ഈ ടാറ്റ കാറുകളുടെ വില കുത്തനെ കുറയും! ചൈനീസ് കമ്പനിക്ക് ചെക്ക് വയ്ക്കാൻ രത്തൻ ടാറ്റയുടെ സർജിക്കൽ സ്‍ട്രൈക്ക്!
ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോഴ്സിന്‍റെ ബാറ്ററി റെന്‍റൽ പ്രോഗ്രാമിനെ നേരിടാൻ ടാറ്റാ മോട്ടോഴ്സിന്‍റെ നീക്കം. ഈ ടാറ്റ കാറുകളുടെ വില കുത്തനെ കുറഞ്ഞേക്കും
രാജ്യത്തെ ഇലക്ട്രിക്ക് വാഹനവിപണി വൻ കുതിപ്പിലാണ്. രണ്ടുവർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഇലക്ട്രിക് കാറുകൾ ഇന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനായി കാത്തിരിക്കുന്നുണ്ട്. കൂടാതെ, ഇന്ന് കൂടുതൽ വാങ്ങൽ ഓപ്ഷനുകളും ഉണ്ട്. ഇത് ഇവി വിൽപ്പനയെ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു. അടുത്തിടെ ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ അവതരിപ്പിച്ച പുതിയ ബാറ്ററി പ്രോഗ്രാമുകളും ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നു. എംജി മോട്ടോർ അതിൻ്റെ മൂന്ന് ഇലക്ട്രിക് കാറുകളായ കോമറ്റ് ഇവി, വിൻഡ്സർ ഇവി, ഇസെഡ്എസ് ഇവി എന്നിവ ഒരു പ്രത്യേക ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിന് കീഴിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 'ബാറ്ററി ആസ് എ സർവീസ്' അതായത് BaaS എന്നു പേരുള്ള ഒരു പ്ലാനിന് കീഴിലാണ് കോമറ്റ് ഇവി, വിൻഡ്സർ ഇവി, ഇസഡ്എസ് ഇവി എന്നിവ കമ്പനി പുറത്തിറക്കിയത്. അതായത് ഉപഭോക്താവ് കാറിൻ്റെ വില മാത്രം ഒറ്റത്തവണയായി നൽകിയാൽ മതി.
ഇപ്പോഴിതാ ഇലക്ട്രിക് കാർ സെഗ്‌മെൻ്റിലെ വിപണി വിഹിതം നിലനിർത്തുന്നതിനും കുറഞ്ഞ എക്‌സ് ഷോറൂം വിലകൾ വാഗ്ദാനം ചെയ്യുന്നതിനുമായി, ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഇലക്ട്രിക് ലൈനപ്പിനൊപ്പം ഈ BaaS മോഡലിനെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. ടാറ്റയുടെ ഈ ബാറ്ററി റെന്‍റൽ പ്രോഗ്രാം നെക്സോൺ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി, ടിഗോർ ഇവി, അടുത്തിടെ ലോഞ്ച് ചെയ്ത കർവ്വ് ഇവി എന്നിവയ്‌ക്കൊപ്പം ലഭ്യമായേക്കാം എന്നാണ് റിപ്പോര്‍ട്ടുകൾ.
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 65 ശതമാനം വിപണി വിഹിതവുമായി ഈ വിഭാഗത്തിൽ മുന്നിലാണ്. എന്നാൽ 2024 ഓഗസ്റ്റിൽ വിൽപ്പനയിൽ ഗണ്യമായ 14.57 ശതമാനം ഇടിവുണ്ടായി. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ എക്‌സ് ഷോറൂം വില ഗണ്യമായി കുറക്കാൻ കമ്പനി ഇപ്പോൾ സ്വന്തമായി BaaS പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിന്‍റെ ലോഞ്ച് ടൈംലൈൻ ഇപ്പോഴും വ്യക്തമല്ല.
ജെഎസ്‍ഡബ്ല്യു-എംജി മോട്ടോർ ഇന്ത്യയാണ് ഇന്ത്യയിൽ ആദ്യമായി ബാറ്ററി സേവന പ്രോഗ്രാം അവതരിപ്പിച്ചത്. വിൻഡ്‌സർ ഇവിയിൽ തുടങ്ങിയ ഈ പദ്ധതി പിന്നീട് കോമറ്റ് ഇവിയും ഇസഡ്എസ് ഇവിയും ഉൾപ്പെടെ വിപുലീകരിച്ചു. 'ബാറ്ററി ആസ് എ സർവീസ്' അതായത് BaaS എന്നു പേരുള്ള ഒരു പ്ലാനിന് കീഴിലാണ് കോമറ്റ് ഇവി, വിൻഡ്സർ ഇവി, ഇസഡ്എസ് ഇവി എന്നിവ കമ്പനി പുറത്തിറക്കിയത്. അതായത് ഉപഭോക്താവ് കാറിൻ്റെ വില മാത്രം ഒറ്റത്തവണയായി നൽകിയാൽ മതി. അങ്ങനെ എംജി കോമറ്റ് ഇവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 4.99 ലക്ഷം രൂപയായി നിലനിർത്തി. ഇതിൽ കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടകയായി നൽകണം. അതേ സമയം, എംജി ഇസെഡ് എസ് ഇവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 13.99 ലക്ഷം രൂപയും അതോടൊപ്പം കിലോമീറ്ററിന് 4.5 രൂപ ബാറ്ററി വാടകയും നിശ്ചയിച്ചിട്ടുണ്ട്. എംജി വിൻഡ്‌സർ 9.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ പുറത്തിറക്കിയപ്പോൾ ബാറ്ററിയുടെ സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് കിലോമീറ്ററിന് 3.5 രൂപയാണ്.
നിലവിൽ, ടാറ്റയുടെ ഇലക്ട്രിക് പോർട്ട്‌ഫോളിയോ ആരംഭിക്കുന്നത് 7.99 ലക്ഷം രൂപ വിലയുള്ള ടിയാഗോ ഇവിയിലാണ്. പഞ്ച് ഇവിക്ക് 9.99 ലക്ഷം, ടിഗോർ ഇവി 12.49 ലക്ഷം, നെക്‌സോൺ ഇവി, കർവ്വ് ഇവി എന്നിവയ്‌ക്ക് യഥാക്രമം 12.49 ലക്ഷം, 17.49 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. ടാറ്റയുടെ ബാറ്ററി സേവന പദ്ധതി ഈ വിലകൾ ഏകദേശം 25 ശതമാനം മുതൽ 30 ശതമാനം വരെ കുറയ്ക്കുമെന്നും ഒരു കിലോമീറ്ററിന് 2.5 മുതൽ 3.5 രൂപ വരെ ബാറ്ററി വാടക നൽകുന്ന പദ്ധതിയായിരിക്കും നടപ്പിലാക്കുക എന്നുമാണ് റിപ്പോര്‍ട്ടുകൾ.