ടെസ്‍ലയുടെ ഇന്ത്യൻ പ്ലാൻ മാറിയോ? വരുന്നത് ഫാക്ടറിയല്ലെന്ന് സൂചന! ഭൂമി തേടി ഇലോൺ മസ്‍ക്, ആദ്യ ഷോറൂം ദില്ലിയിൽ
അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം സംബന്ധിച്ച് വീണ്ടും ചർച്ചകൾ ആരംഭിച്ചു. ഇത്തവണ കമ്പനിയുടെ പ്ലാൻ്റിന് പകരം നേരിട്ട് ഡീലർഷിപ്പിൽ എത്തിയിരിക്കുകയാണ് കാര്യങ്ങൾ. ഈ വർഷം അവസാനത്തോടെ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ ആദ്യ ഡീലർഷിപ്പ് ആരംഭിക്കാൻ കഴിയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഏറെക്കാലമായി അമേരിക്കയിലെ മുൻനിര ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശന പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇതുസംബന്ധിച്ച് പുതിയൊരു വാർത്ത. ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം സംബന്ധിച്ച് വീണ്ടും ചർച്ചകൾ ആരംഭിച്ചു. ഇത്തവണ കമ്പനിയുടെ പ്ലാൻ്റിന് പകരം നേരിട്ട് ഡീലർഷിപ്പിൽ എത്തിയിരിക്കുകയാണ് കാര്യങ്ങൾ. ഈ വർഷം അവസാനത്തോടെ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ ആദ്യ ഡീലർഷിപ്പ് ആരംഭിക്കാൻ കഴിയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
എലോൺ മസ്‌കിൻ്റെ ടെസ്‌ല രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഷോറൂം സ്ഥലം തേടാൻ തുടങ്ങിയതായി വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു. കമ്പനിയുടെ ഈ നടപടി ആദ്യ സൂചനയായി കണക്കാക്കപ്പെടുന്നു. ഈ വർഷം ആദ്യം നിക്ഷേപ പദ്ധതികൾ നിർത്തിവെച്ചതിന് ശേഷം ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് കമ്പനി പുനരാലോചന നടത്തുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് നേരത്തെ ഇലോൺ മസ്‍ക് പറഞ്ഞിരുന്നു. ഇന്ത്യയിൽ 2-3 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപം അദ്ദേഹം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ആഗോള വിപണിയിൽ ടെസ്‌ലയുടെ വിൽപ്പന കുറയുകയും 10% ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതോടെ അവസാന നിമിഷം മസ്‌കിൻ്റെ സന്ദർശനം റദ്ദാക്കി. നേരത്തെ കമ്പനി ഇന്ത്യിയൽ ഫാക്ടറി സ്ഥാപിക്കാൻ പദ്ധതി ഇട്ടിരുന്നു. ടെസ്‌ല ഫാക്ടറിയുടെ സാധ്യതയുള്ള പട്ടികയിൽ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ ഓട്ടോമോട്ടീവ് ഹബ്ബുകളുള്ള സംസ്ഥാനങ്ങൾ ഉൾപ്പെട്ടിരുന്നു.
ടെസ്‌ല ഇപ്പോൾ ഇന്ത്യൻ തലസ്ഥാനത്ത് ഡീലർഷിപ്പ് ആരംഭിക്കാൻ ഒരു സ്ഥലം തേടുകയാണെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ടെസ്‌ലയുടെ പ്രൊജക്റ്റിനായി റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ ഡിഎൽഎഫ് ഇന്ത്യയുമായും പ്രാരംഭ ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡെവലപ്പറുമായി ടെസ്‌ല നടത്തിയ ചർച്ചകളുടെ അന്തിമഫലം ഇതുവരെ വ്യക്തമല്ല. മറ്റ് ചില വലിയ കമ്പനികളുമായും ടെസ്‌ല സംസാരിച്ചേക്കും.
ടെസ്‌ല ഒരു ഉപഭോക്തൃ അനുഭവ കേന്ദ്രം നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനായി 3,000 മുതൽ 5,000 ചതുരശ്ര അടി (280-465 ചതുരശ്ര മീറ്റർ) സ്ഥലമാണ് കമ്പനി തേടുന്നത്. ഇതുകൂടാതെ, ഡെലിവറി, സർവീസ് സെൻ്റർ എന്നിവയ്ക്കായി ഇതിൻ്റെ ഏകദേശം മൂന്ന് മടങ്ങ് വലിപ്പമുള്ള സ്ഥലത്തിനായുള്ള തിരച്ചിൽ നടക്കുന്നു. ടെസ്‌ല പല സ്ഥലങ്ങളും വിലയിരുത്തുന്നുണ്ടെന്ന് പറയപ്പെടുന്നു. സൗത്ത് ഡൽഹിയിലെ ഡിഎൽഎഫിൻ്റെ അവന്യൂ മാളും ഗുരുഗ്രാമിലെ സൈബർ ഹബ്ബും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ടെസ്‌ല എങ്ങനെയാണ് ഇന്ത്യയിൽ എത്തുന്നത് എന്നത് ഇപ്പോൾ വ്യക്തമല്ല. ഒന്നുകിൽ കമ്പനി തങ്ങളുടെ കാറുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാം. ഇങ്ങനെ ചെയ്‍താൽ 100 ശതമാനത്തിലധികം ഇറക്കുമതി തീരുവ കാരണം, കാറുകളുടെ വില വളരെ ഉയർന്നതായിരിക്കും. 15 ശതമാനം നിരക്കിൽ കാറുകൾ ഇറക്കുമതി ചെയ്യാനുള്ള സൗകര്യം കമ്പനിക്ക് നൽകുന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ പുതിയ ഇലക്‌ട്രിക് വെഹിക്കിൾ പോളിസി പ്രകാരം കമ്പനി വൻ തുക നിക്ഷേപിക്കണമെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ. അടുത്തിടെ, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് പുതിയ നയം തയ്യാറാക്കിയിരുന്നു. ഈ നയം അനുസരിച്ച് കുറഞ്ഞത് 500 ദശലക്ഷം ഡോളർ നിക്ഷേപിക്കുകയും പ്രാദേശിക ഉൽപ്പാദനം നടത്തുകയും ചെയ്യുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇന്ത്യ ഇളവ് നൽകുകയും ചെയ്യും.