ഈ വണ്ടികൾ പൊളിക്കുന്നതിനുള്ള വേഗത കൂടും; 55 കോടിയുടെ അധിക വരുമാനം മാത്രമല്ല സർക്കാരിന്‍റെ ലക്ഷ്യം!
15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ നികുതിയിൽ 50% വർദ്ധനവ് പ്രഖ്യാപിച്ചതോടെ വാഹന ഉടമകൾ ആശങ്കയിൽ. നികുതി വർദ്ധനവ് പഴയ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള സർക്കാരിന്റെ ശ്രമമാണ്.
![Speeding up the scrapping of these vehicles; The Kerala government's goal is not only an additional income of 55 crores! Speeding up the scrapping of these vehicles; The Kerala government's goal is not only an additional income of 55 crores!](https://static-gi.asianetnews.com/images/01jkn740drnxwgheee8vgc62x3/old-jeep_363x203xt.jpg)
സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തിയ ബജറ്റ് പ്രഖ്യാപനത്തന്‍റെ ഞെട്ടലിലാണ് പല വാഹന പ്രേമികളും വാഹന ഉടമകളുമെല്ലാം. പഴയ മഹീന്ദ്ര ജീപ്പുകൾ ഉൾപ്പെടെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ചില വാഹന മോഡലുകളുടെ ഉടമകളും ഫാൻസുമാണ് സർക്കാർ നികുതി കുത്തനെ കൂട്ടിയ നീക്കത്തിൽ നടുങ്ങിയിരിക്കുന്നത്. നികുതി കൂട്ടിയത് മാത്രമല്ല ഈ നടപടി ഇത്തരം വാഹനങ്ങൾ സ്‍ക്രാപ്പ് ചെയ്യുന്നതിനുള്ള നടപടികളുടെ മുന്നൊരുക്കമാണെന്ന റിപ്പോട്ടുകളും പലരെയും ആശങ്കയിൽ ആക്കുന്നുണ്ട്.
പഴയ മഹീന്ദ്ര ജീപ്പുകൾ ഉൾപ്പെടെയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ചില വാഹന മോഡലുകൾക്ക് വൻ ഡിമാൻഡാണ് ഇന്ന് വാഹന വിപണിയിൽ. നിർമ്മിച്ച വർഷം അനുസരിച്ച് രണ്ടുമുതൽ 10 ലക്ഷം രൂപ വരെയൊക്കെ വിലയിലാണ് ഇപ്പോൾ നിർമ്മാണത്തിൽ ഇല്ലാത്ത ഇത്തരം വാഹനങ്ങൾ വിൽക്കുന്നത്. പലരും മോഹവില കൊടുത്താണ് ഇത്തരം വാഹനങ്ങൾ സ്വന്തമാക്കുന്നത്. പകുതിയിൽ അധികം നികുതി വർദ്ധിപ്പിച്ചതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ കീശ കീറും എന്നുറപ്പ്. പഴക്കംചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വർദ്ധിപ്പിക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങൾ വാങ്ങാൻ ഇനി പലരും മടിക്കും. അത് ഇത്തരം വാഹനങ്ങളുടെ യൂസ്‍ഡ് മാർക്കറ്റിലെ വിലയും ഇടിക്കും.
അതേസമയം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കാറുകള്‍ ഉൾപ്പെടെയുള്ള നാലുചക്ര മോട്ടോർ വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും മോട്ടോർസൈക്കിളുകൾക്കുമൊക്കെ ഈ തീരുമാനം ബധകമാകും. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മൂലം ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിച്ചു വരുന്ന പദ്ധതികളെക്കുറിച്ചും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രതിപാദിച്ചു. ഇതിന്റെ ഭാഗമായി 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കുന്നതിന് സർക്കാർ സ്ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. ഈ സാഹചര്യത്തിലാണ് പഴക്കംചെന്ന വാഹനങ്ങൾക്ക് നികുതി വർദ്ധിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞിരുന്നു. അതായത് കൂടുതൽ നികുതി ചുമത്തി ഇത്തരം വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനാണ് സർക്കാരിന്‍റെ ലക്ഷ്യം. നികുതി ഭാരം താങ്ങാനാവാതെ പലരും പഴയ വാഹനങ്ങൾ പൊളിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
സ്വകാര്യ വാഹനങ്ങളുടെ നികുതി ഇനത്തിൽ സംസ്ഥാന സർക്കാറിന് 110 കോടി രൂപയാണ് പ്രതിവർഷം വരുമാനമായി ലഭിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ നികുതിയിൽ 50 ശതമാനം വർദ്ധനവ് കൂടി കൊണ്ടുവരുന്നതോടെ 55 കോടി രൂപയുടെ കൂടി അധിക വരുമാനം സർക്കാറിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നികുതി കൂട്ടുന്നതോടെ ഇത്തരം വാഹനങ്ങളുടെ ഉപയോഗത്തിൽ വൻ കുറവുണ്ടാകും എന്നാണ് കരുതുന്നത്. വാഹനങ്ങൾക്ക് സ്‍ക്രാപ്പേജ് നിർബന്ധമാക്കാതെ തന്നെ പലരും ഇത്തരം വാഹനങ്ങൾ പൊളിച്ച് ഒഴിവാക്കും എന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ.
നികുതി വർദ്ധനയ്ക്കൊപ്പം കടുപ്പിക്കുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇത്തരം വാഹനങ്ങളെ ബാധിക്കും. രാജ്യത്തെ മാറി വരുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളാണ് ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു. ഗവൺമെൻ്റിൻ്റെ വാഹന സ്‌ക്രാപ്പിംഗ് നയവും ആര്‍ഡിഇ, കഫെ2, ഒബിഡി2 തുടങ്ങിയ മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇതിൽ പല വാഹനങ്ങൾക്കും ഭാവിയിൽ അന്തകനായേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. സ്‌ക്രാപ്പിംഗ് നയം അനുസരിച്ച് , പെട്രോൾ അല്ലെങ്കിൽ ഡീസൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം വീണ്ടും രജിസ്‌ട്രേഷൻ ആവശ്യമാണ്. ഇങ്ങനെ കിട്ടുന്ന അംഗീകാരത്തിന് അഞ്ച് വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ. 20 വർഷത്തിനു ശേഷവും വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഓരോ അഞ്ച് വർഷത്തിലും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.
സാധുതയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ഏതൊരു വാഹനത്തിനും റോഡുകളിൽ ഓടാം. പക്ഷേ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകള്‍ കാലഹരണപ്പെടുന്ന മുറയ്ക്ക് പഴയ വാഹനങ്ങള്‍ കർശനമായ പുനഃപരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ഇനിമുതല്‍ പൂര്‍ണമായും യന്ത്രവല്‍കൃതമായ സംവിധാനങ്ങളാണ് വാഹനങ്ങളെ പരിശോധിക്കുന്നത്. ഇതില്‍ പുറത്തുനിന്നുള്ള യാതൊരുവിധ ഇടപെടലുകളും നടത്താൻ സാധിക്കില്ല. അടുത്തകാലത്തായി വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് പോകുന്നവര്‍ക്ക് ഇതിനെക്കുറിച്ച് വളരെ വേഗം മനസിലാകും. കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസിനെ ഉള്‍പ്പെടെ കബളിപ്പിക്കാൻ സാധ്യമല്ല എന്നതുകൊണ്ടു തന്നെ പരിശോധനകള്‍ കടുക്കും. ഇത്തരം പരിശോധനകൾക്കൊപ്പം കനത്ത നികുതി കൂടി വരുന്നതോടെ ഈ വാഹനങ്ങളുടെ ഭാവി തുലാസിലാണെന്നാണ് റിപ്പോർട്ടുകൾ.
വൻ വില മുടക്കി ഈ പഴയ വാഹനങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ പാടുപെടുമെന്ന് എംവിഡി!
മാത്രമല്ല 25 വർഷത്തോളം പഴക്കമുള്ള വാഹനങ്ങളെ റീ ടെസ്റ്റിൽ നിന്നും പൂർണമായും തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ചുള്ള ആലോചനകളും അണിയിറയിൽ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇപ്പോൾത്തന്നെ രാജ്യത്തെ മലിനീകരണ നിയമങ്ങള്‍ക്ക് അനുസൃത്യമായി പഴയ വാഹനങ്ങളുടെ എഞ്ചിന്‍ പണി എടുക്കണമെങ്കില്‍ കാശ് ഏറെ ചെലവാക്കേണ്ടി വരുമെന്ന് ഉറപ്പാണ്. പരിശോധനയില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടാല്‍ മോഹവില കൊടുത്തു വാങ്ങിയ വാഹനം പുതിയ വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി പ്രകാരം പൊളിക്കേണ്ടി വരും. അതിന് മനസ് അനുവദിക്കുന്നില്ലെങ്കില്‍ നിരത്തില്‍ ഇറക്കാനാകാതെ പോര്‍ച്ചില്‍ത്തന്നെ സൂക്ഷിക്കേണ്ടതായും വരും. എന്തായാലും പഴയ വാഹനങ്ങൾക്ക് പുതിയ നിയമങ്ങള്‍ തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല.