ചൈനയിലുണ്ടാക്കിയ വണ്ടികള്‍ ഇന്ത്യയിൽ വില്‍ക്കാമെന്ന് കരുതേണ്ട, തുറന്നടിച്ച് കേന്ദ്ര സര്‍ക്കാര്‍!

ചൈനയിലുണ്ടാക്കിയ ഈ വണ്ടികള്‍ ഇന്ത്യയിൽ വില്‍ക്കാമെന്ന് കരുതേണ്ട. ഈ കമ്പനി മുതലാളിയോട് തുറന്നടിച്ച് കേന്ദ്രമമന്ത്രി 

Nitin Gadkari tells to Elon Musk  Do not sell China made EVs in India

ചൈനയില്‍ (China) നിർമ്മിക്കുന്ന കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്നും പകരം അത് ഇന്ത്യയില്‍ത്തന്നെ നിർമ്മിക്കണമെന്നും അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ലയോട് (Tesla) ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിയാണ് (Nithin Gadkari) ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ കയറ്റുമതി ചെയ്യാനും ടെസ്‍ല തലവന്‍ ഇലോൺ മസ്‌കിനോട് (Elon Musk) ഗഡ്‍കരി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

"നിങ്ങളുടെ കമ്പനി ചൈനയിൽ നിർമ്മിച്ച ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് ഞാൻ ടെസ്ലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങൾ ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുകയും ഇന്ത്യയിൽ നിന്ന് കാറുകൾ കയറ്റുമതി ചെയ്യുകയും വേണം," അദ്ദേഹം പറഞ്ഞു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ടെസ്‌ലയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നു.  ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ പേരിലുള്ള അസ്വാരസ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശം എന്നതും ശ്രദ്ധേയമാണ്. 

നേരത്തെ ഇന്ത്യയില്‍ വാഹനം എത്തിക്കുന്നതും നികുതി സംബന്ധമായ കാര്യങ്ങളില്‍ ടെസ്‍ല തലവന്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കൂടുതലാണെന്നും അത് കുറയ്ക്കണമെന്നും ടെസ്‍ല നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാഹനം ഇറക്കുമതി ചെയ്യാന്‍ കമ്പനി സന്നദ്ധമാണെന്നും എന്നാല്‍, ലോകത്തിലെ മറ്റ് ഏത് രാജ്യത്തെക്കാളും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയില്‍ ഈടാക്കുന്നതെന്നായിരുന്നു ഇലോണ്‍ മസ്‌കി ട്വിറ്റര്‍ പോസ്റ്റിലൂടെ പറഞ്ഞത്. എന്നാല്‍ പൂർണമായി ഇറക്കുമതി ചെയ്‍ത കാറുകൾക്ക് നികുതിയിളവ് നൽകാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അപ്പോള്‍ത്തന്നെ മറുപടിയും നല്‍കി. 

ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിന് നികുതിയിളവ് ആവശ്യമാണെങ്കിൽ ഇവിടെ അസംബ്ലിങ് തുടങ്ങാനായിരുന്നു അമേരിക്കൻ ഭീമനോട് കേന്ദ്രസർക്കാർ നിർദേശിച്ചത്. ഇന്ത്യയിൽ ഉത്പാദനം തുടങ്ങിയതിനു ശേഷം നികുതിയിൽ ഇളവ് വരുത്തുന്ന കാര്യം ആലോചിക്കാമെന്നാണ് കേന്ദ്ര സർക്കാർ ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ലയോട് വ്യക്തമാക്കിയത്. രണ്ടോ മൂന്നോ വർഷത്തിനുശേഷം നിക്ഷേപം നടത്തുന്നത് പരിഗണിക്കാമെന്ന ഉറപ്പിൽ ഇറക്കുമതിത്തീരുവ കുറച്ചുകൊടുക്കാനാവില്ലെന്നും ഇത് ഏതാനുംവർഷങ്ങളായി തുടർന്നുവരുന്ന രാജ്യത്തിന്റെ നയങ്ങൾക്കെതിരാകുമെന്നും ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ച മറ്റ് കമ്പനികൾക്ക് നല്ല സൂചന നൽകില്ലെന്നും നിലവിൽ ഇവിടെ ഉത്പാദനം തുടങ്ങിയവരോടുകാണിക്കുന്ന അനീതിയുമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

നിലവിൽ 60-100 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ ഈടാക്കുന്ന ഇറക്കുമതി തീരുവ. എന്‍ജിന്‍ സൈസ്, വില, ഇന്‍ഷുറന്‍സ്, സി.ഐ.എഫ്. മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് 60 മുതല്‍ 100 ശതമാനം വരെ തീരുവ ഈടാക്കുന്നത്. ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിനായാണ് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഈ നിരക്കിൽ കുറവ് വരുത്തണമെന്നാണ് ടെസ്‍ലയുടെ ആവശ്യം. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി സർക്കാർ കുറച്ചിരുന്നു. കഴിഞ്ഞ ജൂലായിലാണ് ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ല നികുതിയിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. ഇതിനിടെ ടെസ്‍‍‍‍‍‍‍‍‍‍‍‍‍‍ലയ്ക്ക് ഇളവ് നൽകിയാൽ തങ്ങൾക്കും ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഹ്യൂണ്ടായിയും രംഗത്ത് വന്നു. പക്ഷേ ആർക്കും യാതൊരു ഇളവുകൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാർ പറയുന്നത്.  ടെസ്‍ലയ്ക്ക് ഇളവ് അനുവദിക്കുന്നതിനെതിരെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികളും നേരത്തെ രംഗത്തെത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios