Ola Electric : ഡെലിവറിക്ക് തയ്യാറായി ഒല സ്‍കൂട്ടറുകള്‍

ഒല ഇലക്ട്രിക് നേരത്തെ പറഞ്ഞ തീയതിയിൽ തന്നെ ഡെലിവറി ചെയ്യുമെന്ന് സ്ഥിരീകരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ കമ്പനി സിഇഒ ഭവിഷ് അഗർവാൾ കുറിപ്പിട്ടു

Ola Electric S1 and S1 Pro scooters ready for delivery

കദേശം നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒല ഇലക്ട്രിക് (Ola Electric) സ്‌കൂട്ടറുകൾ എസ് 1, എസ് 1 പ്രോ എന്നിവ ഈ മാസം ഇന്ത്യൻ നിരത്തുകളിലെത്തും. ഒല ഇലക്ട്രിക്ക് സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗർവാൾ, സ്‍കൂട്ടറുകള്‍ വിതരണം ചെയ്യാൻ പോകുന്നുവെന്ന് സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒല ഇലക്ട്രിക് നേരത്തെ പറഞ്ഞ തീയതിയിൽ തന്നെ ഡെലിവറി ചെയ്യുമെന്ന് സ്ഥിരീകരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ഭവിഷ് അഗർവാൾ കുറിപ്പ് പങ്കിട്ടു. “സ്‍കൂട്ടറുകൾ തയ്യാറെടുക്കുന്നു.. ഉൽപ്പാദനം കൂടി, ഡിസംബർ 15 മുതൽ ഡെലിവറി ആരംഭിക്കും..  നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി! " അദ്ദേഹം എഴുതി

ആദ്യ ബാച്ച് ഡെലിവറികൾ ഒക്ടോബർ 25 നും നവംബർ 25 നും ഇടയിൽ നടക്കുമെന്നായിരുന്നു ഒല ഇലക്ട്രിക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇ-സ്‌കൂട്ടറിന്റെ ബുക്ക് ചെയ്‍ത ഉപഭോക്താക്കൾക്ക് കമ്പനി കാലതാമസുണ്ടെന്ന് വ്യക്തമാക്കി മെയിൽ അയച്ചിരുന്നു.  ഒല ഇലക്ട്രിക് മെയിലിൽ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും ഉപഭോക്താക്കൾക്ക് സ്കൂട്ടറുകൾ എത്രയും വേഗം എത്തിക്കുന്നതിനായി ഉൽപ്പാദനം വർധിപ്പിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഡെലിവറികൾ പിന്നീട് ഡിസംബർ 15 നും ഡിസംബർ 30 നും ഇടയിൽ വീണ്ടും ഷെഡ്യൂൾ ചെയ്തു. ഡെലിവറി ആരംഭിക്കുന്നതിനായി ക്ഷമയോടെ കാത്തിരുന്നതിന് ഭവിഷ് അഗർവാൾ ഉപഭോക്താക്കളോട് നന്ദി പറഞ്ഞു.

സെപ്റ്റംബറിൽ രണ്ട് ദിവസത്തേക്ക് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്കായി ഒല ഇലക്ട്രിക് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഉപഭോക്താക്കൾ 499 നൽകി ഇ-സ്‍കൂട്ടറുകള്‍ ബുക്ക് ചെയ്‍തു. രണ്ട് ദിവസത്തിനുള്ളിൽ 1,100 കോടിയിലധികം രൂപയുടെ ബുക്കിംഗ് ലഭിച്ചതായി ഒല ഇലക്ട്രിക് അവകാശപ്പെട്ടിരുന്നു. നവംബർ 20 മുതൽ, S1 അല്ലെങ്കിൽ S1 Pro ബുക്ക് ചെയ്‍ത ഉപഭോക്താക്കളെ മാത്രം ക്ഷണിച്ചുകൊണ്ട് ഒല ഇലക്ട്രിക്ക് അതിന്റെ ഇ-സ്‌കൂട്ടറുകളുടെ രാജ്യവ്യാപക ടെസ്റ്റ് റൈഡുകളും ആരംഭിച്ചു. ഈ ആഴ്‍ച ആദ്യം, കമ്പനി 20,000 ടെസ്റ്റ് റൈഡുകൾ പൂർത്തിയാക്കി. 1000 നഗരങ്ങളിലായി ഈ മാസം മുതൽ ഒരു ദിവസം 10,000 ടെസ്റ്റ് റൈഡുകൾ നടത്താനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

