നികുതിയില്ല, ഇന്‍ഷുറന്‍സും; ബച്ചന്‍റെ കാറുമായി സല്‍മാന്‍ ഖാനെ പൊക്കി ആര്‍ടിഒ!
അമിതാഭ് ബച്ചന്റേത് ഉള്‍പ്പടെ ഏഴ് ലക്ഷ്വറി കാറുകളാണ് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. സല്‍മാന് ഖാന്‍ എന്നയാളായിരുന്നു ഈ സമയം ബച്ചന്‍റെ പേരിലുള്ള വണ്ടി ഓടിച്ചിരുന്നത്
ബെംഗളുരു: ബോളിവുഡ് താരം അമിതാബ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിനും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ രേഖകള്‍ ഇല്ലാത്തതിനും കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതാണ് പിടിച്ചെടുത്ത കാര്‍. അധികൃതര്‍ വാഹനം പിടിച്ചെടുക്കുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നതാണ് കൌതുകകരമായ മറ്റൊരു കാര്യം.
ഈ കാര്‍ വാങ്ങിയ വ്യക്തി ഇതുവരെ ഇന്‍ഷൂറന്‍സ് പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും ഗതാഗത വകുപ്പിന്റെ അഡീഷണൽ കമ്മീഷണർ (എൻഫോഴ്സ്മെന്റ്), നരേന്ദ്ര ഹോൾക്കർ, ദ ഹിന്ദുവിനോട് പറഞ്ഞതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബച്ചന്റേത് ഉള്‍പ്പടെ ഏഴ് ലക്ഷ്വറി കാറുകളാണ് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത്തരം കാറുകൾ പിടിച്ചെടുക്കാൻ ബംഗളൂരു യുബി സിറ്റിക്ക് സമീപം ആഗസ്റ്റ് 22 ന് വൈകുന്നേരം ബെംഗളൂരു ആർടിഒ പ്രത്യേക പരിശോധന ആരംഭിച്ചിരുന്നു. ഈ പരിശോധനയിലാണ് അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള റോൾസ് റോയിസ് ഫാന്റം ഉൾപ്പെടെയുള്ളവ പിടികൂടിയത്. എല്ലാ വാഹനങ്ങളും ഇപ്പോൾ സിറ്റി ആർടിഒയുടെ കസ്റ്റഡിയിലാണ്.
വാഹനങ്ങളുടെ എല്ലാ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ലെങ്കിലും, വിവിധ ഹൈ-എൻഡ് വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്ത കാറുകളുടെ പട്ടികയിൽ റോൾസ് റോയിസ് ഫാന്റം, ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ XJ L, ഫെരാരി, ഔഡി R8, പോർഷെ തുടങ്ങിയവ ഉൾപ്പെടുന്നു. പരിവാഹൻ സേവ വെബ്സൈറ്റിൽ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ബെംഗളൂരു ആർടിഒ പറയുന്നു. ഈ വാഹനങ്ങള്‍ കർണാടക ഒഴികെയുള്ള വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
"രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങൾ യുബി സിറ്റിയിൽ ഒരു ഡ്രൈവ് നടത്തി. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത റോൾസ് റോയിസ് ഉൾപ്പെടെ ഏഴ് കാറുകൾ പിടിച്ചെടുത്തു. വാഹനം അമിതാഭ് ബച്ചന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് 2019 ൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു വ്യവസായി വാങ്ങിയതായിട്ടാണ് പറയുന്നത്. ഞങ്ങളുടെ പരിശോധനയ്ക്കിടെ, സൽമാൻ ഖാൻ എന്ന വ്യക്തി കാർ ഓടിക്കുകയായിരുന്നു. കാറുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അതോടെ നിയമങ്ങൾ അനുസരിച്ച് ഞങ്ങൾ കാർ പിടിച്ചെടുത്തു. ” ട്രാന്‍സ്‌പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ ദ ഹിന്ദുവിനോട് വ്യക്തമാക്കിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വാഹനങ്ങളുടെ ഉടമകളോട് രേഖകൾ നേരിട്ട് ഹാജരാക്കാൻ ആർടിഒ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ വ്യക്തമായ ഉടമസ്ഥാവകാശം കാണിക്കുന്ന ശരിയായ രേഖകളുമായി ഹാജരാകാനാണ് നിര്‍ദ്ദേശം. സാധുതയുള്ള രേഖകൾ ഉടമകൾ ഹാജരാക്കിയാൽ വാഹനങ്ങൾ വിട്ടയക്കും. രേഖകൾ തൃപ്തികരമല്ലെങ്കില്‍ ഈ വാഹനങ്ങൾ ലേലം ചെയ്യാൻ ആവശ്യമായ നടപടികളിലേക്ക് കടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തിന് പുറത്തുള്ള രജിസ്ട്രേഷനുകളുള്ള കാറുകളുടെ കാര്യത്തിൽ ഏറ്റവും കർശനമായ നിയമങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. ഇന്ത്യയിലെ ഏറ്റവും ഉയർന്ന റോഡ് നികുതിയുള്ള സംസ്ഥാനം കൂടിയാണ് കർണാടകം. അതുകൊണ്ടു തന്നെ ലക്ഷക്കണക്കിന് രൂപ ലാഭിക്കാൻ അയൽ സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്യാനാണ് മിക്ക കാർ ഉടമകളും ഇഷ്ടപ്പെടുന്നത്. ഈ നടപടികളിലൂടെ, കർണാടക സര്‍ക്കാരിന് വലിയ വരുമാന നഷ്‍ടം സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് കര്‍ശന പരിശോധനയുമായി അധികൃതര്‍ രംഗത്തെത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona