നെക്സോണിനെക്കാളും ബ്രെസയേക്കാളും വിലക്കുറവിൽ ആഡംബര കാർ! ഈ പണിയും അറിയാമെന്ന് സ്‍കോഡ!
7.89 ലക്ഷം രൂപയെന്ന ആകര്‍ഷകമായ പ്രാരംഭ വിലയിലാണ് സ്‌കോഡ കൈലാക്ക് പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ എതിരാളികളായ ചില മോഡലുകളെ പ്രാരംഭ വിലയുടെ കാര്യത്തില്‍ കൈലാക്ക് പിറകിലാക്കുന്നു. ഇതാ ആ വിലകളപ്പെറ്റി അറിയേണ്ടതെല്ലാം
ഇന്ത്യയിലെ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌ഗെമെന്റില്‍ എത്തിയ ഏറ്റവും പുതിയ കാറാണ് ചെക്ക് ആഡംബര വാഹന ബ്രാൻഡായ സ്‌കോഡയുടെ കൈലാക്ക്. മോഡലിന്റെ വില കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചത്. ബേസ് വേരിയന്റിന്റെ വില മാത്രമാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV 3XO എന്നീ വമ്പന്‍മാര്‍ക്കെതിരെയാണ് സാധാരണക്കാർക്കായുള്ള ഈ ചെക്ക് കാറിന്റെ പോരാട്ടം. 7.89 ലക്ഷം രൂപയെന്ന ആകര്‍ഷകമായ പ്രാരംഭ വിലയിലാണ് സ്‌കോഡ കൈലാക്ക് പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ എതിരാളികളായ ചില മോഡലുകളെ പ്രാരംഭ വിലയുടെ കാര്യത്തില്‍ കൈലാക്ക് പിറകിലാക്കുന്നു.
ഇതിൽ പ്രധാനി മാരുതി സുസുക്കി ബ്രെസയാണ്. കൈലാക്കിൻ്റെ അടിസ്ഥാന മോഡൽ വില 7.89 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ ബ്രെസയുടെ അടിസ്ഥാന മോഡൽ വില 8.34 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ഇവിടെ കൈലാക്ക് വിലയുടെ കാര്യത്തിൽ കൂടുതൽ താങ്ങാനാവുന്നതായി തോന്നുന്നു. കാരണം വിലയിൽ ഏകദേശം 45000 രൂപയുടെ വ്യത്യാസം ഉണ്ട്. രാജ്യത്തെ മറ്റൊരു ജനപ്രിയ സബ് കോംപാക്ട് എസ്‌യുവിയായ ടാറ്റ നെക്‌സോണിന് എട്ട് ലക്ഷം രൂപയാണ് പ്രാരംഭ വില. ഈ കാറിനും കൈലാക്കിനേക്കാള്‍ 11,000 രൂപയോളം കൂടുതലാണ്. മറ്റ് രണ്ട് ജനപ്രിയ മോഡലുകളായ ഹ്യുണ്ടായി വെന്യുവും കിയ സോനെറ്റും കൈലാക്കിനെക്കാൾ വില കൂടിയവയാണ്. അഥവാ, കൈലാക്കിന് ഈ രണ്ട് മോഡലുകളേക്കാളും വില കുറവാണ്. വെന്യുവിന് 7,94,000 രൂപയാണ് വില. സോനെറ്റിന് 7,99,000 രൂപയും. ഈ കാറുകള്‍ക്ക് കൈലാക്കിനേക്കാള്‍ യഥാക്രമം 5000 രൂപയും 10,000 രൂപയും കൂടുതലാണ്.
ആറ് എയർബാഗുകൾ ഉൾപ്പെടെ 25 സുരക്ഷാ ഫീച്ചറുകളുമായാണ് സ്‌കോഡ കൈലാക്ക് വരുന്നത്. സൺറൂഫ്, വെൻ്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. ഒരു ലിറ്റർ പെട്രോളിൽ 20.32 കി.മീ/ലി മൈലേജാണ് ഇത് നൽകാൻ പോകുന്നത്. ഈ വാഹനത്തിൻ്റെ മറ്റ് ഫീച്ചറുകളും സവിശേഷതകളും വളരെ ശക്തവും മികച്ചതുമാണെന്ന് കമ്പനി പറയുന്നു.
സ്‌കോഡയുടെ 'മോഡേൺ സോളിഡ്' ഡിസൈൻ ഭാഷ ഫീച്ചർ ചെയ്യുന്ന, കൈലാക്ക് ബ്രാൻഡിൻ്റെ സിഗ്നേച്ചർ റേഡിയേറ്റർ ഗ്രിൽ, സ്പ്ലിറ്റ് സെറ്റപ്പോടുകൂടിയ പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മുകളിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആർഎൽ എന്നിവയുമായാണ് വരുന്നത്. ക്ലാഡിംഗോടുകൂടിയ ഡ്യുവൽ-ടോൺ ബമ്പറും ബോണറ്റും ഇതിലുണ്ട്. 17 ഇഞ്ച് റിമ്മുകൾ, ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകൾ, സ്ക്വാറിഷ് വീൽ ആർച്ചുകൾ, ബ്ലാക്ക് ഫിനിഷിലുള്ള റൂഫ് റെയിലുകൾ, ഷാർക്ക്-ഫിൻ ആൻ്റിന, കട്ടിയുള്ള സി-പില്ലർ, എൽഇഡി ഇൻസേർട്ടുകളുള്ള പെൻ്റഗൺ ആകൃതിയിലുള്ള ടെയിൽലാമ്പുകൾ എന്നിവയും അതിൻ്റെ മറ്റ് ചില ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
വാഹനത്തിൽ സിംഗിൾ 1.0L, 3-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ ലഭ്യമാകും. സ്‌കോഡ കൈലാക്ക് 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഗ്ദാനം ചെയ്യും. ടർബോചാർജ്ഡ് ഗ്യാസോലിൻ എഞ്ചിൻ 115 bhp കരുത്തും 178 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. പുതിയ സ്കോഡ കോംപാക്ട് എസ്‌യുവി 10.5 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.
എസ്‌യുവിയിൽ വയർലെസ് ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, കീലെസ് എൻട്രി, ഡ്രൈവർക്കും ഫ്രണ്ട് യാത്രക്കാർക്കും പവർഡ് സീറ്റ് അഡ്ജസ്റ്റ്‌മെൻ്റ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. കൈലാക്കിൻ്റെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡി ഉള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഒരു ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് എന്നിവ ഉൾപ്പെടുന്നു. ഈ വാഹനത്തിൻ്റെ ബുക്കിംഗ് ഡിസംബർ 2 മുതൽ ആരംഭിക്കും, അടുത്ത വർഷം ജനുവരി 27 മുതൽ ഡെലിവറി ആരംഭിക്കും.
"അവരുടെ കണ്ണീരെങ്ങനെ കാണാതിരിക്കും?" 32.12 കിമി മൈലേജുള്ള ഈ കാർ നിർത്തലാക്കില്ലെന്ന് മാരുതി!