"ഈ വണ്ടി എടുക്കാന്‍ തോന്നിയത് നിയോഗം.." ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഗായിക, കയ്യടിച്ച് ജനം!
കഴിഞ്ഞ ദിവസം ടാറ്റാ ഹെക്സയില്‍ മകളോടൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ സംഭവിച്ച അപകടത്തെക്കുറിച്ചായിരുന്നു ഗായികയുടെ അനുഭവക്കുറിപ്പ്
കനത്ത മഴയിൽ കടപുഴകി വീണ മരത്തിന്‍റെ അടിയിൽ നിന്നും രക്ഷപ്പെട്ടും 41,413 കിലോഗ്രാം ഭാരമുള്ള വിമാനത്തെ അനായാസം കെട്ടിവലിച്ചും കുഴിയില്‍ വീണ ഇന്നോവ ക്രിസ്റ്റയെയും മഹീന്ദ്ര സ്കോര്‍പ്പിയോയെയും രക്ഷിച്ചും ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയിട്ടും യാത്രികരെ ഒരുപോറല്‍പോലുമേല്‍ക്കാതെ സംരക്ഷിച്ചുമൊക്കെ സുരക്ഷയുടെ കാര്യത്തില്‍ ടാറ്റയുടെ യശസ് വാനോളം ഉയര്‍ത്തിയ പ്രിമിയം ക്രോസോവറാണ് ഹെക്സ. ഇങ്ങനെ പുറത്തിറങ്ങിയ കാലം മുതല്‍ സുരക്ഷയില്‍ പേരു കേട്ട ടാറ്റാ ഹെക്സ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഹെക്സ കാരണം വന്‍ അപകടത്തെ അതിജീവിച്ച പ്രശസ്‍ത ഗസല്‍ ഗായിക ഇംതിയാസ് ബീഗത്തിന്‍റെ അനുഭവക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കഴിഞ്ഞ ദിവസം ടാറ്റാ ഹെക്സയില്‍ മകളോടൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ സംഭവിച്ച അപകടത്തെക്കുറിച്ചായിരുന്നു റാസ ബീഗം ദമ്പതിമാരിലെ ഇംതിയാസ് ബീഗത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. സ്വന്തം വാഹനം സര്‍വ്വീസിന് നല്‍കിയിരുന്നതിനാലാണ് സുഹൃത്തിന്‍റെ ടാറ്റ ഹെക്സയും കടംവാങ്ങി കോഴിക്കോടേക്ക് മകളോടൊപ്പം പ്രോഗ്രാമിന് പോയതെന്ന് ഇംതിയാസ് പറയുന്നു. പരിപാടി കഴിഞ്ഞ് തിരിച്ച് വരുന്ന വഴി ചേർത്തല വെച്ച് പുലർച്ചെ നാലുമണിക്കായിരുന്നു അപകടം.
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മുന്നിൽ ഉണ്ടായിരുന്ന ലോറി വേഗത കൂട്ടിയെന്നും ഇതോടെ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചെന്നും ഇംതിയാസ് ബീഗം കുറിക്കുന്നു. പക്ഷേ മഴയായതുകൊണ്ട് വണ്ടി റോഡില്‍ തെന്നി നീങ്ങിത്തുടങ്ങി. തട്ടാതെ ഒതുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്‍ടമായ വാഹനം നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ ചെന്നിടിച്ചു. ശേഷം മൂന്ന് നാല് പ്രാവിശ്യം കറങ്ങി പോയി രണ്ട് ലോറികള്‍ക്ക് അപ്പുറത്തെത്തി മറ്റൊരു ലോറിയുടെ സൈഡിൽ കാറിന്റെ പുറകുവശം ഇടിച്ചു നിന്നെന്നും ഗായിക പറയുന്നു.
ഇത്രയും വലിയ അപകടം സംഭവിച്ചിട്ടും പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മകള്‍ സീറ്റില്‍ സുരക്ഷിതയായിരുന്നുവെന്നും മുന്നിലെ ചില്ലു പൊട്ടിത്തെറിച്ച് തന്‍റെ കയ്യിലെ തൊലി പോയതല്ലാതെ, രണ്ടുപേർക്കും യാതൊരുവിധ പരിക്കും പറ്റിയിട്ടില്ലെന്നും ഇംതിയാസ് ബീഗം സാക്ഷ്യപ്പെടുത്തുന്നു. വേറൊരു വണ്ടി കിട്ടാത്തതുകൊണ്ട് മാത്രം ഈ വണ്ടിയും എടുത്ത് ഇറങ്ങിയത് ഒരു നിയോഗം ആയി തോന്നുന്നുവെന്നും അതുകൊണ്ട് മാത്രം തങ്ങൾ ജീവനോടെ ഉണ്ടെന്നും പറഞ്ഞാണ് ഇംതിയാസ് ബീഗം കുറിപ്പ് അവസാനിപ്പിക്കുന്നത്. അപകടത്തില്‍ തകര്‍ന്ന വാഹനത്തിന്‍റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. പിന്‍വശവും മുന്‍വശവും ഉള്‍പ്പെടെ പൂര്‍ണണായി തകര്‍ന്നിട്ടും വാഹനത്തിന്‍റെ ഇന്‍റീരിയറിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.
'ഓമലാളേ നിന്നെ ഓര്‍ത്ത്..'എന്ന ഒറ്റ ഗസലിലൂടെ തന്നെ ഗസൽ പ്രേമികളുടെ പ്രിയപ്പെട്ടവരായി മാറിയ ദമ്പതിമാരാണ് കണ്ണൂര്‍കാരനായ റാസ റസാഖും ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ഇംതിയാസ് ബീഗവും. ഇരുവരുടെയുമൊപ്പം മകള്‍ സൈനബ് ഉൽ യുസ്റ എന്ന ഏഴുവയസുകാരിയും ചേർന്ന് പാടിയ 'നീയെറിഞ്ഞ കല്ല് പാഞ്ഞ്..' എന്ന പാട്ടും അടുത്തകാലത്ത് തരംഗമായിരുന്നു.
2016ലെ ദില്ലി ഓട്ടോ എക്സോപയില്‍ പ്രദര്‍ശിപ്പിച്ച ഹെക്സയെ 2017 ജനുവരിയിലാണ് ടാറ്റ വിപണിയില്‍ എത്തിക്കുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സയുടെ ഹൃദയം. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിങ് നിലകള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കുണ്ട്. 150 bhp കരുത്തും 320 Nm torque ഉം വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കുമ്പോള്‍ വരിക്കോര്‍ 400 എഞ്ചിന്‍ 156 bhp കരുത്തും 400 Nm ടോര്‍ഖും സൃഷ്‍ടിക്കും.
എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, പവര്‍ ഡോര്‍ ലോക്ക്, ഹെഡ്ലാമ്പ് ബീം അഡ്‍ജസ്റ്റര്‍, സൈഡ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷാന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ ഹെക്‌സയുടെ സുരക്ഷാ പ്രത്യേകതകള്‍ നീളുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona