"തീപിടിക്കാൻ കാരണം ഞങ്ങളല്ല" നെക്സോണിന് തീപിടിച്ച സംഭവത്തിന്‍റെ ചുരുളഴിച്ച് ടാറ്റ!

ടാറ്റ നെക്‌സൺ ഇവിയുടെ ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചത് അനധികൃത വർക്ക് ഷോപ്പിൽ നടത്തിയ അറ്റകുറ്റപ്പണിയാണെന്ന് കമ്പനി അറിയിച്ചു. 

Tata Motors says unauthorized repair job caused Nexon EV fire at Pune prn

പൂനെയിൽ ടാറ്റ നെക്‌സോൺ ഇവിക്ക് തീപിടിച്ച സംഭവത്തിൽ വിശദീകരണവുമായി ടാറ്റാ മോട്ടോഴ്‍സ്.  ഈ വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം കമ്പനി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ടാറ്റ നെക്‌സൺ ഇവിയുടെ ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചത് അനധികൃത വർക്ക് ഷോപ്പിൽ നടത്തിയ അറ്റകുറ്റപ്പണിയാണെന്ന് കമ്പനി അറിയിച്ചു. സംഭവത്തെത്തുടർന്ന് യാത്രക്കാർക്ക് പരിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

2023 ഏപ്രിൽ 16 ന് പൂനെയിലെ കത്‌രാജിൽ ആണ് അപകടം നടന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും സാങ്കേതിക വിദഗ്ധരുടെ ഒരു സംഘം ഈ സംഭവത്തിന്റെ വിശദമായ അന്വേഷണം പൂർത്തിയാക്കിയെന്നും ടാറ്റ ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കി. 

ഈ വാഹനം അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. അതിൽ ഇടത് ഹെഡ്‌ലാമ്പുകൾ അനധികൃത വർക്ക്‌ഷോപ്പിൽ വച്ച് മാറ്റിസ്ഥാപിച്ചുവെന്ന് മനസിലാക്കുന്നുവെന്നും ടാറ്റ പറയുന്നു. അനധികൃത വർക്ക്‌ഷോപ്പിലെ ഫിറ്റ്‌മെന്റ്, റിപ്പയർ പ്രക്രിയയിൽ പോരായ്‍മകൾ ഉണ്ടായിരുന്നു.  ഇത് ഹെഡ്‌ലാമ്പ് ഏരിയയിലെ വൈദ്യുത തകരാറിലേക്കും ചൂടു കൂടുന്നതിലേക്കും നയിച്ചു. ഉപഭോക്താവിന് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ടാറ്റ വ്യക്തമാക്കി. 

ഏപ്രിൽ 16ന് നെക്‌സോൺ ഇവിയിൽ അഗ്നിശമന സേനാംഗങ്ങൾ വെള്ളം ഒഴിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രജിസ്ട്രേഷൻ ഡാറ്റ പ്രകാരം, ഈ വാഹനം 2022 ജൂലൈയിൽ പൂനെ ആർടിഒയിൽ രജിസ്റ്റർ ചെയ്‍ത 9 മാസം പഴക്കമുള്ള നെക്സോണ്‍ ഇവി ആയിരുന്നു. കാറിന്റെ മുൻവശത്തെ ഇടതുഭാഗം പൂർണമായും കേടായി. ക്യാബിൻ തകരാറിലായതായും വീഡിയോയിൽ കാണാം. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് അംഗീകൃത വർക്ക്ഷോപ്പുകളിൽ നിന്ന് വാഹനങ്ങൾക്ക് സ്പെയറുകളും അനുബന്ധ ഉപകരണങ്ങളും ഘടിപ്പിക്കണമെന്ന് ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ, അംഗീകൃത ടാറ്റ മോട്ടോഴ്‌സ് വർക്ക്‌ഷോപ്പുകളിൽ അവരുടെ വാഹനങ്ങൾ ഓൺ-സ്പെക്ക് ഘടകങ്ങൾ, ആക്‌സസറികൾ, സ്പെയർ പാർട്‌സ് എന്നിവ ഘടിപ്പിക്കാൻ ഞങ്ങൾ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നുവെന്നും ഉപയോക്താക്കളുടെയും ഉൽപ്പന്നങ്ങളുടെയും സുരക്ഷയ്ക്കായി ടാറ്റ മോട്ടോഴ്‌സ് പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വ്യക്തമാക്കി. 

ടാറ്റാ മോട്ടോഴ്‌സിന് നിലവിൽ ഇലക്ട്രിക് വാഹന വിഭാഗത്തിൽ വിപണി വിഹിതത്തിന്റെ 85 ശതമാനത്തില്‍ അധികം ഉണ്ട്. അടുത്ത കാലത്ത് ടിഗോർ, ടിയാഗോ ഇവി എന്നിവയ്‌ക്കൊപ്പം സാന്നിധ്യം വിപുലീകരിക്കാൻ കമ്പനിക്ക് കഴിഞ്ഞു. കൂടാതെ, ആൾട്രോസിന്റെയും ഹാരിയറിന്റെയും രൂപത്തിൽ കൂടുതൽ ഇവികൾ പ്ലാൻ ചെയ്‍തിട്ടുണ്ട്, അവ ഉടൻ തന്നെ ലൈനപ്പിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

2021-ലും 2022-ലും ഉണ്ടായ തീപിടിത്ത സംഭവങ്ങൾ ഇവികളുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതുകൊണ്ടാണ് ഓരോ സംഭവവും വാഹന നിർമ്മാതാക്കളും സർക്കാരും ഒരുപോലെ സൂക്ഷ്‍മപരിശോധന നടത്തുന്നുണ്ട്.  ഇവികളെക്കുറിച്ചുള്ള കൂടുതൽ അവബോധം ഉടമകളെ അവരുടെ വാഹനങ്ങൾ നന്നായി പരിപാലിക്കാൻ സഹായിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios