ആറുമാസം പ്രായമുള്ള കുരുന്നിന് കരൾമാറാൻ വേണ്ടത് 60 ലക്ഷം, കാരുണ്യയാത്രയുമായി ബസുടമകൾ
കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ വള്ളിക്കുന്നിലെ അർജിത്ത് എന്ന കുരുന്നിന്‍റെ ചികിത്സാർത്ഥമാണ് ബസുടമകൾ കാരുണ്യയാത്ര നടത്തുന്നത്. പന്തീരാങ്കാവ് മേഖല ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിലാണ് നാൽപ്പതോളം ബസുകളുടെ കാരുണ്യയാത്ര.
ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കരൾമാറ്റ ശസത്രക്രിയയ്ക്ക് കൈത്താങ്ങുമായി സ്വകാര്യ ബസുടമകൾ. കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ വള്ളിക്കുന്നിലെ അർജിത്ത് എന്ന കുരുന്നിന്‍റെ ചികിത്സാർത്ഥമാണ് ബസുടമകൾ കാരുണ്യയാത്ര നടത്തുന്നത്. പന്തീരാങ്കാവ് മേഖല ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിലാണ് നാൽപ്പതോളം ബസുകളുടെ കാരുണ്യയാത്ര. വള്ളിക്കുന്നിലെ പെരളശ്ശേരി വീട്ടിൽ രാഗേഷ് - അനീഷ ദമ്പതികളുടെ മകനാണ് ആറുമാസം മാത്രം പ്രായമുള്ള അർജിത്ത്.
കുട്ടി കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. കണ്ണുകളിൽ മഞ്ഞ കൂടുകയും, മൂത്രത്തിലും, മലത്തിലും നിറവ്യത്യാസം അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. കരളിൽ നിന്ന് വൻകുടലിലേക്ക് നേരത്തെ ഒരു ബ്ലോക്ക് സംഭവിച്ചപ്പോൾ കസായി സർജറി നടത്തിയിരുന്നു. ഇപ്പോൾ വയറും വീർത്തുവരികയാണ്. കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കൽ മാത്രമാണ് ആകെയുള്ള പോംവഴി. രാഗേഷിന് കൂലിപ്പണിയാണ്. കടം വാങ്ങിയും, പണയം വെച്ചും നാട്ടുകാർ സഹായിച്ചുമായിരുന്നു ഇത്രയും കാലം ചികിത്സ നടത്തിയത്. സർജറിക്കും തുടർ ചികിത്സക്കുമായി 60 ലക്ഷത്തോളം രൂപ ചെലവുവരും. ഈ വലിയ തുകക്ക് മുമ്പിൽ കുടുംബവും നാടും പകച്ചു നിൽക്കുമ്പോഴാണ് കൈത്താങ്ങുമായി ബസുടമകൾ കാരുണ്യയാത്ര നടത്തുന്നത്
കുഞ്ഞിന്‍റെ കരൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി പന്തീരാങ്കാവ് മേഖല ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യ യാത്ര കോഴിക്കോട് ആർ. ടി ഒ പി ആർ സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഈ കാരുണ്യ യാത്രയിൽ 40 ഓളം സ്വകാര്യ ബസ്സുകൾ പങ്കെടുക്കും. പരിപാടിയിൽ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. മേഖലാ പ്രസിഡണ്ട് മൂസ്സ കെ എം സ്വാഗതം പറഞ്ഞു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് തുടങ്ങിയവർ ഫ്ലാഘ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.