സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ബസ് മുതലാളിയുടെ കുതന്ത്രങ്ങള്‍!

സ്വകാര്യ ബസ് ലോബികളെ നിലയ്ക്ക് നിര്‍ത്താനുള്ള തുടര്‍നടപടികളില്‍ സര്‍ക്കാരിനെയും അധികൃതരെയും പിന്നോട്ടടിപ്പിക്കുന്ന ബസ് മുതലാളിമാരുടെ കുതന്ത്രങ്ങള്‍

Private Bus Owners Tricks To Trouble Authorities And Government

Private Bus Owners Tricks To Trouble Authorities And Government

തിരുവനന്തപുരം: കല്ലട ബസിലെ യാത്രികരെ ബസ് മുതലാളിയുടെ ഗുണ്ടകള്‍ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇതുവരെ മോചിതരായിട്ടുണ്ടാവില്ല. സംഭവത്തില്‍ ജനരോക്ഷം ശക്തമായതോടെ സ്വകാര്യബസ് ലോബിക്കെതിരെ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയുമാണ്. എന്നാല്‍ സര്‍ക്കാരിന്‍റെ ഈ നടപടികള്‍ എത്രകണ്ട് വിജയിക്കുമെന്നാണ് പലല യാത്രികരും നിയമ വിദഗ്ധരുമൊക്കെ പരസ്‍പരം ചോദിക്കുന്നത്. ശക്തമായ നിയമങ്ങളുടെ അഭാവം തന്നെയാണിതിന് മുഖ്യ കാരണം. സ്വകാര്യ ബസ് ലോബികളെ നിലയ്ക്ക് നിര്‍ത്താനുള്ള തുടര്‍നടപടികളില്‍ സര്‍ക്കാരിനെയും അധികൃതരെയും പിന്നോട്ടടിപ്പിച്ചേക്കാവുന്ന നിയമത്തിലെ ആ പഴുതുകളും കുരുക്കുകളും എന്തൊക്കെയെന്ന് നോക്കാം.

Private Bus Owners Tricks To Trouble Authorities And Government

കോണ്‍ട്രക്ട് കാര്യേജിനെ സ്റ്റേജ് കാര്യേജാക്കുന്ന സൂത്രം!
ഒരു ബസിന് ടിക്കറ്റുനൽകി യാത്രക്കാരെ കൊണ്ടുപോകണമെങ്കിൽ നിലവിലെ നിയമം അനുസരിച്ച് സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണം. എന്നാല്‍ കല്ലട ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഉള്ളത് വെറും കോൺട്രാക്ട് കാര്യേജ് പെർമിറ്റ് മാത്രമാണ്. അതായത് സ്റ്റോപ്പുകളിൽ നിന്ന്‌ യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നൽകാനോ ഇവര്‍ക്ക് അനുവാദമില്ല. കരാർ അടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക്‌ യാത്രക്കാരെ കൊണ്ടുപോകാന്‍ മാത്രമാണ് അനുവാദം. വിനോദ യാത്രാ സംഘങ്ങളെയും വിവാഹ പാര്‍ട്ടികളെയുമൊക്കെ കൊണ്ടുപോകാനേ ഇവര്‍ക്ക് സാധിക്കൂ എന്നര്‍ത്ഥം. ഈ നിയമം പട്ടാപ്പകല്‍ കാറ്റില്‍പ്പറത്തിയാണ് ഈ ബസുകളുടെയൊക്കെ സര്‍വ്വീസുകളെന്ന് ചുരുക്കം.

എന്നാല്‍ ഈ കടുത്ത നിയമ ലംഘനത്തിനെതിരെ നടപടിയെടുത്തേക്കാമെന്ന് അധികൃതര്‍ കരുതിയാലോ? അപ്പോഴാണ് ബസ് മുതലാളി തന്ത്രം പ്രയോഗിക്കുക. ടിക്കറ്റ് നൽകുന്ന ഓൺലൈൻ ബുക്കിങ് ഏജൻസിക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്നതായി ഒരു രേഖയങ്ങ് ഹാജരാക്കും മുതലാളി. അതോടെ നിയമം ലംഘിച്ച് സ്റ്റേജ് കാര്യേജായി ഓടിയെന്ന കുറ്റം ഇല്ലാതാകുകയും ചെയ്യും!

Private Bus Owners Tricks To Trouble Authorities And Government

അമിത നിരക്ക് തടഞ്ഞാല്‍ നിയമക്കുരുക്ക്!
ഇത്തരം ബസുകള്‍ക്കെതിരെയുള്ള മുഖ്യപരാതികളിലൊന്നാണ് അമിതനിരക്ക് ഈടാക്കുന്നത്. അവധിദിവസങ്ങളിലും മറ്റുമുള്ള ഇത്തരം കൊള്ളകള്‍ പിടിച്ചുപറി സംഘങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണെന്ന് അനുഭവസ്ഥര്‍ പറയും. നൂറുകണക്കിന് പരാതികളാണ് ഈ നിരക്കുകൊള്ളയ്ക്കെതിരെ വരുന്നത്. എന്നാല്‍ അമിത നിരക്കിനെതിരെ കേസെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ വിചാരിച്ചാലും നടക്കില്ല. കാരണം അങ്ങനെ ചെയ്യണമെങ്കില്‍ അംഗീകൃത നിരക്ക് എത്രയെന്ന് നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കണം. എന്നാല്‍ കെ.എസ്.ആർ.ടി.സി. നിരക്ക് അടിസ്ഥാനമാക്കി വിജ്ഞാപനം ഇറക്കിയാലോ നിയമസാധുത ലഭിക്കുകയുമില്ല. 

മുമ്പ് അമിതനിരക്കിനെതിരേ വ്യാപക പരാതി ഉയർന്നപ്പോൾ സർക്കാർ ബസ് ഓപ്പറേറ്റർമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കെ.എസ്.ആർ.ടി.സി. നിരക്കിനെക്കാൾ 20 ശതമാനത്തിൽ കൂടുതൽ വാങ്ങരുതെന്ന നിർദേശം സർക്കാർ മുന്നോട്ടുവെച്ചു. ബസ് മുതലാളിമാര്‍ ആദ്യം ഇത് അംഗീകരിച്ചു. പക്ഷേ ഒരുമാസം കഴിഞ്ഞില്ല തനിനിറം പുറത്തെടുത്ത്  വീണ്ടും ആര്‍ത്തി കാട്ടിത്തുടങ്ങി. നിയമപരമായ പരിമിതികള്‍ മൂലം ഉദ്യോഗസ്ഥര്‍ കാഴ്‍ചക്കാരുമായി.

Private Bus Owners Tricks To Trouble Authorities And Government

ബുക്കിങ് ഏജൻസികളെ തൊട്ടുകളിച്ചാല്‍..
കോണ്‍ട്രാക്ട് കാര്യേജിലെ കള്ളക്കളികള്‍ക്ക് ബസ് മുതലാളിമാര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഏജൻസികളെ നിരോധിക്കാനോ നിയന്ത്രിക്കാനോ ശ്രമിച്ചാലും നിസഹായത തന്നെ ഫലം. ഈ ഓൺലൈൻ സംവിധാനങ്ങളെയാകെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം പൂർത്തിയാകാത്തതാണ് പ്രധാന കാരണം. എന്താണ് നിയമമുണ്ടാക്കാന്‍ താമസം? നിയമനിര്‍മ്മാണം മുടങ്ങുന്നതിനും ചില കാരണങ്ങളുണ്ട്. 

ഈ ഓൺലൈൻ സംവിധാനങ്ങളൊക്കെ നിലവിൽ വരുന്നതിന് മുമ്പുള്ളതാണ് കേരള മോട്ടോർ വാഹനനിയമം. അഭി ബസ്, റെഡ് ബസ് തുടങ്ങിയവയൊക്കെ അടുത്തകാലത്താണ് വരുന്നത്. മാത്രമല്ല ടാക്സി സര്‍വ്വീസാണ് നല്‍കുന്നതെങ്കിലും യൂബര്‍, ഓല തുടങ്ങിയ കമ്പനികളും ഈ മേഖലയിലുണ്ട്. ഈ ഓൺലൈൻ സംവിധാനങ്ങളെയാകെ നിയന്ത്രിക്കുന്നതിന് നിയമം വേണം. നിയമനിർമാണത്തിന് സംസ്ഥാ സർക്കാർ ശ്രമിച്ചിരുന്നു. ഇതിനായി അഗ്രിഗേറ്റർ പോളിസി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുകയും ചെയ്‍തു. പക്ഷേ കേന്ദ്രസർക്കാർ ഈ മേഖലയിൽ നിയമനിർമാണം നടത്തുന്നതിനാൽ നടപടി മരവിപ്പിക്കേണ്ടി വന്നു. മാത്രമല്ല അഭി ബസ്, റെഡ് ബസ് തുടങ്ങിയ വെബ്‌സൈറ്റുകളുടെ സഹായം കെ.എസ്.ആർ.ടി.സി.യും സ്വീകരിക്കുന്നുണ്ടെന്നതും ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഏജൻസികളുടെ നിരോധനത്തിന് തടസമാകുന്നുണ്ട്.

Private Bus Owners Tricks To Trouble Authorities And Government

കെഎസ്‍ആര്‍ടിസിയുടെ ദാരിദ്ര്യം
ദിവസവും അന്തഃസംസ്ഥാന പാതകളിൽ സംസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സ്വകാര്യബസുകളെങ്കിലും ഓടുന്നുണ്ട്. മലയാളികൾ ഒരുപാടുള്ള ബെംഗളൂരു, മംഗളൂരു, ചെന്നൈ റൂട്ടുകളിലാണ് ഇവയിൽ ഭൂരിഭാഗവും. സര്‍വ്വീസ് നടത്തുന്നത്. ഇവയ്ക്ക് പകരം ഓടിക്കാൻ അന്തഃസംസ്ഥാന പെർമിറ്റുള്ള ബസുകൾ കെ.എസ്.ആർ.ടി.സി.ക്കില്ല. മാത്രമല്ല നിലവിലുള്ള അന്തഃസംസ്ഥാന ബസുകൾപോലും കൃത്യമായി ഓടിക്കാൻ പലപ്പോഴും കെ.എസ്.ആർ.ടി.സി.ക്ക് കഴിയുന്നുമില്ല.

Private Bus Owners Tricks To Trouble Authorities And Government

യാത്രക്കാരെന്ന പരിച
കൊള്ള സംഘങ്ങളും ഭീകരസംഘടനകളും മറ്റും തങ്ങളുടെ കാര്യസാധ്യത്തിന് നിരപരാധികളായ സാധാരണക്കാരെ പരിചയാക്കുന്ന അതേ മാതൃകയിലാണ് പലപ്പോഴും സ്വകാര്യ ബസ് മുതലാളിമാര്‍ സര്‍ക്കാരിനെ നേരിടുന്നതെന്നതും ശ്രദ്ധേയമാണ്.  ഇവിടെ അവര്‍ ആയുധമാക്കുന്നത് യാത്രക്കാരെയും അവരുടെ യാത്രാവശ്യങ്ങളെയുമാണ്. 

ഋഷിരാജ് സിങ് ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കുന്ന കാലത്ത് ഇത്തരം സ്വകാര്യബസുകൾക്കെതിരേയുള്ള മോട്ടോർ വാഹനവകുപ്പിന്റെ നടപടി പൊളിച്ചത് ബസ് മുതലാളിമാരുടെ ഇത്തരമൊരു തന്ത്രമായിരുന്നു. അമിത നിരക്ക് ഈടാക്കിയ നിരവധി ബസുകൾ അന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. സാങ്കേതികതകരാറുള്ള ബസുകള്‍ക്ക് നോട്ടീസും നല്‍കി. എന്നാല്‍ നടപടി പുരോഗമിച്ചപ്പോള്‍ ബസുടമകള്‍ ഒരുമിച്ചു. ഇനിയും പരിശോധന തുടർന്നാൽ സംസ്ഥാനത്തേക്കുള്ള എല്ലാ സര്‍വ്വീസുകളും നിർത്തിവെക്കുമെന്ന് അവർ സർക്കാരിനെ ഭീഷണിപ്പെടുത്തി. യാത്രാക്ലേശം രൂക്ഷമാകുമെന്ന് ഭയന്ന് ഋഷിരാജ് സിംഗിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു!

Private Bus Owners Tricks To Trouble Authorities And Government

ഭൂരിപക്ഷത്തിന്‍റെ ഗതികേട് മുതലാളിക്ക് ചാകര
യാത്രക്കാരുള്ള സമയത്തുമാത്രമേ ഇത്തരം സ്വകാര്യ ബസുകളില്‍ പരിശോധന നടത്തി കേസെടുക്കാൻ കഴിയുകയുള്ളൂ എന്നത് നിയമത്തിന്‍റെ മറ്റൊരു നൂലാമാലയാണ്. പ്രത്യേകം ടിക്കറ്റ് നൽകിയാണ് യാത്ര ചെയ്യുന്നതെന്ന് യാത്രക്കാർ മൊഴിയും നല്‍കണം. എന്നാല്‍ ഇങ്ങനെ ബസ് പിടിച്ചെടുത്താൽ വലയുന്നതും പാവം യാത്രക്കാർ തന്നെയാവും. ഇത്രയും സമയം ബസ് നിർത്തിയിടുന്നത് മിക്കപ്പോഴും യാത്രക്കാരുടെ തന്നെ എതിർപ്പിനിടയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ബസ് കസ്റ്റഡിയിലെടുക്കേണ്ട അവസ്ഥ വന്നാൽ പകരം യാത്രാ സംവിധാനം ഏർപ്പെടുത്താന്‍ പലപ്പോഴും സാധിക്കാത്തതും സര്‍ക്കാരിന്‍റെ ഗതികേടാവുന്നു, ബസ് മുതലാളിയുടെ സൗഭാഗ്യവും.

Private Bus Owners Tricks To Trouble Authorities And Government

Latest Videos
Follow Us:
Download App:
  • android
  • ios