ചാർജറുകൾക്ക് പണം വാങ്ങിയിരുന്നു. ഇത് 130 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും പണം ഒറ്റയടിക്ക് തിരികെ നൽകുകയെന്നത് കമ്പനിക്ക് വൻ തിരിച്ചടിയാകും. ഓൺ-ബോർഡ് ഫാസ്റ്റ് ചാർജറിന് കമ്പനികൾ 9,000 രൂപയ്ക്കും (ഒല S1 സ്‌കൂട്ടറിന്) 20,000 രൂപയ്ക്കും ഇടയിലാണ് (ഏതര്‍, ഹീറോ മോട്ടോകോര്‍പ്പ്) ഈടാക്കുന്നത്.
അതേസമയം റീഫണ്ടിനെക്കുറിച്ചോ കൃത്യമായ തുകയെക്കുറിച്ചോ ഒല ഇലക്ട്രിക് ഔദ്യോഗിക പ്രസ്‍താവനകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഏതർ എനർജി, ടിവിഎസ് മോട്ടോർ, ഹീറോ മോട്ടോകോർപ്പ് എന്നിവയും സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. റീഫണ്ടിന്റെ മൊത്തത്തിലുള്ള തുക ഔദ്യോഗികമായി അറിവായിട്ടില്ല. എന്നിരുന്നാലും, സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്‌ട്രിക് വെഹിക്കിൾസ് (എസ്എംഇവി)ഡാറ്റ പ്രകാരം, കേന്ദ്രസര്‍ക്കാര്‍ ഏകദേശം 1,200 കോടി രൂപ ഇവി നിർമ്മാതാക്കൾക്ക് നൽകാനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇവി നിർമ്മാതാക്കൾക്ക് ഫെയിം ആനുകൂല്യങ്ങൾ നൽകുന്നത് കേന്ദ്ര സര്‍ക്കാര്‍ നിർത്തിവച്ചിരുന്നു. ഏതാനും മാസങ്ങളായി കുമിഞ്ഞുകൂടുന്ന ഫെയിം-II സബ്‌സിഡികളുടെ വിതരണം മാർച്ച് ആദ്യം മുതൽ തടഞ്ഞിരിക്കുകയാണ്. ഫെയിം സബ്‌സിഡികൾക്ക് യോഗ്യത നേടുന്നതിനുള്ള മാനദണ്ഡത്തിന്റെ ഭാഗമായ പ്രാദേശികവൽക്കരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കുറഞ്ഞത് രണ്ട് ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളെങ്കിലും ഇൻസെന്റീവ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ നിന്ന് സസ്പെൻഷൻ നേരിട്ടിട്ടുണ്ട്.
ഫെയിം II സബ്‌സിഡിയുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ഫെയിം I സബ്‌സിഡി സ്‍കീമിന്റെ വിപുലീകരണം ഈ വർഷമാദ്യം കേന്ദ്ര ബജറ്റിന് മുന്നോടിയായി ഇന്ത്യൻ വാഹന മേഖലയിൽ നിന്നുള്ള പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. വാഹന നിർമ്മാതാക്കൾ, ഘടക നിർമ്മാതാക്കൾ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർമാർ എന്നിവരുൾപ്പെടെ വിവിധ വ്യവസായ പങ്കാളികൾ നികുതി ഇളവുകളും ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നു.