ഈ കുറ്റങ്ങളൊന്നും ക്യാമറ കാണില്ല, കണ്ടതിന് നോട്ടീസയക്കാൻ ആളുമില്ല;എല്ലാം ചിലരുടെ അടവെന്ന് എംവിഡി ജീവനക്കാര്‍!

എഐ ക്യാമറ പദ്ധതിയിലെ അനിശ്ചിതത്വത്തില്‍ മോട്ടോര്‍വാഹന വകുപ്പില്‍ അമര്‍ഷം പുകയുന്നു. ഈ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനത്തിന് നോട്ടീസ് അയക്കാൻ പലയിടത്തും കണ്‍ട്രോള്‍ റൂമുകളില്‍ സ്റ്റാഫ് ഇല്ല എന്നും ഇതിന്‍റെ മറവില്‍ റോഡുകളിലെ എൻഫോഴ്‍സ്‍മെന്‍റ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ഒരു വിഭാഗം മോട്ടോര്‍വാഹന വകുപ്പ് ജീവനക്കാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. 

Some MVD staff criticize the AI camera project prn

തിരുവനന്തപുരം : ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ പിടികൂടാൻ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്‍ത എഐ ക്യാമറ പദ്ധതിയിലെ അനിശ്ചിതത്വത്തില്‍ മോട്ടോര്‍വാഹന വകുപ്പില്‍ അമര്‍ഷം പുകയുന്നു. ഈ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനത്തിന് നോട്ടീസ് അയക്കാൻ പലയിടത്തും കണ്‍ട്രോള്‍ റൂമുകളില്‍ സ്റ്റാഫ് ഇല്ല എന്നും ഇതിന്‍റെ മറവില്‍ റോഡുകളിലെ എൻഫോഴ്‍സ്‍മെന്‍റ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ഒരു വിഭാഗം മോട്ടോര്‍വാഹന വകുപ്പ് ജീവനക്കാര്‍ പറയുന്നത്. കണ്ട്രോൾ റൂമിൽ ആവശ്യത്തിന് സ്റ്റാഫിനെ ഔട്ട് സോഴ്‍സ് ചെയ്യുമെന്നായിരുന്നു ഉത്തരവെന്നും ഇത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും ഈ ജീവനക്കാര്‍ പറയുന്നു. 

കണ്ട്രോൾ റൂം തയ്യാറാക്കി ഒരു ജില്ലയിൽ ഒരു എംവിഐയെ കണ്ട്രോൾ റൂം ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും നോട്ടീസ് അയക്കാൻ സ്റ്റാഫ് ഇല്ല എന്നാണ് ആരോപണം. അതുകൊണ്ടു തന്നെ എൻഫോഴസ്‍മെന്‍റ് ഓഫീസിലെ എല്ലാ എംവിഐമാരും ഏഎംവിഐമാരും കൂടി കണ്ട്രോൾ റൂമിൽ ഇരുന്ന് നോട്ടീസ് അയക്കേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ക്യാമറ കണ്ടെത്താത്ത നിയമലംഘനങ്ങള്‍ പരിശോധിക്കാനോ , ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിലെ എൻഫോഴ്‍സ്‍മെന്‍റിനോ ആളുണ്ടാകില്ലെന്നും ആരോപണം ഉയരുന്നുണ്ട്. 

നികുതി അടക്കാതെയും ടെസ്റ്റ് ചെയ്യാതെയും ഇൻഷുറൻസും പൊലൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്നതും ഓവർ ലോഡും അനധികൃത പാർക്കിംഗുമൊന്നും ക്യാമറ കണ്ടെത്തില്ല. അതുകൊണ്ടു തന്നെ കണ്ട്രോൾ റൂമിൽ ആവശ്യത്തിന് സ്റ്റാഫിനെ ഔട്ട് സോഴ്‍സ് ചെയ്യുമെന്ന ഉത്തരവ് അട്ടിമറിച്ച് വലിയ ശമ്പളം വാങ്ങുന്ന എംവിഐമാരും എഎംവിഐമാരും ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ ഫൈൻ നോട്ടീസ് അയക്കാൻ മാത്രം ഇരുന്നാല്‍ സംസ്ഥാനത്തെ എൻഫോഴ്‍സ്‍മെന്‍റ് ആകെ തകിടം മറിയുമെന്നും ജീവനക്കാര്‍ പറയുന്നു. 

എ ഐ ക്യാമറ പദ്ധതിയെക്കുറിച്ച് യാതൊരു അടിസ്ഥാന ബോധവുമില്ലാതെ ട്രാഫിക് കമ്മീഷണർ അടക്കമുള്ളവർ ജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പറയുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. കേരളത്തില്‍ സ്ഥാപിച്ച 726 ഏഴ് ക്യാമറകളിൽ കൊല്ലം ബൈപ്പാസിലെ ഒരു യൂണിറ്റും തിരുവനന്തപുരം ബൈപ്പാസിലെ ഒരു യൂണിറ്റും ഒഴികെ ബാക്കി ഒരു ക്യാമറയും ഓവർ സ്‍പീഡ് പിടിക്കാനുള്ള ക്യാമറകൾ അല്ലെന്നാണ് ഒരു വിഭാഗം എംവിഡി ജീവനക്കാര്‍ പറയുന്നത്. 

എഐ ക്യാമറകളിൽ കാറിന്റെ  പിൻ സീറ്റില്‍ ഇരിക്കുന്നവരുടെ ചിത്രം ലഭ്യമാകും എന്നുള്ളത് നുണയാണെന്നും  ബാക്ക് സീറ്റിലുള്ളവർ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ പിടികൂടാനുള്ള സാങ്കേതികവിദ്യ ഈ ക്യാമറയില്‍ ഇല്ലെന്നും ജീവനക്കാര്‍ പറയുന്നു. ലൈൻ ട്രാഫിക് തെറ്റിക്കുന്നവരെ ഈ ക്യാമറകൾ ഉപയോഗിച്ച് പിടികൂടാൻ സാധിക്കും. എന്നാല്‍ കേരളത്തിൽ ഇൻസ്റ്റാൾ ചെയ്‍ത എഐ ക്യാമറകളിൽ ലൈൻ ട്രാഫിക് പിടിക്കാനുള്ള സങ്കേതികവിദ്യകൾ സർക്കാർ നൽകിയ പർച്ചേസ് ഓർഡറിൽ ഇല്ലെന്നും അതിനാൽ ലൈൻ ട്രാഫിക് ഇൻഫോസ്മെന്റ് എന്നുള്ളത് ഈ ക്യാമറ ഉപയോഗിച്ച് സാധിക്കില്ല എന്നതാണ് യാതാര്‍ത്ഥ്യമെന്നും ജീവനക്കാര്‍ പറയുന്നു.

ഓവർ സ്പീഡ് പിടിക്കുന്നത് കേരളത്തിൽ സ്പോട്ട് എൻഫോഴ്സ്മെന്റ് എന്ന രീതിയിലാണ്. അതായത് മുൻപ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിൽ വാഹനം കടന്നുപോകുന്ന നിശ്ചിത സ്ഥലത്തും സമയത്തും വാഹനം അമിതവേഗതയിൽ ആണെങ്കിൽ  എൻഫോഴ്‍സ് ചെയ്യും. മോട്ടോർ വാഹനവകുപ്പും കേരള പോലീസും ഇത്തരം ക്യാമറകൾ വർഷങ്ങൾക്കു മുമ്പ് തന്നെ കേരളത്തിൽ ആകമാനം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും അതിൽ ഗ്യാരണ്ടി കഴിഞ്ഞതും  പണമില്ലാത്തതിനാൽ സർക്കാർ  അറ്റകുറ്റപ്പണി നടത്താത്തതും ഒഴികെ ബാക്കി ക്യാമറകൾ എല്ലാം ഇപ്പോഴും ജോലി ചെയ്യുന്നതാണെന്നും  ജീവനക്കാര്‍ പറയുന്നു.

ക്യാമറ ഒന്നിൽ നിന്നും ക്യാമറ രണ്ടിലേക്ക് ഒരു  ഒരു വാഹനം  സഞ്ചരിച്ച ദൂരം കണക്കാക്കി ശരാശരി സ്‍പീഡ് പിടിക്കാൻ ഇപ്പോൾ പിടിപ്പിച്ച ക്യാമറകൾക്ക് സാധിക്കുമെങ്കിലും അതിനുവേണ്ട സങ്കേതങ്ങൾ എംവിഡി വാങ്ങിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. അതിനാൽ കേരളത്തില്‍ എഐ ക്യാമറകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന 722 ക്യാമറകളിൽ നിന്നും ഒരു ഓവർ സ്പീഡ് വയലേഷൻ പോലും നിയമപരമായി പിടികൂടാൻ സാധിക്കില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. 

കുട്ടിയുമായി ടൂവീലറില്‍ പോകുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്, ഇനി ട്രിപ്പളടിക്ക് നിങ്ങളും കുടുങ്ങും!

Latest Videos
Follow Us:
Download App:
  • android
  • ios