ബസ് പിന്നോട്ടെടുക്കുമ്പോള്‍ അപകടമരുത്, ആനവണ്ടികള്‍ക്ക് ഇനി റിവേഴ്‍സ് ഹോണും!
കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് അധികൃതരുടെ ഈ നീക്കം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകള്‍ക്ക് റിവേഴ്‍സ് ഹോണ്‍ സംവിധാനം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് അധികൃതരുടെ ഈ നീക്കം. എല്ലാ ബസുകൾക്കും റിവേഴ്‍സ് ഹോൺ ഘടിപ്പിക്കാൻ സിഎംഡി ബിജു പ്രഭാകർ കർശന നിർദേശം നൽകിയതായാണ് റിപ്പോര്‍ട്ടുകള്‍. തമ്പാനൂർ ഡിപ്പോയിൽ അടുത്തിടെ ബസ് പിന്നോട്ടെടുക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സർവീസ് സമയത്ത് കെഎസ്ആർടിസി ബസുകളുടെ യാത്ര മുടങ്ങുന്നത് ഒഴിവാക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ബ്രേക്ക് ഡൗൺ അല്ലെങ്കിൽ അപകടം മൂലം തുടർ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിർദ്ദേശം നൽകിയതായി ബിജുപ്രഭാകര്‍ അറിയിച്ചു.
കെഎസ്ആർടിസി ബസിനോട് യാത്രക്കാർക്കുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടൻ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും. ഒരുകാരണവശാലും ഇനി മുതൽ അപകടമോ, ബ്രേക്ക് ഡൗൺ കാരണമോ യാത്രക്കാരെ പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തില്ല. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കുമെന്നും ബിജു പ്രഭാകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എല്ലാ ബസുകളിലും സംവരണം ചെയ്‍ത സീറ്റുകൾ യാത്രക്കാർക്ക് വേഗത്തിൽ തിരിച്ചറിയാൻ പ്രത്യേകം നിറം നൽകി കളർ കോഡിങ് ഏർപ്പെടുത്താനും നിർദേശിച്ചു. ഡ്രൈവർ ക്യാബിനിലെ ചൂട് കുറയ്ക്കാൻ എല്ലാ ബസുകളിലും എയർ വെന്റ് ഡോർ, വാട്ടർ ബോട്ടിൽ ഹോൾഡർ, ഡ്രൈവർ സീറ്റ് ഡ്രൈവർക്ക് സൗകര്യപ്രദമായ രീതിയിൽ വയ്ക്കുന്നതിന് സംവിധാനം, സ്ഥലനാമ ബോർഡുകൾ തെളിഞ്ഞു കാണുന്നതിന് പ്രത്യേക എൽഇഡി ബോർഡുകൾ എന്നിവയും ഘടിപ്പിക്കുന്നതിന് എംഡി നിർദേശം നൽകിയതായാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona