അവന്‍ വരുമോ ഇല്ലയോ? ആകാംക്ഷയില്‍ ബുള്ളറ്റ് പ്രേമികള്‍!

ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഹണ്ടര്‍.

Royal Enfield hunter 250 Follow Up

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ കഴിഞ്ഞ കുറച്ചുകാലമായി ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മോഡലുണ്ട്. ഹണ്ടർ 250 എന്നാണ് ഈ മോഡലിന്‍റെ വിളിപ്പേര്. റോയൽ എൻഫീൽഡി​ന്‍റെ ആദ്യത്തെ 250 സി സി ബൈക്കാണ്​ ഹണ്ടറെന്നും  ഹിമാലയന് കൂട്ടായി മറ്റൊരു അഡ്വഞ്ചർ ബൈക്ക് ആകുമെന്നുമൊക്കെയാണ് ഹണ്ടറിനെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍.

ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഹണ്ടര്‍. ചെന്നൈയിലും പരിസരത്തുംവച്ച്​ കണ്ട ഒരു എൻഫീൽഡ്​ ബൈക്കിനെ ചുറ്റിപ്പറ്റിയാണിപ്പോൾ ഈ അഭ്യൂഹം പരക്കുന്നത്​. തണ്ടർബേർഡിനേക്കാൾ ചെറുതും ഉയരം കുറഞ്ഞതുമായ ഈ ബൈക്ക്​ വരാൻ പോകുന്ന ഹണ്ടർ ആണെന്നാണ്​ വാഹനലോകത്തെ സംസാരം. ചില ഓൺലൈൻ സൈറ്റുകൾ ഇന്ത്യയിൽ ഇറങ്ങാൻ പോകുന്ന ബൈക്കുകളുടെ കൂട്ടത്തിൽ ഹണ്ടർ 250യെയും ഉൾ​പ്പെടുത്തിയിട്ടുണ്ട്​.

എന്താണ് ഹണ്ടർ?
ഹണ്ടർ എന്ന പേരുപോലും അത്ര വിശ്വസനീയമല്ല. എന്നാല്‍ തങ്ങളുടെ പുതിയ ബൈക്കിനായി ഈ പേര് അനുവദിച്ചു കിട്ടാൻ റോയൽ എൻഫീൽഡ് ട്രേഡ്‍മാർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

ഡ്യുവല്‍ പര്‍പ്പസ് ബൈക്കായിരിക്കും ഹണ്ടറെന്നും ഹിമാലയന്‍ ബൈക്കിന്റെ റേഞ്ചിലായിരിക്കും 250 സിസി ബൈക്ക് എത്തുകയെന്നുമാണ് സൂചനകള്‍.  റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനില്‍ താരതമ്യേന ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോമിലായിരിക്കും ഹണ്ടര്‍ ഒരുങ്ങുക.  വാഹനത്തിന്റെ വില കുറയ്ക്കുന്നതിനായി ബജറ്റ് ഫ്രണ്ട്‌ലി പാര്‍ട്‌സുകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നുമാണ് വാര്‍ത്തകള്‍.

ഈ ബൈക്കിന്റെ പിന്നില്‍ മോണോ-ഷോക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്നാണ് സൂചന. മുന്നില്‍ സാധാരണ ടെലിസ്‌കോപിക് സസ്‌പെന്‍ഷനായിരിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നതിനൊപ്പം അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ എബിഎസ് സുരക്ഷയുമൊരുക്കും.

എന്‍ജിനിലും പുതുമ കൊണ്ടുവരാനും നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നുണ്ട്. പുതിയ 250 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ബൈക്കിന്​ നൽകുക. ഏറ്റവും അടുത്ത എതിരാളിയായ ജാവ 42ന് സമാനമായ കരുത്താണ്​ പ്രതീക്ഷിക്കുന്നത്​.  

ഏതു തരം ബൈക്ക് ആകും എന്നതിനെപ്പറ്റി വ്യക്തത ഇല്ലെങ്കിലും ഹിമാലയന് കൂട്ടായി മറ്റൊരു അഡ്വഞ്ചർ ബൈക്ക് ആകുമെന്നാണ് റിപ്പോർട്ടുകൾ. 250 സിസി സെഗ്മെന്റിലേക്കും നോട്ടമുള്ള റോയൽ എൻഫീൽഡിന്റെ ഒരു പക്ഷെ ഏറ്റവും ഡിപ്ലസ്മെന്റ് കുറവുള്ള ബൈക്ക് ആവും ഹണ്ടർ. ഹീറോ എക്‌സ്പൾസ്‌, ബിഎംഡബ്ള്യു ജി 310 ജിഎസ് എന്നിവയാകും പുത്തൻ റോയൽ എൻഫീൽഡ് ബൈക്കിന്റെ എതിരാളികൾ. 2020-ല്‍ തന്നെ നിരത്തുകളിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ഹണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കാകും എന്നൊക്കെയാണ് ബുള്ളറ്റ് പ്രേമികളുടെ പ്രതീക്ഷ. എന്തായാലും ബൈക്കിന്‍റെ കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഹണ്ടര്‍ വരുമോ ഇല്ലയോ എന്നതു കണ്ടുതന്നെ അറിയണം. 

Latest Videos
Follow Us:
Download App:
  • android
  • ios