ടാറ്റയുടെ ഉരുക്കുറപ്പിനെ നെഞ്ചോട് ചേര്‍ത്ത് ഈ രാജ്യത്തെ സൈന്യം!
ടാറ്റയുടെ സൈനിക വാഹനങ്ങളുടെ കരുത്തും കുറഞ്ഞ പരിപാലനവുമാണ് ഈ വാഹനം വാങ്ങണമെന്ന തീരുമാനത്തിന് പിന്നില്‍
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്‍റെ സൈനിക ട്രക്കുകള്‍ തായ്‌ലന്റ് ആര്‍മി സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ തായ്‌ലന്റ് അംബാസിഡര്‍ ചുറ്റിന്‍ടോണ്‍ സാം ഗോങ്‌സക്ഡി ട്വിറ്ററിലൂടെ അറിയിച്ചു. ടാറ്റ നിര്‍മിക്കുന്ന 600 എല്‍പിടിഎ ട്രെക്കുകള്‍ റോയല്‍ തായ് ആര്‍മിക്കായി വാങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ടാറ്റയുടെ സൈനിക വാഹനങ്ങളുടെ കരുത്തും കുറഞ്ഞ പരിപാലനവുമാണ് ഈ വാഹനം വാങ്ങണമെന്ന തീരുമാനത്തിന് പിന്നിലെന്നാണ് ചുറ്റിന്‍ടോണ്‍ പറയുന്നത്. സൈനിക സേവനത്തിന് ഏറ്റവുമധികം ഉതകുന്ന രീതിയിലാണ് ടാറ്റയുടെ എല്‍പിടിഎ ട്രെക്കുകള്‍ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദീർഘകാലമായി രാജ്യത്തെ സായുധ, അർദ്ധസൈനിക വിഭാഗങ്ങളുടെ പ്രധാന പ്രതിരോധ വാഹന നിര്‍മ്മാതാക്കളാണ് വരുമാനമനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് . 1886-ലാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് സ്ഥാപിതമായത്. എന്നാല്‍ പ്രതിരോധ മേഖലയുമായുള്ള ഗ്രൂപ്പിന്റെ ചരിത്രം 1940 കളിലാണ് തുടങ്ങുന്നത്.
ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, വിവിധ അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവയ്ക്ക് മൊബിലിറ്റി സൊല്യൂഷനുകള്‍ നല്‍കുന്നതിനൊപ്പം സാർക്ക്, ആസിയാൻ, ആഫ്രിക്കൻ രാജ്യങ്ങ തുടങ്ങിയിടങ്ങളിലേക്കുംസംഘർഷ മേഖലകളിലെ യുഎൻ സമാധാന സേനയ്‍ക്കും പ്രത്യേക പ്രതിരോധ വാഹനങ്ങൾ കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.
ബുള്ളറ്റ് പ്രൂഫ് ട്രൂപ്പ് കാരിയറുകൾ, കവചിത ബസുകൾ, ഖനി സംരക്ഷിത വാഹനങ്ങൾ, മൊബൈൽ ഹോസ്പിറ്റൽ, ആളില്ലാ ഏരിയൽ വെഹിക്കിൾ ലോഞ്ചറുകൾ എന്നിവയും ടാറ്റ മോട്ടോഴ്‌സിന്റെ ഉൽപ്പന്ന നിരയിൽ ഉൾപ്പെടുന്നു.
ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ പ്രതിരോധ സേനയ്‌ക്കായി ഉയർന്ന നിലവാരത്തിലുള്ള മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെയുള്ള നൂതനമായ യുദ്ധ, തന്ത്രപരമായ, ലോജിസ്റ്റിക്കൽ, കവചിത വാഹനങ്ങൾക്ക് ഒരുക്കുകയാണെന്നും ഇന്ത്യാ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.