കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട് രക്ഷിതാക്കള്‍ ഹോട്ടലില്‍ കയറി, പിന്നെ സംഭവിച്ചത്!
ഒരു വയസുള്ള കുഞ്ഞിനെ കാറിൽ കിടത്തി മാതാപിതാക്കള്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണം കഴിച്ച ശേഷം തിരികെ എത്തിയപ്പോൾ കാർ തുറക്കാൻ കഴിഞ്ഞില്ല
ഒരു വയസുള്ള കുഞ്ഞിനെ കാറിൽ കിടത്തി മാതാപിതാക്കള്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണം കഴിച്ച ശേഷം തിരികെ എത്തിയപ്പോൾ കാർ തുറക്കാൻ കഴിയാതിരുന്നതോടെ കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങി. ഒടുവില്‍ ഫയര്‍ ഫോഴ്‍സ് സ്ഥലത്തെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ മൂവാറ്റുപുഴ പിഒ ജംക്‌ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലായിരുന്നു സംഭവം.
കാഞ്ഞിരപ്പിള്ളിയിൽ നിന്നു പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബത്തിലെ 1 വയസ്സുള്ള കുഞ്ഞാണ് കാറിൽ കുടുങ്ങിയത്. കാറിന്റെ ഡോർ തുറക്കാൻ ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തി കാറിന്റെ ചില്ല് അറുത്തുമാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
ദയവായി കുട്ടികളെ കാറിൽ തനിച്ചിരുത്തി പോകല്ലേ..!
കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി രക്ഷിതാക്കള്‍ പുറത്തേക്കു പോകുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുകയാണ്. സംഭവത്തിന്‍റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയില്ലെന്നു തന്നെയാണ് വര്‍ദ്ധിച്ചു വരുന്ന ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന സൂചന.
കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.
മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.