വാങ്ങാൻ ഷോറൂമുകളില്‍ തള്ളിക്കയറ്റം, വമ്പൻ വില്‍പ്പനയുമായി റോയല്‍ എൻഫീല്‍ഡ്!
മുൻ സാമ്പത്തിക വർഷം ഇതേ മാസത്തിൽ 62,155 മോട്ടോർസൈക്കിളുകൾ വിറ്റഴിച്ച സ്ഥാനത്താണ് ഇത്. ഇതനുസരിച്ച് കമ്പനിയുടെ വിൽപ്പനയിൽ 18 ശതമാനം വർധന രേഖപ്പെടുത്തി.
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് 2023 ഏപ്രിലിൽ 73,136 മോട്ടോർസൈക്കിളുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്‍തു. മുൻ സാമ്പത്തിക വർഷം ഇതേ മാസത്തിൽ 62,155 മോട്ടോർസൈക്കിളുകൾ വിറ്റഴിച്ച സ്ഥാനത്താണ് ഇത്. ഇതനുസരിച്ച് കമ്പനിയുടെ വിൽപ്പനയിൽ 18 ശതമാനം വർധന രേഖപ്പെടുത്തി.
റോയൽ എൻഫീൽഡിന്റെ ആഭ്യന്തര വിൽപ്പന 2022 ഏപ്രിലിൽ വിറ്റ 53,852 യൂണിറ്റിൽ നിന്ന് 28 ശതമാനം ഉയർന്ന് 68,881 യൂണിറ്റായി. അതേസമയം റോയൽ എൻഫീൽഡിന്‍റെ കയറ്റുമതി ഇടിഞ്ഞു. കയറ്റുമതി നേരെ പകുതിയായിട്ടാണ് കുറഞ്ഞത്. 2023 ഏപ്രിലിൽ കമ്പനി 4,255 മോട്ടോർസൈക്കിളുകൾ കയറ്റുമതി ചെയ്‌തു. മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 8,303 യൂണിറ്റുകളെ അപേക്ഷിച്ചാണ് ഈ കണക്കുകള്‍.
ഐഷർ മോട്ടോഴ്‌സിന്റെ ഒരു വിഭാഗമായ റോയൽ എൻഫീൽഡിന് കോണ്ടിനെന്റൽ ജിടി 650, ഹണ്ടർ 350, ക്ലാസിക് 350, മെറ്റിയർ 350 ക്രൂയിസർ, ഹിമാലയൻ അഡ്വഞ്ചർ ടൂറർ, ഐക്കണിക് ബുള്ളറ്റ് 350, സ്ക്രാം 411 ADV ക്രോസ്ഓവർ, പുതിയ സൂപ്പർ മെറ്റിയർ 650, ഇന്റർസെപ്റ്റർ 650.തുടങ്ങി നിരവധി ഇരുചക്രവാഹനങ്ങളുണ്ട്.
“ഇന്ത്യയിൽ നിന്നുള്ള ഒരു ആഗോള മോട്ടോർസൈക്ലിംഗ് ബ്രാൻഡ് എന്ന നിലയിൽ ഞങ്ങളുടെ സ്ഥാനം കൂടുതൽ ഉയർത്താനും ഉറപ്പിക്കാനും, ഞങ്ങൾ അടുത്തിടെ ഞങ്ങളുടെ ഹണ്ടർ 350, സ്‌ക്രാം 411 എന്നിവ യുഎസ്എ, ലാറ്റം വിപണികളിൽ അവതരിപ്പിച്ചു. ഈ മോട്ടോർസൈക്കിളുകൾ മികച്ച പ്രകടനം തുടരുമെന്നും ഈ വിപണികളിൽ ഞങ്ങളുടെ ചുവടുവെപ്പ് ശക്തിപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്" റോയൽ എൻഫീൽഡ് സിഇഒ ബി ഗോവിന്ദരാജൻ പറഞ്ഞു.
സ്‌ക്രാം 411-ന് ആൾട്ടിറ്റ്യൂഡ്-ടെസ്റ്റഡ് എൽഎസ് 410 എഞ്ചിൻ ലഭിക്കുന്നു, അത് കഠിനമായ സാഹചര്യങ്ങളെ നേരിടാൻ കഴിയും. ഇരുചക്രവാഹനം ഏത് പരിസ്ഥിതിക്കും അനുയോജ്യമാണ്, അത് നഗര പാതകളിലൂടെ സഞ്ചരിക്കുന്നതോ മലകളിലേക്കുള്ള റോഡ് യാത്രയോ ആകട്ടെ. ഗ്രാഫൈറ്റ് റെഡ്, ഗ്രാഫൈറ്റ് യെല്ലോ, സ്കൈലൈൻ ബ്ലൂ, ബ്ലേസിംഗ് ബ്ലാക്ക്, ഗ്രാഫൈറ്റ് ബ്ലൂ, വൈറ്റ് ഫ്ലേം, സിൽവർ സ്പിരിറ്റ് എന്നിങ്ങനെ ഏഴ് ഷേഡുകളിലാണ് ഇത് വരുന്നത്.
അടുത്തിടെ, റോയൽ എൻഫീൽഡ് അവരുടെ 'ആർട്ട് ഓഫ് മോട്ടോർസൈക്ലിംഗ്' ആർട്ട് കാമ്പെയ്‌ൻ അവസാനിപ്പിക്കുകയും മികച്ച അഞ്ച് വിജയികൾക്ക് 1.5 ലക്ഷം വീതം സമ്മാനം നൽകുകയും ചെയ്‍തിരുന്നു. ഈ വർഷം 54,000 രജിസ്ട്രേഷനുകൾ നേടിയ 'ആർട്ട് ഓഫ് മോട്ടോർസൈക്ലിംഗ്' എന്ന കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ റോയൽ എൻഫീൽഡ് കാമ്പെയ്‌നിന്റെ മൂന്നാം പതിപ്പാണ് അവസാനിച്ചത്. വിജയിക്കുന്ന കലാസൃഷ്‌ടികൾ റോയൽ എൻഫീൽഡ് വസ്ത്രങ്ങളിൽ പ്രദർശിപ്പിക്കുകയും എൻഎഫ്‌ടികളാക്കി മാറ്റുകയും ചെയ്യും. മികച്ച അഞ്ച് വിജയികളിൽ രണ്ടുപേർ റോയൽ എൻഫീൽഡിന്റെ ഡിസൈൻ ടീമിൽ പരിശീലനം നല്‍കും. റോയൽ എൻഫീൽഡിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.