"ഈ പറമ്പില്‍ കയറരുത്.." സര്‍ക്കാര്‍ ഓഫീസ് വളപ്പുകളില്‍ ടെസ്‍ല വണ്ടികളെ വിലക്കി ചൈന!

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ലയുടെ കാറുകള്‍ക്ക് ചൈനയിലെ ചില സര്‍ക്കാര്‍ ഓഫീസ് വളപ്പുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.

Tesla cars banned from entering China government compounds

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ലയുടെ കാറുകള്‍ക്ക് ചൈനയിലെ ചില സര്‍ക്കാര്‍ ഓഫീസ് വളപ്പുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഓഫീസ് വളപ്പുകളില്‍ ടെസ്‌ല കാറുകള്‍ പാര്‍ക്ക് ചെയ്യരുതെന്ന നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കിയതായി വിവിധ വൃത്തങ്ങളെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബീജിംഗിലെയും ഷാങ്ഹായിലെയും ചില സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ജോലി സ്ഥലത്ത് ടെസ്‌ല ഇലക്ട്രിക് കാറുകള്‍ പാര്‍ക്ക് ചെയ്യരുതെന്ന നിര്‍ദേശം വാക്കാല്‍ ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ എത്ര ടെസ്‌ല കാറുകളാണ് ചൈനയില്‍ വിലക്ക് നേരിടുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ടെസ്‌ല കാറുകളില്‍ സ്ഥാപിച്ച കാമറകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈന ആരോപിക്കുന്നു. മാര്‍ച്ചില്‍, ചൈനയിലെ ചില സൈനിക കെട്ടിട സമുച്ചയങ്ങളില്‍ ടെസ്‌ല കാറുകള്‍ പ്രവേശിക്കുന്നതും നിരോധിച്ചിരുന്നു. 

അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളെ ചൈനീസ് സര്‍ക്കാര്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതിന്റെ ഒടുവിലത്തെ സംഭവവികാസങ്ങളാണ് ഇപ്പോഴത്തേത്. ടെസ്‍ല കാറുകളിലെ കാമറകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയാണ് കാരണമായി ചൈന പറയുന്നത്. കാറിന് ചുറ്റുമുള്ള ചിത്രങ്ങള്‍ ലഭിക്കുന്നതിനായി ടെസ്‌ല ഉള്‍പ്പെടെയുള്ള വാഹന നിര്‍മാതാക്കള്‍ കൂടുതല്‍ വാഹനങ്ങളില്‍ കാമറകളും സെന്‍സറുകളും സ്ഥാപിക്കുകയാണ്. ഈ ചിത്രങ്ങള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു, എവിടേക്ക് അയയ്ക്കുന്നു, എവിടെ സൂക്ഷിച്ചുവെയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളെയാണ് ചൈനീസ് സര്‍ക്കാരിന് സംശയം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഡാറ്റ, ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ടെസ്‍ല സിഇഒ ഇലോണ്‍ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. 

അതേസമയം രാജ്യസുരക്ഷ മുന്‍നിര്‍ത്തി ചൈനിയുടെ കൂടുതല്‍ സൂക്ഷ്‍മനിരീക്ഷണങ്ങളും കസ്റ്റമര്‍ സര്‍വീസ് പരാതികളുമാണ് ടെസ്‌ല നേരിടുന്നത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ റെഗുലേറ്റര്‍മാരുമായി സമ്പര്‍ക്കം വര്‍ധിപ്പിക്കുകയാണ് ടെസ്‌ല. കൂടാതെ, സര്‍ക്കാരുമായി ബന്ധപ്പെടുന്ന ടീമിന്‍റെ ശേഷിയും വര്‍ധിപ്പിച്ചു.

ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയായ ചൈന, അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളുടെ രണ്ടാമത്തെ വലിയ വിപണിയുമാണ്. ടെസ്‌ലയുടെ ആകെ വില്‍പ്പനയുടെ മുപ്പത് ശതമാനത്തോളം ചൈനയിലാണ്. ടെസ്‌ല മോഡല്‍ 3 സെഡാന്‍, മോഡല്‍ വൈ എസ്‌യുവി എന്നിവ ഷാങ്ഹായ് പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ നിയന്ത്രണം ബീജിംഗിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഏര്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് പ്രകാരമാണോ അതോ ഏജന്‍സി അധികൃതര്‍ സ്വയം സ്വീകരിച്ച നടപടിയാണോ എന്നതിലും വ്യക്തതയില്ല. രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയോ എന്നും കാത്തിരിക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസും (എസ്‌സിഐഒ) ടെസ്‌ല ചൈന അധികൃതരും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios