ടിയാഗോ മറിഞ്ഞത് തലകീഴായി, ഓടിച്ചത് സ്റ്റണ്ട് മാസ്റ്റർ! താരങ്ങൾ രക്ഷപ്പെട്ടത് ഇക്കാരണത്താലെന്ന് ടാറ്റ ഫാൻസ്
നടൻ അർജ്ജുൻ അശോകൻ അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ അപകടത്തിൽപ്പെട്ടത് ടാറ്റാ ടിയാഗോ കാർ. അതേസമയം ടാറ്റയുടെ വാഹം ആയതിനാലാണ് വലിയ പരിക്കില്ലാതെ താരങ്ങൾ രക്ഷപ്പെട്ടതെന്നാണ് ടാറ്റ ഫാൻസ് പറയുന്നത്. KL35K7475 എന്ന നമ്പറിലുള്ള ടാറ്റാ ടിയാഗോയാണ് തലകീഴായി മറിഞ്ഞത്.
സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ നടൻ അർജ്ജുൻ അശോകൻ അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ അപകടത്തിൽപ്പെട്ടത് ടാറ്റാ ടിയാഗോ കാർ. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. അർജുൻ അശോകനൊപ്പം നടന്മാരായ സംഗീത് പ്രതാപും മാത്യു തോമസും ഈ കാറിൽ ഉണ്ടായിരുന്നു. ഒരു ചേസിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ ആയിരുന്നു അപകടം.
വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.
അതേസമയം ടാറ്റയുടെ വാഹം ആയതിനാലാണ് വലിയ പരിക്കില്ലാതെ താരങ്ങൾ രക്ഷപ്പെട്ടതെന്നാണ് ടാറ്റ ഫാൻസ് പറയുന്നത്. KL35K7475 എന്ന നമ്പറിലുള്ള ടാറ്റാ ടിയാഗോയാണ് തലകീഴായി മറിഞ്ഞത്. ഉരുക്കുറപ്പുള്ള വാഹന മോഡലുകള്‍ കൊണ്ട് യാത്രികരുടെ സുരക്ഷ ഊട്ടിയുറപ്പിക്കുന്ന ടാറ്റാ മോട്ടോഴ്‍സിന്‍റെ മികവ് അടുത്തകാലത്തായി കൂടുതല്‍ പ്രസിദ്ധി ആര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണെന്നും അത്തരത്തിലുള്ളൊരു വാഹനമാണ് ടാറ്റ ടിയാഗോയെന്നും എൻട്രി ലെവല്‍ ഹാച്ച്ബാക്കായ ടിയാഗോ ദൃഢമായ ബിൽഡ് ക്വാളിറ്റിക്കും ഏറെ പേരുകേട്ട സുരക്ഷയ്ക്കും തെളിവാണെന്നും ഫാൻസ് പറയുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റ് ചെയ്‍ത ടാറ്റ ടിയാഗോ സുരക്ഷയ്ക്ക് നാല് സ്റ്റാറുകള്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ അതിന്റെ ബോഡി ഘടന സ്ഥിരതയുള്ളതും അധിക ലോഡിംഗിനെ നേരിടാൻ ശേഷിയുള്ളതുമാണെന്നും റേറ്റുചെയ്തു. സുരക്ഷയ്ക്കായി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസർ, എബിഎസ് സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്. ടാറ്റ ടിയാഗോയുടെ ഇൻ്റീരിയറിൽ, ഉപഭോക്താക്കൾക്ക് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, എട്ട് സ്‍പീക്കർ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ നൽകിയിട്ടുണ്ട്.
മാരുതി സുസുക്കി സെലേറിയോ, വാഗൺആർ തുടങ്ങിയ കാറുകളുമായാണ് ടാറ്റ ടിയാഗോ വിപണിയിൽ മത്സരിക്കുന്നത്. ടോപ് മോഡലിന് 5.65 ലക്ഷം മുതൽ 8.90 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോയുടെ പ്രാരംഭ എക്‌സ് ഷോറൂം വില.