വരുന്നൂ പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350
2024 റോയൽ എൻഫീൽഡ് ക്ലാസിക്കിൽ 350 കുറച്ച് നവീകരണങ്ങളും സൗന്ദര്യവർദ്ധക മാറ്റങ്ങളും ലഭിക്കും. അതേസമയം അതിൻ്റെ എഞ്ചിൻ മെക്കാനിസം നിലവിലേത് തന്നെ തുടരും.
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന റോയൽ എൻഫീൽഡ് ബൈക്കാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. ഈ ബുള്ളറ്റ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അതിൻ്റെ പുതിയ തലമുറയിലേക്ക് പ്രവേശിച്ചു. പ്രധാന അപ്‌ഡേറ്റിന് ശേഷം മോട്ടോർസൈക്കിൾ അതിൻ്റെ ആദ്യ വിജയകരമായ വർഷം പൂർത്തിയാക്കി. ഇപ്പോഴിതാ ഈ ബുള്ളറ്റിന് ഒരു മിഡ്-ലൈഫ് അപ്‍ഡേറ്റുകൂടി ലഭിക്കാൻ ഒരുങ്ങുകയാമെന്നാണ് റിപ്പോര്‍ട്ടുകൾ. 2024 റോയൽ എൻഫീൽഡ് ക്ലാസിക്കിൽ 350 കുറച്ച് നവീകരണങ്ങളും സൗന്ദര്യവർദ്ധക മാറ്റങ്ങളും ലഭിക്കും. അതേസമയം അതിൻ്റെ എഞ്ചിൻ മെക്കാനിസം നിലവിലേത് തന്നെ തുടരും. പുതുക്കിയ മോഡൽ ലൈനപ്പ് റിയർ ഡ്രം ബ്രേക്ക് ഉള്ള ലോവർ വേരിയൻ്റുകൾ ഉൾപ്പെടെ കൂടുതൽ വേരിയൻ്റുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
ഡിസൈനിൻ്റെ കാര്യത്തിൽ, പുതിയ 2024 റോയൽ എൻഫീൽഡ് ക്ലാസിക് 350 ന് എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ്, പൈലറ്റ് ലൈറ്റുകൾ എന്നിവയുൾപ്പെടെ എല്ലാ എൽഇഡി ലൈറ്റിംഗ് സംവിധാനവും ലഭിച്ചേക്കാം. നിലവിൽ, സിംഗിൾ-ചാനൽ എബിഎസ്, ഡ്യുവൽ-ചാനൽ എബിഎസ് വേരിയൻ്റുകളിൽ യഥാക്രമം സ്‌പോക്ക് വീലുകളും അലോയ് വീലുകളും ലഭ്യമാണ്. എൽഇഡി ഹെഡ്‌ലൈറ്റ് ഡ്യുവൽ-ചാനൽ എബിഎസ് ട്രിമ്മുകൾക്കായി മാറ്റിവയ്ക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകൾ.
ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പരിഷ്‍കരിച്ച റോയൽ എൻഫീൽഡ് ക്ലാസിക് 350, മികച്ച പരിഷ്ക്കരണവും കുറഞ്ഞ NVH ലെവലും ഉള്ള അതേ 350 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കും. മോട്ടോർ 20.2 bhp കരുത്തും 27 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ബൈക്കിൻ്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ ഫോർക്ക് കവറുകളും ഇരട്ട ഷോക്ക് അബ്‌സോർബറുകളും ഉള്ള ടെലിസ്‌കോപ്പിക് ഫോർക്ക് ഉൾപ്പെടും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളിൽ നിന്നാണ് ബ്രേക്കിംഗ് പവർ വരുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് കൂടുതൽ സഹായിക്കുന്നു. സിംഗിൾ-ചാനൽ എബിഎസ് വേരിയൻ്റുകളിൽ പിന്നിൽ ഡ്രം ബ്രേക്കുമുണ്ട്. ഡിജിറ്റൽ ഇൻസെറ്റോടുകൂടിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്.
പുതിയ 2024 റോയൽ എൻഫീൽഡ് ക്ലാസിക് 350 ഓഗസ്റ്റ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ എത്തുമെന്നാണ് റിപ്പോർട്ട്. മേൽപ്പറഞ്ഞ എല്ലാ ഫീച്ചർ അപ്‌ഗ്രേഡുകളോടെയും, ബൈക്കിന് ഏകദേശം 5,000 രൂപയുടെ ചെറിയ വില വർദ്ധന ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ, റോയൽ എൻഫീൽഡ് ക്ലാസിക് 350 ന് 1.93 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.