ഇത്രയും വിലക്കിഴിവുമായി ഒല ഇലക്ട്രിക്ക്, വേഗം ഷോറൂമിലേക്ക് വിട്ടോ!

S1 പ്രോ, S1 Air, S1 X+ (3kWh) മോഡലുകളുടെ വില മാത്രമാണ് കമ്പനി കുറച്ചത്. 2023 ഡിസംബറിൽ, എസ് 1 പ്രോയ്ക്ക് 20,000 രൂപ കിഴിവ് ഓല പ്രഖ്യാപിച്ചിരുന്നു.

Ola Electric cuts its scooter prices by up to Rs 25,000

രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്ക് അതിന്‍റെ S1 ഇലക്ട്രിക് സ്‍കൂട്ടർ ലൈനപ്പിൽ 25,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ചു. ഈ വിലകൾ ഫെബ്രുവരി മാസത്തിൽ മാത്രമേ ബാധകമാകൂ. S1 പ്രോ, S1 Air, S1 X+ (3kWh) മോഡലുകളുടെ വില മാത്രമാണ് കമ്പനി കുറച്ചത്. 2023 ഡിസംബറിൽ, എസ് 1 പ്രോയ്ക്ക് 20,000 രൂപ കിഴിവ് ഓല പ്രഖ്യാപിച്ചിരുന്നു.

ശക്തമായ  ലൈൻ-ഓഫ്-ഹൗസ് സാങ്കേതികവിദ്യയുടെയും നിർമ്മാണ ശേഷിയുടെയും പിൻബലത്തിൽ, ചെലവുകൾ പുനഃക്രമീകരിക്കാനും ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറാനും തങ്ങൾക്ക് കഴിഞ്ഞതായി കമ്പനി പറയുന്നു. മുൻനിര ഐസിഇ സ്‍കൂട്ടറുകൾക്ക് തുല്യമായ വിലയാണിതെന്നും ഒല ഇലക്ട്രിക് വക്താവ് പറഞ്ഞു.

ഈ മാസമാദ്യം, ഓല അതിൻ്റെ മുഴുവൻ ഉൽപ്പന്ന ശ്രേണിക്കും അധിക ചിലവില്ലാതെ പുതിയ എട്ട് വർഷം/80,000 കിലോമീറ്റർ വിപുലീകൃത ബാറ്ററി വാറൻ്റി വാഗ്ദാനം ചെയ്‍തിരുന്നു. ഇതുകൂടാതെ, കമ്പനിയുടെ സേവന ശൃംഖല ഏകദേശം 50 ശതമാനം വികസിപ്പിക്കാനും പദ്ധതിയുണ്ട്. കമ്പനിക്ക് രാജ്യത്ത് ആകെ 414 സേവന കേന്ദ്രങ്ങളുണ്ട്. ഇത് 2024 ഏപ്രിലിൽ 600 സേവന കേന്ദ്രങ്ങളാക്കി മാറ്റും.

അതേസമയം ഒല ഇലക്ട്രിക് ഒല എസ്1 ഇലക്ട്രിക് സ്‍കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി.  4kWh ബാറ്ററി പാക്കിൽ S1 X ഇലക്ട്രിക് സ്‍കൂട്ടർ ആണ് കഴിഞ്ഞ ദിവസം ഒല ഇലക്ട്രിക് പുറത്തിറക്കിയത്. ഒല S1 X ഇ-സ്‍കൂട്ടർ ഇപ്പോൾ 2kWh, 3kWh, 4kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. യഥാക്രമം 79,999 രൂപ, 89,999 രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. പുതിയ മോഡലുകൾ ഉൾപ്പടെ മൊത്തം ആറ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനിയുടെ ലൈനപ്പിലുള്ളത്.

4kWh ബാറ്ററി പായ്ക്ക് ഉള്ള ഒല S1 X ഒറ്റ ചാർജിൽ 190 കിമി വരെ റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇത് ടോപ്പ്-സ്പെക്ക് ജെൻ-2 എസ്1 പ്രോയേക്കാൾ അഞ്ച് കിലോമീറ്റർ കുറവാണ്. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം ആറ് മണിക്കൂറും 30 മിനിറ്റും എടുക്കും. വലിയ ബാറ്ററി പാക്ക് ഒഴികെ, ഒല S1 X ചെറിയ ബാറ്ററി പായ്ക്ക് ഉള്ള നിലവിലുള്ള മോഡലിന് സമാനമാണ്. ഇപ്പോൾ ഇതിന്‍റെ ഭാരം 112 കിലോഗ്രാം ആണ്. ഇത് 3kWh ബാറ്ററി പായ്ക്ക് ഉള്ള S1 X-നേക്കാൾ നാല് കിലോഗ്രാം കൂടുതലാണ്. അധിക ചാർജുകളില്ലാതെ ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് എട്ട് വർഷം/80,000 കിലോമീറ്റർ സ്റ്റാൻഡേർഡ് ബാറ്ററി വാറൻറിയും ഓല വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് വെറും 4,999 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റർ വിപുലീകൃത വാറൻറിയും 12,999 രൂപയ്ക്ക് 1.25 ലക്ഷം കിലോമീറ്ററും തിരഞ്ഞെടുക്കാം.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios