ഈ ഫാക്ടറിയില്‍ വനിതകള്‍ മാത്രം; ഇത് ഒലയുടെ 'പെണ്ണരശുനാട്'!

പരമ്പരാഗത സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ഒല. ഇലക്ട്രിക് സ്‍കൂട്ടർ നിർമാണ ഫാക്ടറിയി‍ൽ സ്ത്രീകൾ മാത്രമാകും ജീവനക്കാരെന്ന് കമ്പനി. വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ഏറ്റവും വലിയ ഫാക്ടറിയായി ഇത് മാറുമെന്നും കമ്പനി

Ola Electric aims to build worlds largest women only factory

രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ വമ്പന്‍ വിപ്ലവവുമായാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒല ഒരു ഇലക്ട്രിക്ക് സ്‍കൂട്ടറുമായി രംഗത്തെത്തുന്നത്. ബുക്കിംഗില്‍ ചരിത്രം സൃഷ്‍ടിച്ച ഈ സ്‍കൂട്ടര്‍ വിപണത്തില്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയാണ് എത്താന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന പുതിയൊരു വാര്‍ത്തയും ഒലയുടെ വ്യത്യസ്‍ത സമീപനങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

ഒല ഇലക്ട്രിക് സ്‍കൂട്ടർ നിർമാണ ഫാക്ടറിയി‍ൽ സ്ത്രീകൾ മാത്രമാകും ജീവനക്കാരെന്ന് സഹ സ്ഥാപകൻ ഭവിഷ് അഗർവാൾ വ്യക്തമാക്കിയതായി എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടിലെ ഹൊസൂരിലാണ് ഒല ഫ്യൂച്ചർ ഫാക്ടറി. ഒലയുടെ ഫ്യൂച്ചര്‍ ഫാക്ടറി പൂര്‍ണമായി വനിതകളായിരിക്കും കൈകാര്യം ചെയ്യുക എന്ന് സിഇഒ പറയുന്നു. ഇതിന്‍റെ ഭാഗമായി പതിനായിരം വനിതകളെ നിയമിക്കും. ഇത് യാഥാര്‍ഥ്യമായാല്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ഏറ്റവും വലിയ ഫാക്ടറിയായി ഇത് മാറുമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. വനിതാ ഫാക്ടറിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ആദ്യ ബാച്ചിനൊപ്പമുള്ള വിഡീയോ പങ്കുവെച്ചുകൊണ്ടാണ് ഭവിഷ് അഗർവാളിന്റെ ട്വീറ്റ്.

Ola Electric aims to build worlds largest women only factory

സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കുന്നതിലൂടെ അവരുടെ ജീവിതം മാത്രമല്ല മെച്ചപ്പെടുകയെന്നും മറിച്ച് അവരുടെ കുടുംബത്തിനും സമൂഹത്തിനും നേട്ടമുണ്ടാകുമെന്നും ഭവിഷ് പറഞ്ഞു.  തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി ഒല ചെയ്യാന്‍ ഉദ്ദേശിക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നുമാത്രമാണ് ഈ മുന്നേറ്റമെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഫാക്ടറിയില്‍ ഒരു വര്‍ഷം ഒരു കോടി ഇലക്ട്രോണിക് സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

വാഹന ടെക്‌നീഷ്യന്മാരും മെക്കാനിക്കുകളും വാഹന ഇലക്ട്രീഷ്യന്മാരുമായി ജോലി ചെയ്യുന്നവരിൽ 99 ശതമാനവും പുരുഷന്മാരാണെന്നാണ് 2020-ലെ 'വർക്കിങ് ഫ്യൂച്ചേഴ്‌സ്' റിപ്പോർട്ടിന്‍റെ കണക്കുകള്‍. വെൽഡിങ്, വലിയ യന്ത്രങ്ങളുടെ ഓപറേഷൻ, ഇലക്ട്രിക്കൽ - ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻ തുടങ്ങിയ ജോലികളിലും ഏറെക്കുറെ സമാനമായ പുരുഷ മേൽക്കോയ്മയാണുള്ളത്.  അങ്ങനെ നോക്കുമ്പോള്‍ വമ്പന്‍ ചുവടുവയ്പ്പാണ് ഒലയുടെ ഈ നീക്കം. 

Ola Electric aims to build worlds largest women only factory

നിലവിൽ ലോകത്തെ ഏറ്റവും വലിയ ടൂവീലർ ഫാക്ടറി തങ്ങളുടെ ഫ്യൂച്ചർ ഫാക്ടറിയാണെന്നാണ് ഒലയുടെ അവകാശവാദം. 500 ഏക്കറിൽ പ്രതിവർഷം ഒരു കോടി യൂണിറ്റുകൾ പുറത്തിറക്കാൻ കഴിയുന്ന ജംബോ ഫാക്ടറിയിൽ 3000-ലധികം റോബോട്ടുകളും ജോലി ചെയ്യുന്നുണ്ട്. രണ്ട് സെക്കന്റിൽ ഒരു സ്‌കൂട്ടർ എന്ന നിലയിലാണ് ഇവിടെ ഉൽപാദനം നടക്കുക. 2400 കോടി നിക്ഷേപത്തോടെ ആരംഭിച്ച ഫാക്ടറിയുടെ ആദ്യഘട്ട നിർമാണം ഇക്കഴിഞ്ഞ ജൂണിലാണ് പൂർത്തിയായത്. ഇവിടെ നിന്ന് ആദ്യ സ്‌കൂട്ടർ ആഗസ്റ്റ് 15-ന് പുറത്തിറങ്ങുകയും ചെയ്തു. ഈയിടെയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് ഒല തുടക്കമിട്ടത്. നേരത്തെ 499 രൂപ നൽകി ഓൺലൈനിൽ ബുക്ക് ചെയ്തവർക്കാണ് സ്‌കൂട്ടർ ലഭ്യമാക്കുന്നത്.

പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടറിന്‍റെ രണ്ട് വേരിയന്റുകളാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഒല പുറത്തിറക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമ്മാണ ഫാക്ടറി തന്നെ ഒല ഇന്ത്യയിൽ സ്ഥാപിച്ചുകഴിഞ്ഞു. ഡീലർമാരെ ഒഴിവാക്കി നേരിട്ട് ഡെലിവറി നൽകുന്നതുൾപ്പടെയുള്ള നിരവധി പ്രത്യേകതകളുമായാണ് ഒലയുടെ വരവ്. ഇതിന് പുറമേ രാജ്യവ്യാപകമായി ചാർജിംഗ് സ്റ്റേഷനുകളുടെ ശ്രേണി ഒരുക്കുന്നതിലും കമ്പനി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. 

ഒല സ്‍കൂട്ടര്‍ വാങ്ങുന്നത് എങ്ങനെ?
ഒല ആപ്പിലെ പര്‍ച്ചേസ് വിന്‍ഡോ കഴിഞ്ഞ ദിവസം തുറന്നു. ബുധനാഴ്‍ച വൈകുന്നേരം 6 മുതലാണ് കമ്പനി​ പർച്ചേസ്​ വിൻഡോ തുറന്നത്​. നേരത്തേ വാങ്ങുന്നവർക്ക്​ മുൻഗണനാ ഡെലിവറി ലഭിക്കും. വാഹനം വാങ്ങലും നിറങ്ങളുടെ തെരഞ്ഞെടുപ്പും ടെസ്​റ്റ്​ ഡ്രൈവ്​ ബുക്കിങുമെല്ലാം ഓൺലൈനായാണ്​ നിർവഹിക്കേണ്ടത്​. വാഹനം ഹോം ​ഡെലിവറി ആയി വീട്ടിലെത്തിക്കും.

വാങ്ങല്‍ പ്രക്രിയ
ജൂലൈ 15 ന് ഓല സ്​കൂട്ടറുകൾക്ക് ബുക്കിംഗ്​ സ്വീകരിച്ചുതുടങ്ങിയിരുന്നു. നേരത്തെ റിസർവേഷൻ ഉള്ള ആർക്കും ഓൺലൈനായി ഓല സ്​കൂട്ടറുകളുടെ വാങ്ങൽ നടപടികളിലേക്ക് കടക്കാം. മുഴുവൻ വാങ്ങൽ പ്രക്രിയയും പരിധികളില്ലാതെ ഡിജിറ്റൽ ആയാണ്​ ലഭ്യമാക്കുന്നതെന്ന്​ കമ്പനി അധികൃതർ പറയുന്നു. ഷോറൂമുകൾ സന്ദർശിക്കാതെ വീട്ടിൽ ഇരുന്ന്​ ഓല സ്​കൂട്ടർ വാങ്ങാം. മുൻഗണനാ ക്രമത്തിലായിരിക്കും ഡെലിവറി നടക്കുക. സ്റ്റോക്​ അവസാനിക്കുന്നതുവരെ മാത്രമേ വിൻഡോ തുറന്നിരിക്കുകയുള്ളൂ.

ആവശ്യമായ വകഭേദവും ഇഷ്​ടപ്പെടുന്ന നിറവും തിരഞ്ഞെടുക്കുക എന്നതാണ് വാഹനം വാങ്ങുന്നതി​ന്‍റെ ആദ്യ പടി. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട്​​ വേരിയൻറുകളാണ്​ ഒലക്കുള്ളത്​. 10 നിറങ്ങളിൽ നിന്നും 2 ഫിനിഷുകളിൽ നിന്നും ഇഷ്​ടമുള്ളതും​ തിരഞ്ഞെടുക്കാം. ആദ്യം ഓർഡർ ചെയ്​തതിന്​ ശേഷവും വേണമെങ്കിൽ വേരിയൻറിനേയും നിറത്തെയും മാറ്റാനും സാധിക്കും. പക്ഷേ വാഹനം ഡെലിവറിക്കായി പുറപ്പെടുന്നതുവരെ മാത്രമേ ഇത്​ സാധ്യമാവുകയുള്ളൂ.

Ola Electric aims to build worlds largest women only factory

പണം നൽകുന്നത്
ഓല ഫിനാൻഷ്യൽ സർവീസസ് (OFS)ഉപഭോക്​താക്കൾക്ക്​ തിരഞ്ഞെടുക്കാൻ സൗകര്യപ്രദമായ ഇൻ-ക്ലാസ് ഫിനാൻസിങ്​ ഓപ്ഷനുകൾ നൽകുമെന്ന്​ കമ്പനി പറയുന്നു. ഡൗൺപേയ്​മെൻറ്​ അടച്ചശേഷം ധനസഹായം ആവശ്യമുണ്ടെങ്കിൽ ഓല ഫിനാൻഷ്യൽ സർവീസസ് ​സഹായിക്കും. ഐഡിഎഫ്​സി ഫസ്റ്റ് ബാങ്ക്, എച്ച്​ഡിഎഫ്​സി, ടാറ്റ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി ചേർന്നാണ്​ ഒല നിലവില്‍ പ്രവർത്തിക്കുന്നത്​. ഇഎംഐകൾ 2999 രൂപയിലും (ഓല എസ് 1 ) 3199 രൂപയിലും (ഓല എസ് 1 പ്രോ) ആരംഭിക്കും. എച്ച്ഡിഎഫ്​സി ബാങ്ക് ഓല ഇലക്ട്രിക് ആപ്പുകളിൽ മിനിറ്റുകൾക്കുള്ളിൽ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് വായ്​പ നൽകും.

Ola Electric aims to build worlds largest women only factory

ടാറ്റ ക്യാപിറ്റലും ഐഡിഎഫ്​സി ഫസ്റ്റ് ബാങ്കും ഡിജിറ്റൽ കെവൈസി പ്രോസസ്സ് ചെയ്യുകയും യോഗ്യരായ ഉപഭോക്താക്കൾക്ക് തൽക്ഷണ വായ്​പ അനുമതികൾ നൽകും. ആധാർ കാർഡ്​, പാൻ കാർഡ, വിലാസത്തി​െൻറ തെളിവ്​ എന്നിവയാണ്​ ഉപഭോക്​താക്കൾ കയ്യിൽ കരുതേണ്ടത്​. ഫിനാൻസ്​ ആവശ്യമില്ലെങ്കിൽ ഓല എസ് 1 ന് 20,000 രൂപയോ ഓല എസ് 1 പ്രോയ്ക്ക് 25,000 രൂപയോ അഡ്വാൻസ് നൽകാം. ബാക്കി തുക മറ്റ്​ നടപടികൾ പൂർത്തിയാക്കു​മ്പോൾ നൽകിയാൽ മതി. ബുക്കിംഗ്​ റദ്ദാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഡൗൺ-പേയ്‌മെൻറും അഡ്വാൻസും പൂർണമായും റീഫണ്ട് ചെയ്യാവുന്നതാണ്. ഓല ഫാക്ടറിയിൽ നിന്ന് സ്​കൂട്ടർ അയയ്ക്കുന്നതുവരെ മാത്രമേ ബുക്കിംഗ്​ റദ്ദാക്കാനാവൂ.

Ola Electric aims to build worlds largest women only factory

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios