ഈ വണ്ടികള്‍ ലൈംഗികബന്ധത്തിനുള്ള ഒളിയിടമാകുമോ?!
ഏകദേശം 60 ശതമാനത്തോളം പേര്‍ ഇപ്പോള്‍ തന്നെ കാറുകളില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്നാണ് പഠനം
ലോകത്തിന്‍റെ പലഭാഗങ്ങളിലും പല വാഹന കമ്പനികളും ഓട്ടണമസ് കാറുകളുടെ പണിപ്പുരയിലാണ്. പല രാജ്യങ്ങളും ഓട്ടോണമസ് ടാക്സികളുടെ പരീക്ഷണയോട്ടം പുരോഗമിക്കുന്നു. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ നമ്മുടെ നിരത്തുകള്‍ ഇത്തരം ഡ്രൈവറില്ലാ കാറുകളെക്കൊണ്ട് നിറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താകും ഈ ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്തുകളിലുണ്ടാക്കുന്ന മാറ്റം എന്ന് വാഹനപ്രേമികള്‍ ചിന്തിച്ചിട്ടുണ്ടോ?
ഓട്ടോണമസ് കാറുകള്‍ മനുഷ്യാധ്വാനവും കുറയ്ക്കുമെന്ന് ഒറ്റവാക്കില്‍ പറയാം. അതുപോലെ കര്‍ശനവും കണിശവുമായ സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപകടങ്ങളും ഒരുപരിധിവരെ കുറഞ്ഞേക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ തൊഴിലില്ലായ്‍മക്ക് ഈ കാറുകള്‍ കാരണമാകുമെന്നത് മറ്റൊരുവശം.
എന്നാല്‍ ഓട്ടോണമസ് വാഹനങ്ങളുടെ മറ്റുചില സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങള്‍ കൗതുകകരമാണ്. ഡ്രൈവറില്ലാ കാറുകള്‍ വാഹനങ്ങളില്‍ വെച്ചുള്ള സെക്‌സ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആനല്‍സ് ഓഫ് ടൂറിസം റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് ഒരു പോയിന്റില്‍നിന്ന് മറ്റൊരു പോയിന്റിലേക്കു ഓടുന്ന ഡ്രൈവറില്ലാ കാറുകള്‍ ലൈംഗിക ബന്ധത്തിനുള്ള സാധ്യതകള്‍ കൂടിയാണ് തുറക്കുന്നതെന്നാണ്.
ഏകദേശം 60 ശതമാനത്തോളം അമേരിക്കക്കാര്‍ ഇപ്പോള്‍ തന്നെ കാറുകളില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്നാണ് പഠനം പറയുന്നത്. അപ്പോള്‍ ഡ്രൈവറേ വേണ്ടാത്ത കാറുകള്‍ വന്നാലുള്ള കാര്യം പറയേണ്ടതില്ലെന്ന് ചുരുക്കം.
മിക്ക വിദേശ നഗരങ്ങളിലെയും ടൂറിസത്തിന്‍റെ അവിഭാജ്യ ഭാഗമാണ് ഇന്ന് സെക്‌സ് വ്യവസായം. നിയമവിധേയമായതും അല്ലാത്തതുമായ വേശ്യാവൃത്തി പല വിദേശ രാജ്യങ്ങളുടെയും ടൂറിസത്തിന്റെ ഭാഗമാണ്. അതിന് സഹായകമാകുന്നതാണ് ഡ്രൈവറില്ലാ കാറുകളെന്നതും ഈ മേഖലയില്‍ ഓട്ടോണമസ് കാറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഡ്രൈവറില്ലാ കാറുകള്‍ ടൂറിസവുമായി ബന്ധപ്പെട്ട സെക്‌സ് വ്യവസായം മെച്ചപ്പെടുത്തുമെന്ന് ചുരുക്കം. ഈ പഠനം പുറത്തു വന്ന് മാസങ്ങള്‍ക്കകമാണ് കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ട് പോണ്‍ നടി ടെയ്‍ലര്‍ ജാക്സണ്‍ താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തുവിട്ടതെന്നതാണ് മറ്റൊരു കൗതുകം.
ഡ്രൈവറില്ലാ കാറുകള്‍ റോഡരികിലെ ചെറുകിട ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയുമൊക്കെ കഥകഴിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതായത് വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങേണ്ടി വരില്ല. ഒറ്റയ്ക്കോടുന്ന വാഹനങ്ങളില്‍ വച്ച് തന്നെ ആളുകള്‍ ഭക്ഷണം കഴിക്കുമെന്ന് അര്‍ത്ഥം.
അതുപോലെ ഓട്ടോണമസ് കാറുകള്‍ മദ്യ വിപണിക്കും കനത്ത ലാഭം നേടിക്കൊടുക്കുമെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. മദ്യവിപണിയുടെ ലാഭം 100ബില്ല്യൺ ഡോളറായി കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെങ്ങനെയെന്ന് സംശയിക്കുന്നവരുണ്ടാകും. ഉദാഹരണത്തിന് നമ്മുടെ രാജ്യത്ത് മദ്യപിച്ച് വണ്ടിയോടിച്ച് പൊലീസ് പിടിച്ചാൽ കനത്ത പിഴയൊടുക്കേണ്ടി വരും. ചിലപ്പോള്‍ വാഹനവും പൊലീസ് കൊണ്ടുപോകും. അതുകൊണ്ട് തന്നെ ഭൂരിപക്ഷം മദ്യപാനികളും പലപ്പോഴും വളയം പിടിക്കാന്‍ മുതിരാറില്ല. മദ്യം അകത്തുചെന്നാല്‍ ഒന്നുകില്‍ കാർ വാടകയ്ക്ക് എടുക്കും അല്ലെങ്കിൽ മദ്യപിക്കാത്തവരുടെ സഹായം തേടും.
എന്നാല്‍ ഓട്ടോണമസ് കാറൊരെണ്ണം സ്വന്തമായിട്ടുണ്ടെങ്കില്‍ മദ്യപിച്ചാലും പരസഹായമില്ലാതെ സ്വന്തം വണ്ടിയിൽ തന്നെ വീട്ടിലെത്താം. ഓടുന്ന കാറിലിരുന്നും മദ്യപിക്കാം. മുമ്പേ കൊടുത്ത നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വാഹനം തനിയെ സഞ്ചരിച്ചോളും. അതുകൊണ്ടു തന്നെ മദ്യപിച്ചുണ്ടാകുന്ന വാഹനപകടങ്ങൾക്കും മരണങ്ങൾക്കും കുറവുണ്ടായേക്കാം. അതായത് ഓട്ടോണമസ് കാറുകൾ സെക്സ് വിപണിക്കും മദ്യവിപണിക്കും മാത്രമല്ല മദ്യപാനികൾക്ക് കൂടി ഗുണം ചെയ്യുമെന്ന് ചുരുക്കം.