ഒരു മണിക്കൂറിനുള്ളിൽ ബെംഗളൂരു-മൈസൂർ ഹൈവേ കടക്കരുത്, പണി കിട്ടും; കനത്ത പിഴ, ഓഗസ്റ്റ് മാസം മാത്രം 89,200 കേസുകൾ
ഓവർ സ്പീഡുകാരെ പൊക്കാനായി വിവിധ ഭാഗങ്ങളിലായി 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 48 ക്യാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളാണ്. ഈ ക്യാമറകൾ വഴി 34,126 ഓവർ സ്പീഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരു: വിശാലമായ ബെംഗളൂരു-മൈസൂർ ഹൈവേ, വാഹനവുമായി എത്തിയാൽ ആർക്കായാലും കാലൊന്നു കൊടുത്ത് 100-110 സ്പീപിഡിൽ പറക്കാൻ തോന്നും. നീണ്ടുകിടക്കുന്ന ഹൈവേ യാത്രയിൽ വേഗം കൂടുന്നത് പലരും അറിയാറില്ല, കേരളം അല്ലല്ലോ എന്ന് കരുതി വണ്ടി പറപ്പിക്കുന്നവരും ഏറെയാണ്. എന്നാൽ ഇനി സൂക്ഷിച്ചോ, ഇനി അമിത വേഗതയിൽ വാഹനമോടിച്ചാൽ എട്ടിന്‍റെ പണി കിട്ടും. അമിത വേഗക്കാരെ പൊക്കാൻ പൊലീസ് സ്ഥാപിച്ച ക്യാമറകൾ പണി തുടങ്ങി. മലയാലികളടക്കം നിരവധി പേർക്ക് കനത്ത ഫൈൻ ചുമത്തിയിരിക്കുകയാണ് പൊലീസ്. ക്യാമറ സ്ഥാപിച്ചതിന് ശേഷം ഓഗസ്റ്റ് 26 വരെ 89,200 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
ഒരു മണിക്കൂറിനുള്ളിൽ കി.മീ. 100 കിലോമീറ്ററാണ് ഈ പാതയിലെ വേഗപരിധി. വിശാലമായ റോഡ് കണ്ട് വേഗത കൂട്ടി ഒരു മണിക്കൂറിനുള്ളിൽ ബെംഗളൂരു-മൈസൂർ ഹൈവേ കടന്നാൽ പിന്നാലെ പിഴ ചുമത്തി നോട്ടീസും വരും. 100 കിലോമീറ്ററാണ് ബെംഗളൂരു-മൈസൂർ ഹൈവേയിൽ അനുവദനീയമായ വേഗപരിധി. 100 മുതല്‍ 130 കിലോമീറ്റര്‍വരെ വേഗം വന്നാല്‍ പിഴ ഈടാക്കും. 1,000 രൂപയാണ് അമിത വേഗതയ്ക്ക് പിഴ. 130 കിലോമീറ്ററിനുമുകളില്‍ പോയാൽ കേസ് രജിസ്റ്റർ ചെയ്യും. ഓവർ സ്പീഡുകാരെ പൊക്കാനായി വിവിധ ഭാഗങ്ങളിലായി 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 48 ക്യാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളാണ്. ഈ ക്യാമറകൾ വഴി 34,126 ഓവർ സ്പീഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പിഴ ചുമത്തിയാൽ വാഹന ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് വഴിയുള്ള ചലാനുകൾ എത്തും. 89,200 കേസുകളെടുത്തിട്ടും ഇതുവരെ 5,300 പേർ മാത്രമാണ് പിഴ അടച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പാതയില്‍ അതിവേഗവും ട്രാഫിക് വയലേഷനും കാരണം അപകടങ്ങൾ വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2023 മാര്‍ച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ, മെയ് മാസങ്ങളിൽ മൂന്ന് പേർ വീതവും ജൂണിൽ ഒമ്പതും ജൂലൈയിൽ ആറ് പേരും ഓഗസ്റ്റ് 26 വരെ രണ്ട് പേരും അപകടങ്ങളിൽ റോഡിൽ ബെംഗളൂരു-മൈസൂർ ഹൈവേയിൽ മരണപ്പെട്ടിട്ടുണ്ട്.
Read More : നാദാപുരം സ്വദേശിനിയായ എയർപോർട്ട് കഫേ ജീവനക്കാരി ബെംഗളൂരുവിൽ മരിച്ചനിലയിൽ, കണ്ടെത്തിയത് സുഹൃത്ത്