അള്‍ട്രോസ് ഇലക്ട്രിക്കിനെ അവതരിപ്പിച്ച് ടാറ്റ

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്.

Tata Motors unveils all-electric version of Altroz

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്. ദില്ലിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ അല്‍ട്രോസ് ഇവിയുടെ അവതരണം. ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണിത്. 

ടാറ്റയുടെ ആല്‍ഫ (അജയ്ല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്) പ്ലാറ്റ്‌ഫോമില്‍ റെഗുലര്‍ മോഡലിനോട് സാമ്യമുള്ള ഡിസൈനാണ് അല്‍ട്രോസ് ഇവിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇണങ്ങുന്ന പ്ലാറ്റ്‌ഫോമാണിതെന്ന് ടാറ്റ മുമ്പുതന്നെ അറിയിച്ചിരുന്നു. 

അഡ്വാന്‍സ്ഡ് ലിഥിയം അയേണ്‍ സെല്ലുകളാണ് സിപ്ട്രോണിന് കരുത്തേകുക. ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണിത്. പെര്‍മെനന്റ് മാഗ്നെറ്റ് എസി മോട്ടോര്‍, IP67 സ്റ്റാന്റേര്‍ഡിലുള്ള ഡസ്റ്റ്, വാട്ടര്‍ പ്രൂഫ് ബാറ്ററി സിസ്റ്റം എന്നിവയെല്ലാം ചേര്‍ന്നതാണ് സിപ്ട്രോണ്‍. 

ബാറ്ററി ചാര്‍ജിങ്ങിന് റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം ഇതിലുണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ബാറ്ററിക്കുണ്ട്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ള ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസി ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂര്‍ വേണ്ടിവരും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റ വികസിപ്പിച്ച സിപ്‌ട്രോണ്‍ ഇലക്ട്രിക് ടെക്‌നോളജിയില്‍ ഒരുങ്ങുന്ന ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും അല്‍ട്രോസ്. ടാറ്റയുടെ സിപ്ട്രോണ്‍ ടെക്നോളജി അടിസ്ഥാനമാക്കിയൊരുങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനം നെക്സോണ്‍ ഇവിയാണ്.

ജനുവരി അവസാനവാരമാണ് അള്‍ട്രോസ് റഗുലര്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.  പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ അഞ്ച് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. പെട്രോള്‍ മോഡലുകള്‍ക്ക് 5.29 ലക്ഷം മുതല്‍ 7.69 ലക്ഷം വരെയും ഡീസല്‍ മോഡലുകള്‍ക്ക് 6.99 ലക്ഷം മുതല്‍ 9.29 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

ഇംപാക്റ്റ് ഡിസൈൻ 2.0 ഭാഷയിൽ രൂപകൽപ്പന ചെയ്ത രണ്ടാമത്തെ വാഹനമായ  ആൽ‌ട്രോസ്, പുതിയ ആൽ‌ഫ ആർക്കിടെക്ച്ചറിൽ  ആദ്യമായി വികസിപ്പിച്ചെടുത്ത വാഹനം കൂടിയാണ്.   XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.  ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും  45 എക്‌സ് കൺസെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.  ആശയം യാഥാർത്ഥ്യത്തിലേക്ക് വഴിമാറിക്കൊണ്ട്  ടാറ്റ മോട്ടോഴ്സ് 2019 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർസ് ഷോയിൽ വെച്ച് ആൽ‌ട്രോസ് ലോകത്തിന് അനാച്ഛാദനം ചെയ്തിരുന്നു. 'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, അഡ്വാൻസ്ഡ് പ്ലാറ്റ്ഫോം, ആവേശകരമായ പ്രകടനം, സ്മാർട്ട് ടെക്നോളജി എന്നിവ അടിസ്ഥാമാക്കി വിപണിയിലെത്തുന്ന അൾട്രോസ് പ്രീമിയം ഹാച്ച്ബാക്കുകളുടെ  വിഭാഗത്തിൽ ഗോൾഡ് സ്റ്റാൻഡേർഡ് കരസ്ഥമാക്കികൊണ്ട് ഈ വിഭാഗത്തിൽ ചരിത്രം സൃഷ്ടിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷ. ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും അള്‍ട്രോസിന്‍റെ മുഖ്യ എതിരാളികളായിരിക്കും.

വാഹനത്തിന്‍റെ ഉള്‍വശവും സ്പോര്‍ട്ടി ലുക്കിലാണ്. കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് കമാന്റ് സംവിധാനമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. കുറഞ്ഞ വകഭേദങ്ങളില്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണുള്ളത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ് എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കും.

3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 345 ലിറ്റര്‍ ബൂട്ട് സ്‌പേസും അല്‍ട്രോസ് ഒരുക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഉൽപ്പന്നങ്ങളിൽ ഒന്നുകൂടിയാണ് അൾ‌ട്രോസ് ഹാച്ച്ബാക്ക്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍,  എൽഇഡി ടൈൽ‌ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡ് സവിശേഷതകളാണ്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും.

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് അല്‍ട്രോസില്‍ സുരക്ഷയൊരുക്കുന്നത്. ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും അല്‍ട്രോസ് സ്വന്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios