ബിഎംഡബ്ല്യുവില്‍ പാട്ടുംപാടിയെത്തി ഇന്നോവയുടെ എതിരാളിയെ വീട്ടുമുറ്റത്ത് എത്തിച്ച് ഗായകന്‍!
ബിഎംഡബ്ല്യു 7 സീരിസിൽ ഡീലർഷിപ്പിലെത്തി കാർണിവൽ സ്വന്തമാക്കുന്ന ഗായകന്‍റെ വിഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാണ്.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ പ്രീമിയം എംപിവി കാർണിവൽ സ്വന്തമാക്കി ഗായകൻ ശങ്കർ മഹാദേവൻ. മുംബൈയിലെ കിയ ഷോറൂമില്‍ നിന്നാണ് ശങ്കർ മഹാദേവൻ കിയയുടെ എംപിവി സ്വന്തമാക്കിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഎംഡബ്ല്യു 7 സീരിസിൽ ഡീലർഷിപ്പിലെത്തി കാർണിവൽ സ്വന്തമാക്കുന്ന ഗായകന്‍റെ വിഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാണ്.
കിയ കാർണിവല്ലിന്റെ 7 സീറ്റ് കോൺഫിഗറേഷനിലുള്ള മോഡലാണ് ശങ്കർ മഹാദേവൻ വാങ്ങിയത്. എന്നാൽ ഏത് വകഭേദമാണെന്ന് വ്യക്തമല്ല. പുറത്തിറങ്ങിയ നാൾ മുതൽ മികച്ച പ്രതികരണമാണ് കാർണിവല്ലിന് ലഭിക്കുന്നത്. BS6 മലിനീകരണ നീയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന്റെ കരുത്ത്.
ടൊയോട്ട ഇന്നവോയ്ക്കുള്ള ശക്തനായി എതിരാളിയായി 2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന വാഹനത്തിന്‍റെ പുതിയ തലമുറയെ 2020 ഓഗസ്റ്റില്‍ കമ്പനി അവതരിപ്പിച്ചിരുന്നു.
വെളുപ്പ്, സിൽവർ, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കാർണിവൽ ലഭ്യമാവുക. കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്‌ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. BS6 മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന്‍റെ ഹൃദയം. 200 എച്ച്പി പവറും, 440 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക്കാണ് ട്രാൻസ്‍മിഷന്‍.
ത്രീ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്, സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, കിയയുടെ UVO കണക്ട് ചെയ്ത കാർ ടെക്, മധ്യ നിരയ്ക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, ഇലക്ട്രിക്ക് ടെയിൽഗേറ്റ്, പവർ സ്ലൈഡിങ് റിയർ ഡോറുകൾ എന്നിങ്ങനെ ഫീച്ചർ സമൃദ്ധമായ പ്രീമിയം എംപിവിയാണ് കിയ കാർണിവൽ. വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് എക്സ്റ്റീരിയർ നിറങ്ങളിലും ഡ്യൂവൽ ടോൺ ബ്ലാക്ക്, ബെയ്ജ് ഇന്റീരിയർ കളർ സ്‍കീമിലുമാണ് കിയ കാർണിവൽ എത്തുന്നത്.
അതേസമയം അടുത്തിടെ ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റില്‍ കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ മികവ് തെളിയിച്ചിരുന്നു. കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ പതിപ്പാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ഇടിപരീക്ഷയില്‍ വിജയിച്ചത്. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസസ്‌മെന്റിലും മികച്ച മാര്‍ക്കാണ് ഈ എംപിവി സ്വന്തമാക്കിയത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള സുരക്ഷ ഫീച്ചറുകളുടെയും മറ്റും മികവാണ് കാര്‍ണിവലിന് സുരക്ഷിത എംപിവി എന്ന അംഗീകാരത്തിന് അര്‍ഹമാക്കിയത്.
മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ മികച്ച സ്‌കോറാണ് കാര്‍ണിവലിന് ലഭിച്ചത്. സൈഡ് ഇംപാക്ട് ടെസ്റ്റിലും ഈ എംപിവിക്ക് തിളങ്ങാനായി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റും വശങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന ആഘാതങ്ങലും കാര്‍ണിവലിന് വെല്ലുവിളി ഉയര്‍ത്തിയിട്ടില്ലെന്നാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്.
വാഹനത്തിന്റെ കരുത്തിനൊപ്പം ഇതില്‍ നല്‍കിയിട്ടുള്ള ഐ.എസ്.ഒ. ഫിക്‌സ് ആങ്കറുകള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ന്‍ കീപ്പിങ്ങ്, ഹെഡ്-പ്രൊട്ടക്ടിങ്ങ് എയര്‍ബാഗുകള്‍, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ തുടങ്ങിയ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ കാര്‍ണിവലില്‍ മികച്ച സുരക്ഷ പ്രധാനം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.
കഴിഞ്ഞദിവസം പരിഷ്‍കരിച്ച കാർണിവലിനെ കിയ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ചില ഫീച്ചർ മാറ്റങ്ങളും ഒപ്പം പുതിയ ലിമോസിൻ പ്ലസ് വേരിയന്റുമാണ് 2021 കിയ കാർണിവലിന്റെ മുഖ്യ ആകർഷണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona