നോ പാര്‍ക്കിംഗില്‍ വണ്ടി വച്ചു; യാത്രികനെ അടക്കം ബൈക്ക് ക്രെയിനില്‍ പൊക്കി നീക്കി പൊലീസ്!
അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടതുമൂലം സാന്‍റ് കബീര്‍ ചൌക്കില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് ട്രാഫിക് പൊലീസ് കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്.
കേരളത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍റെയും പൊലീസിന്‍റെയും വഹന പരിശോധന ശക്തമാണ്. മറ്റ് സംസ്ഥാനങ്ങളിലും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് രൂക്ഷമായ നടപടികള്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് പൂനെയില്‍ നിന്നുള്ള വിചിത്ര സംഭവം. ഇന്നലെ വൈകുന്നേരം പൂനെയിലെ നാന പെത്ത് ഭാഗത്താണ് സംഭവം. സമര്‍ത്ഥ് ട്രാഫിക് പൊലീസിന്‍റേതായിരുന്നു വിചിത്ര നടപടി.
അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടതുമൂലം സാന്‍റ് കബീര്‍ ചൌക്കില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് ട്രാഫിക് പൊലീസ് കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്. അനധികൃതമായ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം തന്നെ ട്രാഫിക്ക് പൊലീസ് ക്രെയിനിന്‍റെ സഹായത്തോടെ നീക്കാന്‍ തുടങ്ങി. എന്നാല്‍ ബൈക്കിലിരിക്കുന്ന ഉടമസ്ഥനേയടക്കം നീക്കിയതോടെ ട്രാഫിക് പൊലീസിന്‍റെ നടപടി വൈറലാവുകയായിരുന്നു.
പാര്‍ക്ക് ചെയ്തിട്ടില്ലെന്നും വാഹനത്തില്‍ ഉടമസ്ഥന്‍ ഉണ്ടായിരുന്നുമെന്നുമെല്ലാമുള്ള ബൈക്ക് ഉടമയുടെ വാദങ്ങളൊന്നും കേക്കാതെയായിരുന്നു ട്രാഫിക്ക് പൊലീസിന്‍റെ നടപടിയെന്നാണ് വ്യാപകമായി ഉയരുന്ന ആരോപണം. എന്നാല്‍ വാഹനം ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിനിടെ ബൈക്കുടമ ഇരുചക്രവാഹനത്തില്‍ വന്ന് ഇരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് തയ്യാറാകാതെ തര്‍ക്കിക്കാന്‍ തുടങ്ങി. ഇത് ഈ മേഖലയിലെ ഗതാഗതക്കുരുക്ക് ഒന്നുകൂടി രൂക്ഷമാകാന്‍ കാരണമായെന്നും യുവാവില്‍ നിന്ന് പിഴ ഈടാക്കിയെന്നും പൊലീസ് പ്രതികരിക്കുന്നത്.
ഈ നടപടി ശ്രദ്ധയില്‍പ്പെട്ടതോടെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ നോ പാര്‍ക്കിംഗ് ഭാഗത്ത് വാഹനമിട്ട യുവതിയെ കാറടക്കം ക്രെയിന്‍ ഉപയോഗിച്ച സംഭവം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാറില്‍ കുട്ടിയടക്കമുള്ള സമയത്തായിരുന്നു ഇത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona