"മരിച്ചെന്ന് കരുതി, പക്ഷേ.." കണ്ണീരോടെ ആ കഥ പറഞ്ഞ് നെക്സോണ്‍ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!
കേരളത്തിലെ ഒരു വാഹന ഉടമയ്ക്കുണ്ടായ അനുഭവം കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്‍തത്. നിഖിൽ റാണ എന്നയാളുടെ യൂട്യൂബ് ചാനലിലെ വീഡിയോ ഉദ്ദരിച്ചാണ് കൊച്ചി സ്വദേശിയായ വിശാഖ് എന്ന നെക്സോണ്‍ ഉടമയുടെ അനുഭവം കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ (Tata Motors) മുഖച്ഛായ മാറ്റിയ വാഹനമാണ് നെക്സോണ്‍ (Tata Nexon). 2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്.
നിരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തി നെക്‌സോൺ. 2018ല്‍ ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്. ക്രാഷ് ടെസ്റ്റില്‍ മാത്രമല്ല, പല അപകടങ്ങളെയും അതിജീവിച്ച ഈ വാഹനത്തിന്റെ സുരക്ഷ അരക്കിട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. നെക്സോണ്‍ ഉടമകള്‍ തന്നെ ഇക്കാര്യം പലതവണ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇത്തരത്തില്‍ നെക്‌സോണിന്റെ സുരക്ഷയ്ക്ക് തെളിവാകുന്ന പുതിയ ഒരു അപകട സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കേരളത്തിലെ ഒരു വാഹന ഉടമയ്ക്കുണ്ടായ അനുഭവം കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്‍തത്. നിഖിൽ റാണ എന്നയാളുടെ യൂട്യൂബ് ചാനലിലെ വീഡിയോ ഉദ്ദരിച്ചാണ് കൊച്ചി സ്വദേശിയായ വിശാഖ് എന്ന നെക്സോണ്‍ ഉടമയുടെ അനുഭവം കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇടുക്കിയിലെ ജോലി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു വിശാഖും രണ്ട് സുഹൃത്തുക്കളും. ഈ സമയം കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കാറിന്‍റെ മുൻ സീറ്റിൽ വിശാഖും ഒപ്പം ഡ്രൈവറും പിന്നിൽ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. മഴയെത്തുടർന്ന് ദൂരക്കാഴ്‍ച കുറഞ്ഞു. ഇതോടെ റോഡ് അവ്യക്തമായി. പെട്ടെന്ന് റോഡിലെ മാന്‍ഹോളിന്‍റെ തുറന്ന ദ്വാരം കണ്ട് ഡ്രൈവര്‍ അത് ഒഴിവാക്കാനായി വണ്ടി വെട്ടിച്ചു. ഇതോടെ വാഹനത്തിന്‍റെ ടയർ റോഡിൽ നിന്ന് തെന്നിമാറുകയും റോഡിന് താഴെ 20-30 അടിയോളം താഴ്‍ചയിലേക്ക് വണ്ടി മറിയുകയുമായിരുന്നുവെന്ന് ഉടമ പറയുന്നു.
വാഹനം താഴേക്ക് തെറിച്ചപ്പോള്‍ തങ്ങൾ ഇനി ജീവനോടെ ഉണ്ടാകില്ലെന്ന് കരുതിയതായി ഉടമ പറയുന്നു. ജീവനോടെയുണ്ടാകുമെന്ന് ആരും കരുതിയില്ലെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി. ആർക്കും സാരമായി പരിക്കേറ്റില്ലെന്നും എന്നാൽ ഒരാൾക്ക് നട്ടെല്ലിന് പരിക്കേറ്റതിനാൽ മൂന്ന് മാസത്തേക്ക് ബെഡ് റെസ്റ്റിലാണെന്നും മറ്റുള്ളവരെല്ലാം കാറിൽ സുരക്ഷിതരായിരുന്നുവെന്നും ഉടമ പറയുന്നു. റോഡിനു താഴെയുള്ള വീടിന്‍റെ മുറ്റത്തേക്ക് തലകീഴായി മൂക്കുംകുത്തി നില്‍ക്കുന്ന വാഹനത്തിന്‍റെ ചിത്രങ്ങളും വൈറലാണ്. ഇത്രവലിയ ഒരപകടം സംഭവിച്ചിട്ടും ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റി മൂലമാണ് ജീവന്‍ തരിച്ചുകിട്ടിയതെന്നും ഉടമ പറയുന്നു.
2017 ഓഗസ്റ്റിൽ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ച ടാറ്റ നെക്‌സോൺ നാല് സ്റ്റാറാണ് നേടിയത്. പിന്നാലെ എക്കാലത്തെയും ഉയർന്ന പോയിന്റുകൾ നേടുന്നതിനായി 2018ല്‍ വീണ്ടും പരീക്ഷിച്ചു. അങ്ങനെ നെക്‌സോണിന് 17-ൽ 16.06 പോയിന്റ് ലഭിച്ചു. അങ്ങനെ വാഹനം അഞ്ച് സുരക്ഷാ സ്റ്റാറും സ്വന്തമാക്കി. അത് ഇന്ത്യന്‍ വാഹന ചരിത്രത്തില്‍ നാഴികക്കല്ലായിരുന്നു. കാരണം ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ച ഏതൊരു കാറും നേടിയ ഏറ്റവും ഉയർന്ന റേറ്റിംഗായിരുന്നു ഇത്.
പിന്നാലെ XUV300 ഉള്‍പ്പെടെയുല്ള മറ്റ് കാറുകൾക്കും ഫൈവ് സ്റ്റാര്‍ കിട്ടിരുന്നു. ഇന്ത്യയിൽ ഗ്ലോബൽ എൻസിഎപി സാക്ഷ്യപ്പെടുത്തിയ ഏറ്റവും സുരക്ഷിതമായ കാർ നിരയിൽ ടാറ്റയ്ക്ക് ഏറെ അഭിമാനത്തിന് വകയുണ്ട്. ടാറ്റ പഞ്ച്, ടാറ്റ നെക്സോൺ, ടാറ്റ ആൾട്രോസ് തുടങ്ങിയ പഞ്ചനക്ഷത്ര സുരക്ഷാ കാറുകൾ ഇതിൽ ഉൾപ്പെടുന്നു. ഒപ്പം ഫോർ സ്റ്റാർ നേടിയ ടാറ്റ ടിയാഗോ, ടാറ്റ ടിഗോർ എന്നിവയും ഉണ്ട്. അപകടങ്ങളിൽ പെട്ടതിന് ശേഷം ടാറ്റ കാറുകൾ നൽകുന്ന ബിൽഡ് ക്വാളിറ്റിക്കും സുരക്ഷയ്ക്കും നിരവധി ഉടമകൾ നന്ദി പറയുന്ന വാര്‍ത്തകല്‍ അടുത്ത കാലത്ത് വൈറലായിരുന്നു.
മൂന്നരവർഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ കമ്പനി രൂപകല്‍പ്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കിലോമീറ്റര്‍ പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയും മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചും സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റിയുമൊക്കെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമായിരുന്നു നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.
എത്തി നാല് വര്‍ഷം തികയുമ്പോള്‍ നിരത്തിലും വിപണിയിലും സൂപ്പര്‍ഹിറ്റാണ് നെക്സോണ്‍. നിലവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് നെക്‌സോണ്‍. പ്രതിമാസം ശരാശരി 6,000 മുതല്‍ 7,000 വരെ യൂണിറ്റ് നെക്‌സോണുകള്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. ഫ്ളെയിം റെഡ്, ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളിലാണ് ടാറ്റ നെക്സോണ്‍ ലഭിക്കുന്നത്.
ടാറ്റ നെക്സോണ്‍ ഇപ്പോൾ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. പരമാവധി 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എൻജിൻ പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. എഎംടി ഓപ്ഷണലാണ്.
2020 ആദ്യമാണ് മലിനീകരണ നിയന്ത്രണത്തിൽ ബി എസ് 6 നിലവാരമുള്ള നെക്സോണ്‍ വിപണിയില്‍ എത്തിയത്. പിന്നാലെ 2020 സെപ്റ്റംബറില്‍ ഇന്ത്യയിൽ സൺറൂഫ് സഹിതം വിൽപനയ്ക്കെത്തുന്ന ഏറ്റവും വില കുറഞ്ഞ കാർ എന്ന പേരും ടാറ്റ നെക്സോണ്‍ സ്വന്തമാക്കിയിരുന്നു. നെക്സോണിന്‍റെ ഇലക്ട്രിക്ക് വകഭേദം നെക്സോണ്‍ ഇവിയും നിരത്തിലും വിപണിയിലും സൂപ്പര്‍ ഹിറ്റാണ്.
Imge Courtesy: Car Toq