ഒല ഇലക്ട്രിക് സ്‍കൂട്ടറുകള്‍ രണ്ട് വേരിയന്റുകളിൽ വരുന്നു.  S1, S1 പ്രോ എന്നിവ. ആദ്യത്തേതിന്റെ വില ഒരു ലക്ഷം രൂപയാണെങ്കിൽ, രണ്ടാമത്തേതിന് 1.30 ലക്ഷം രൂപ (എക്‌സ് ഷോറൂം, സംസ്ഥാന സബ്‌സിഡികൾക്ക് മുമ്പ്) ലഭിക്കും. S1 വേരിയൻറ് 121 കിലോമീറ്റർ സഞ്ചരിക്കുമെന്ന് അവകാശപ്പെടുമ്പോൾ, കൂടുതൽ ചെലവേറിയ S1 പ്രോയ്‍ക്ക് 180 കിലോമീറ്റർ റേഞ്ച് കമ്പനി അവകാശപ്പെടുന്നു. 

നോർമൽ, സ്‌പോർട്ട്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുമായാണ് ഒല ഇ-സ്‌കൂട്ടറുകൾ വരുന്നത്. ആൻഡ്രോയിഡ് അധിഷ്‌ഠിത OS ഉള്ള വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ, ആപ്പ് കൺട്രോൾ, സ്‌പീക്കറുകൾ, ചാർജുചെയ്യാനുള്ള USB പോയിന്റ്, സീറ്റിനടിയിൽ വലിയ സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവ പോലുള്ള സവിശേഷതകൾ ഇതിന് ലഭിക്കുന്നു.

രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ വമ്പന്‍ വിപ്ലവവുമായാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒല ഒരു ഇലക്ട്രിക്ക് സ്‍കൂട്ടറുമായി രംഗത്ത് എത്തിയത്. ബുക്കിംഗില്‍ ചരിത്രം സൃഷ്‍ടിച്ച ഈ സ്‍കൂട്ടര്‍ വിപണത്തില്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ്. കൂടുതല്‍ റേഞ്ച്, ഉയര്‍ന്ന പവര്‍, വലിയ സ്റ്റേറേജ് കപ്പാസിറ്റി , മികച്ച കണക്ടിവിറ്റി ഉള്‍പ്പെടെ, ഇലക്ട്രിക് സ്‍കൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് ഒല വിപണിയിലെത്തുന്നത്. 85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടീവയുടെ വിലയേക്കാള്‍ കുറവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എസ്1 ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. എസ്1 വേരിയന്റ് വെറും 3.6 സെക്കന്റ് കൊണ്ട് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.  നോര്‍മല്‍ ‚സ്പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍. എസ് 1 പ്രോ വേരിയന്റില്‍ നോര്‍മല്‍ ‚സ്പോര്‍ട്ട് ഡ്രൈവ് മോഡുകള്‍ക്ക് പുറമേ ഹൈപ്പര്‍ മോഡും നല്‍കിയിട്ടുണ്ട്. എസ് 1 പ്രോ ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 115 കിലോമീറ്ററാണ് എസ് 1 പ്രോയുടെ പരമാവധി വേഗത.

ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തന്നത്. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാണ്.  എസ്1 വേരിയന്‍റ് അഞ്ച് നിറങ്ങളിൽ ലഭ്യമാകുമ്പോള്‍ പ്രോയ്ക്ക് കമ്പനി 10 കളർ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്​.

Latest Videos
Follow Us:
Download App:
  • android
  • ios