Ola Electric : ഒല ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ടെസ്റ്റ് റൈഡ് ക്യാമ്പ് കൊച്ചിയില്‍
കൊച്ചിയില്‍ എംജി റോഡിലെ സെന്‍റര്‍ സ്ക്വയര്‍ മാളില്‍ നടക്കുന്ന ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബര്‍ 30 വരെയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊച്ചി: ഒല ഇലക്ട്രിക്ക് (Ola Electric) സ്‍കൂട്ടര്‍ ഉപഭോക്താക്കള്‍ക്കായി ടെസ്റ്റ് റൈഡ് ക്യാമ്പുകള്‍ ആരംഭിച്ചു. കൊച്ചി (Kochi), മുംബൈ (Mumbai), പൂനെ (Pune), ചെന്നൈ (Chennai), ഹൈദരാബാദ് (Hyderabad) എന്നിവിടങ്ങളിലാണ് ടെസ്റ്റ് റൈഡ് കാമ്പുകള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു നഗരങ്ങളിലും സംഘടിപ്പിക്കും. കൊച്ചിയില്‍ എംജി റോഡിലെ സെന്‍റര്‍ സ്ക്വയര്‍ മാളില്‍ നടക്കുന്ന ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബര്‍ 30 വരെയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ക്ഷണിക്കപ്പെട്ട ഉപഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഒല എസ്1, എസ്1 പ്രോ സ്കൂട്ടറുകളില്‍ ടെസ്റ്റ് റൈഡിന് അവസരം ഒരുക്കുന്നത്. 20,000 രൂപയോ മുഴുവന്‍ തുകയോ അടച്ച് ബുക്ക് ചെയ്തവര്‍ക്കാണ് മുന്‍ഗണന. ഒല എസ്1 ടെസ്റ്റ് റൈഡ് നടത്തി അനുഭവം പങ്കുവയ്ക്കുന്നതിനായി ക്യാമ്പിന് ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ക്ഷണമുണ്ട്. ലോകത്തെ ഏറ്റവും വലുതും ആധുനിക ടൂ-വീലര്‍ ഫാക്ടറിയായ ഒല ഫ്യൂച്ചര്‍ഫാക്ടറിയിലാണ് എസ്1, എസ്1 പ്രോ സ്കൂട്ടറുകളുടെ ഉല്‍പ്പാദനം.
മികച്ച രൂപകല്‍പ്പന, സാങ്കേതിക വിദ്യ, പ്രകടനം തുടങ്ങിയ സവിശേഷതകളെല്ലാം ഒല ഇലക്ട്രിക്ക് സ്കൂട്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൂതനവും ആകര്‍ഷകവുമായ 10 നിറങ്ങളില്‍ ഒല എസ്1 പ്രോയും അഞ്ച് നിറങ്ങളില്‍ ഒല എസ്1 ഉം ലഭ്യമാണ്. ഒല എസ്1ന് 99,999 രൂപയാണ് എക്സ്-ഷോറൂം വില. ഒല എസ്1 പ്രോയ്ക്ക് 1,29,999 രൂപയുമാണ് (ഫെയിം സബ്സിഡി, ജിഎസ്ടി എന്നിവയുള്‍പ്പടെയാണ് വില. എന്നാല്‍ സംസ്ഥാന സബ്സിഡിയും മറ്റ് ചാര്‍ജുകളും ഉള്‍പ്പെട്ടിട്ടില്ല).
രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ വമ്പന്‍ വിപ്ലവവുമായാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒല ഒരു ഇലക്ട്രിക്ക് സ്‍കൂട്ടറുമായി രംഗത്ത് എത്തിയത്. ബുക്കിംഗില്‍ ചരിത്രം സൃഷ്‍ടിച്ച ഈ സ്‍കൂട്ടര്‍ വിപണത്തില്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ്. എസ്1, എസ് 1 പ്രോ എന്നീ രണ്ട് വേരിയന്‍റുകളായാണ് ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. കൂടുതല്‍ റേഞ്ച്, ഉയര്‍ന്ന പവര്‍, വലിയ സ്റ്റേറേജ് കപ്പാസിറ്റി , മികച്ച കണക്ടിവിറ്റി ഉള്‍പ്പെടെ, ഇലക്ട്രിക് സ്‍കൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് ഒല വിപണിയിലെത്തുന്നത്. 85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടീവയുടെ വിലയേക്കാള്‍ കുറവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എസ്1 ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സഞ്ചരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. എസ്1 വേരിയന്റ് വെറും 3.6 സെക്കന്റ് കൊണ്ട് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. നോര്‍മല്‍ ‚സ്പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍. എസ് 1 പ്രോ വേരിയന്റില്‍ നോര്‍മല്‍ ‚സ്പോര്‍ട്ട് ഡ്രൈവ് മോഡുകള്‍ക്ക് പുറമേ ഹൈപ്പര്‍ മോഡും നല്‍കിയിട്ടുണ്ട്. എസ് 1 പ്രോ ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ സഞ്ചരിക്കും. മണിക്കൂറില്‍ 115 കിലോമീറ്ററാണ് എസ് 1 പ്രോയുടെ പരമാവധി വേഗത.
ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തന്നത്. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാണ്. എസ്1 വേരിയന്‍റ് അഞ്ച് നിറങ്ങളിൽ ലഭ്യമാകുമ്പോള്‍ പ്രോയ്ക്ക് കമ്പനി 10 കളർ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.