Asianet News MalayalamAsianet News Malayalam

ശ്ശെടാ, ഇതെന്ത് മറിമായം! ജർമ്മനിയിൽ ചൈനീസ് കാർ ഭ്രാന്ത് കൂടുന്നു, എന്തുചെയ്യുമെന്നറിയാതെ പ്രമുഖ ബ്രാൻഡുകൾ

ജർമ്മൻ ജനതയ്ക്കിടയിൽ ചൈനീസ് കാറുകൾക്ക് പ്രിയമേറുന്നുവെന്ന അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സർവ്വേ ഫലം. വിലകുറഞ്ഞ കാറുകളോ വിലകൂടിയ കാറുകളോ ആകട്ടെ, ജർമ്മൻ ഉപഭോക്താക്കൾ ചൈനീസ് നിർമ്മിത വാഹനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതായി ഈ സർവേ ഫലങ്ങൾ

Survey reveals buying a Chinese car is a first option for German people
Author
First Published Oct 11, 2024, 11:01 AM IST | Last Updated Oct 11, 2024, 11:01 AM IST

ടുത്തിടെ ജർമ്മനിയിലെ വാഹന മേഖലയിൽ നടത്തിയ സർവേയിൽ പുറത്തുവന്നത് ചില അമ്പരപ്പിക്കുന്ന വിവരങ്ങൾ. ജർമ്മൻ പൗരന്മാർക്കിടയിൽ ചൈനീസ് കാറുകളോടുള്ള താൽപ്പര്യം വർധിക്കുകയാണെന്നാണ് സർവ്വേ. രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്‌പോർട്ട് അസോസിയേഷനായ ഓൾജെമിനർ ഡ്യൂറ്റ്സർ ഓട്ടോമൊബൈൽ ക്ലബ്ബ് (Allgemeiner Deutscher Automobil-Club (ADAC) ആണ് ഈ സർവേ നടത്തിയത്. ബിഎംഡബ്ല്യു ഉൾപ്പെടെയുള്ള ലോകത്തിലെ ചില മുൻനിര ഐക്കണിക്ക് ആഡംബര കാർ നിർമ്മാതാക്കളുടെ സ്വന്തം മണ്ണാണ് ജർമ്മനി എന്നതാണ് ഈ സർവ്വേ ചർച്ചചെയ്യപ്പെടുന്നതിന് പിന്നിലെ ശ്രദ്ധേയമായ ഒരു കാരണം.

60 ശതമാനം ജർമ്മൻ പൌരന്മാരും ചൈനീസ് ഓട്ടോമൊബൈൽ കമ്പനികളിൽ നിന്ന് കാറുകൾ വാങ്ങാൻ ഇഷ്‍ടപ്പെടുന്നതായി ഈ സർവേ വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ, ജർമ്മൻ ഉപഭോക്താക്കളുടെ ചായ്‍വ് വ്യക്തമായും ചൈനയിൽ നിർമ്മിച്ച കാറുകളിലേക്കാണ്. സമ്പൂർണ ഇലക്ട്രിക് കാർ വാങ്ങാൻ ഒരുങ്ങുന്നവരിൽ 80 ശതമാനം ജർമ്മൻ ഉപഭോക്താക്കളും ചൈനയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് കാറുകളോട് താൽപ്പര്യം കാണിക്കുന്നതായും സർവേ പറയുന്നു.

പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, ചൈനീസ് കാറുകളുടെ ജനപ്രീതി അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സർവ്വേയിലെ മറ്റൊരു സുപ്രധാന കണ്ടെത്തൽ. 30 നും 39 നും ഇടയിൽ പ്രായമുള്ള ജർമ്മൻകാരിൽ 74 ശതമാനവും ചൈനീസ് ബ്രാൻഡ് കാറുകൾ വാങ്ങാൻ തയ്യാറാണെന്നും അതേസമയം 18 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ ഇത് 72 ശതമാനമാണെന്നും സർവ്വേ പറയുന്നു.

ചൈനീസ് ഹൈ-എൻഡ് കാറുകളോട് വർദ്ധിച്ചുവരുന്ന ക്രേസും സർവ്വേ വെളിപ്പെടുത്തുന്നു. ഉയർന്ന മോഡലുകളുടെ കാര്യത്തിൽ പോലും, ജർമ്മൻ ഉപഭോക്താക്കൾക്കിടയിൽ ചൈനീസ് കാറുകൾ ജനപ്രിയമാണ്. ജർമ്മൻ ഉപഭോക്താക്കളിൽ 60 ശതമാനവും ചൈനീസ് ബ്രാൻഡുകളിൽ നിന്ന് ഉയർന്ന മോഡലുകൾ വാങ്ങുന്നതിനോട് നല്ല മനോഭാവമുള്ളവരാണെന്ന് സർവേ വെളിപ്പെടുത്തുന്നു. ബജറ്റ് കാർ വിഭാഗമായാലും പ്രീമിയമായാലും ജർമ്മൻ വിപണിയിൽ ചൈനീസ് നിർമ്മിത കാറുകളുടെ ആവശ്യം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ സർവ്വേ വ്യക്തമാക്കുന്നു.

അതായത് വിലകുറഞ്ഞ കാറുകളോ വിലകൂടിയ കാറുകളോ ആകട്ടെ, ജർമ്മൻ ഉപഭോക്താക്കൾ ചൈനീസ് നിർമ്മിത വാഹനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതായി ഈ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios