Car Fire : ഉടമകള്‍ ജാഗ്രത, ഈ വണ്ടികള്‍ക്ക് വേഗം തീ പിടിക്കുമെന്ന് പഠനം!
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ബ്യൂറോ ഓഫ് ട്രാൻസ്‌പോർട്ടേഷൻ സ്റ്റാറ്റിസ്റ്റിക്‌സ്, വാഹനങ്ങൾ തിരിച്ചുവിളിക്കൽ തുടങ്ങിയവരില്‍ നിന്നാണ് പഠനത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൈബ്രിഡ് വാഹനങ്ങൾക്ക് (Hybrid Vehicles) തീപിടിത്തം മൂലം അപകടം സംഭവിക്കാനുള്ള സാധ്യത ഏറ്റവും അധികം കൂടുതല്‍ ആണെന്നും അതേസമയം ഇലക്ട്രിക് വാഹനങ്ങൾക്ക് (Electric Vehicvles) തീപിടിക്കാനുള്ള ഏറ്റവും കുറഞ്ഞ അപകടസാധ്യതയാണ് ഉള്ളതെന്നും പഠനം. ഓട്ടോ ഇന്‍ഷുറന്‍സ് ഇസെഡ് (AutoinsuranceEZ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം അവകാശപ്പെടുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകമെമ്പാടും വൈദ്യുത വാഹനങ്ങൾ അതിവേഗം വർധിക്കുകയും ഇവികൾ ഉൾപ്പെടുന്ന തീപിടിത്ത സംഭവങ്ങൾ പ്രധാന തലക്കെട്ടുകൾ സൃഷ്‍ടിക്കുകയും ചെയ്യുന്ന സമയത്താണ് ഈ കണ്ടെത്തലുകൾ എന്നതാണ് ശ്രദ്ധേയം. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ബ്യൂറോ ഓഫ് ട്രാൻസ്‌പോർട്ടേഷൻ സ്റ്റാറ്റിസ്റ്റിക്‌സ്, വാഹനങ്ങൾ തിരിച്ചുവിളിക്കൽ തുടങ്ങിയവരില്‍ നിന്നാണ് പഠനത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2021ൽ യുഎസിൽ വെറും 52 ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചതായി പഠനം അവകാശപ്പെടുന്നു. ഇതിനു വിപരീതമായി, ഹൈബ്രിഡ് വാഹനങ്ങൾക്ക് 16,051 തീപിടുത്തങ്ങളും ആന്തരിക ജ്വലന എഞ്ചിൻ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 199,533 തീപിടുത്തങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് പഠനം പറയുന്നത്. ഹൈബ്രിഡ്, ഇവി എന്നിവയേക്കാൾ കൂടുതൽ ആന്തരിക ജ്വലന എഞ്ചിൻ (ICE) വാഹനങ്ങൾ റോഡിൽ ഉള്ളതിനാൽ തീ പിടിക്കുന്ന ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്.
വിറ്റഴിക്കപ്പെടുന്ന ഒരു ലക്ഷം യൂണിറ്റിലെ വാഹനത്തിന് തീപിടിച്ച സംഭവത്തെ പഠനം താരതമ്യം ചെയ്യുന്നു. കൗതുകകരമെന്നു പറയട്ടെ, ഓരോ 100,000 വാഹനങ്ങളുടെയും നിരക്ക് ആന്തരിക ജ്വലന എഞ്ചിൻ (ICE) വാഹനങ്ങൾക്ക് 1,529.9 ആണ്, ഇത് ഹൈബ്രിഡ് വാഹനങ്ങളുടെ 3,474.5 നേക്കാൾ കുറവാണ്. ഇലക്‌ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ, ഒരു ലക്ഷം വാഹനങ്ങൾക്ക് 25.1 മാത്രമാണ് നിരക്ക്.
ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ പല കാരണങ്ങളാൽ തീപിടിക്കുന്നു. അവയിൽ ഏറ്റവും വലുത് കൂട്ടിയിടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധന ലൈനിലോ ഇന്ധന ടാങ്കിലോ വിള്ളൽ വീഴുകയും തീയിൽ കലാശിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. അതേസമയം ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ അവയുടെ ബാറ്ററികൾ കാരണം തീ പിടിക്കുന്നു. ബാറ്ററി തീപിടുത്തങ്ങൾ ഐസിഇ-വാഹന തീപിടുത്തങ്ങളേക്കാൾ അപകടകരവും കെടുത്താൻ ബുദ്ധിമുട്ടുള്ളതുമാണ്. എന്നാൽ ഈ തീപിടുത്തങ്ങളുടെ റൂട്ട് പലപ്പോഴും വ്യത്യസ്‍തമായിരിക്കും.
ഹൈബ്രിഡ്, ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് ഇവികൾക്ക് തീ പിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന കണ്ടെത്തലിനെ പിന്തുണയ്ക്കുന്നതാണ് വാഹന നിർമ്മാതാക്കളുടെ തിരിച്ചുവിളി പ്രഖ്യാപനങ്ങള്‍. തിരിച്ചുവിളിക്കലുകളിൽ ഭൂരിഭാഗവും ജ്വലന വാഹനങ്ങളെ ബാധിക്കുന്നു. ഒരു ഇലക്ട്രിക് വാഹനത്തിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത നിലവിലുണ്ടെങ്കിലും അപകടസാധ്യത വളരെ കുറവാണെന്നാണ് പഠന പറയുന്നത്.
അതേസമയം ജർമ്മൻ ആഡംബര കാർ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് തങ്ങളുടെ തിരഞ്ഞെടുത്ത വാഹനങ്ങളിലെ സാങ്കേതിക തകരാർ മൂലം തീപിടുത്തമുണ്ടാകാൻ സാധ്യതയുള്ളതായി ഉടമകളെ അറിയിച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആവശ്യമായ ഭാഗങ്ങൾ ലഭ്യമല്ലാത്തതിനാൽ ഈ പ്രശ്‍നം പരിഹരിക്കാനുള്ള ഒരു തിരിച്ചുവിളിക്കൽ ഇപ്പോൾ സാധ്യമല്ലെന്ന് കമ്പനി പറഞ്ഞിരുന്നു. തകരാര്‍ സംശയിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.
തകരാറിനെ തുടര്‍ന്ന് വാഹനങ്ങളില്‍ തീ പടരുന്നതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയില്‍, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, കിയ വാഹനങ്ങളുടെ എഞ്ചിൻ തീപിടിച്ച സംഭവങ്ങളില്‍ കഴിഞ്ഞദിവസം യുഎസ് ഏജൻസി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഹ്യുണ്ടായിയുടെയും കിയയുടെയും എഞ്ചിൻ തീപിടുത്ത പ്രശ്‌നങ്ങളിൽ തിരിച്ചുവിളിക്കലിനും ഒന്നിലധികം സൂക്ഷ്‍മപരിശോധനകൾക്കും ശേഷം, നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്‌ടിഎസ്‌എ) രണ്ട് കമ്പനികൾക്കായി ഒരു എഞ്ചിനീയറിംഗ് വിശകലനം തുടങ്ങിയതായിട്ടായിരുന്നു റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്‍തത്. ചില മോഡലുകളിലെ എഞ്ചിൻ തീ പ്രശ്‌നവുമായി ബന്ധപ്പെട്ട വാഹന നിർമ്മാതാക്കളുടെ തിരിച്ചുവിളിക്കൽ ശ്രമങ്ങൾ ഈ അന്വേഷണത്തില്‍ പരിശോധിക്കും എന്നാണ് റിപ്പോർട്ട്.
ആറ് വർഷത്തില്‍ ഏറെയായി ഹ്യുണ്ടായിയെും കിയയെും അലട്ടുകയാണ് എൻജിൻ തീപിടുത്തത്തിന്റെ പ്രശ്‍നം. കമ്പനികൾ നടത്തിയ തിരിച്ചുവിളികളുടെ ഫലപ്രാപ്‍തി വിലയിരുത്തുന്ന ഏകദേശം മൂന്ന് ദശലക്ഷം വാഹനങ്ങളെ ഈ വിശകലനം ഉൾക്കൊള്ളുമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്‌ടിഎസ്‌എ) അറിയിച്ചു. എഞ്ചിൻ തകരാർ മൂലം ഉണ്ടായേക്കാവുന്ന 161 തീപിടുത്തങ്ങളുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഏജൻസി അറിയിച്ചു. 2010-2015 കിയ സോളിനൊപ്പം 2011 മുതല്‍ 2014 വരെ പുറത്തിറങ്ങിയ കിയ ഒപ്റ്റിമയും സോറന്‍റോയും ഉൾപ്പെടുത്തി 2019-ൽ ആണ് എൻഎച്ച്‌ടിഎസ്‌എ ഒരു അന്വേഷണം ആരംഭിച്ചത്. ഇത് 2011 മുതല്‍ 2014 വരെ വിപണിയില്‍ എത്തിയ ഹ്യുണ്ടായി സൊണാറ്റ, സാന്താ ഫെ എന്നിവയും കണക്കിലെടുക്കുന്നു. ക്രാഷ് അല്ലാത്ത തീപിടുത്തങ്ങളുടെ സംഭവങ്ങളും അന്വേഷണത്തില്‍ പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.