ഈ വില കുറഞ്ഞ എസ്‌യുവി വിറ്റഴിക്കപ്പെടുന്നത് അതിവേഗം, ബുക്കിംഗില്‍ കണ്ണുനിറഞ്ഞ് കമ്പനി!
കമ്പനിയുടെ കണക്കുകൾ പ്രകാരം നിസാൻ മാഗ്നൈറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചു.
ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ അതിന്റെ വില കുറഞ്ഞ കാറുകൾക്ക് പേരുകേട്ടതാണ്. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകൾ അടുത്തിടെ നിസാൻ മോട്ടോർ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഈ വർഷം മൊത്തം 94,219 യൂണിറ്റുകൾ മൊത്തമായി വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. കമ്പനിയുടെ കണക്കുകൾ പ്രകാരം നിസാൻ മാഗ്നൈറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചു.
ഒരു ലക്ഷം ബുക്കിംഗുമായി വാഹനം എല്ലാവരെയും അമ്പരപ്പിച്ചു. ഇന്ത്യയുടെ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും നിസാൻ മാഗ്‌നൈറ്റിന് ഒരു ലക്ഷത്തിലധികം ബുക്കിംഗ് ലഭിച്ചു. ബി-എസ്‌യുവി വിഭാഗത്തിൽ ഇത് തിരഞ്ഞെടുത്ത എസ്‌യുവിയായി ഉയർന്നു. ഇത് ജപ്പാനിൽ രൂപകൽപ്പന ചെയ്‌തതും ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി ഇന്ത്യയിൽ നിർമ്മിച്ചതുമാണ്.
2022-23 സാമ്പത്തിക വർഷത്തിൽ 94,219 യൂണിറ്റുകളുടെ മൊത്ത വിൽപ്പനയുമായി നിസ്സാൻ ഇന്ത്യ 23 ശതമാനം വളർച്ച രേഖപ്പെടുത്തി. സാമ്പത്തിക വർഷത്തിൽ 33,611 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 60,608 യൂണിറ്റുകളുടെ കയറ്റുമതിയും ഇതിൽ ഉൾപ്പെടുന്നു.
2023 മാർച്ചിലെ വിൽപ്പന കണക്കനുസരിച്ച്, ജാപ്പനീസ് കാർ നിർമ്മാതാവ് 10,519 യൂണിറ്റുകൾ വിറ്റു, അതിൽ 3,260 യൂണിറ്റ് ആഭ്യന്തര വിപണിയും 7,259 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു. 2022 മാർച്ചിൽ 4,976 യൂണിറ്റുകൾ കയറ്റുമതി ചെയ്യുമ്പോൾ ബ്രാൻഡ് രാജ്യത്ത് 3,007 യൂണിറ്റുകൾ വിറ്റഴിച്ചതിനാൽ, ഇത് വർഷം തോറും മൊത്തത്തിലുള്ള 31 ശതമാനം മൊത്തവ്യാപാര വളർച്ചയാണ് .
അഞ്ച് ട്രിമ്മുകളും എട്ട് കളർ ഓപ്ഷനുകളും കാറിന് ലഭിക്കുന്നു. നിസാൻ മാഗ്നൈറ്റ് എട്ട് നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ്. അഞ്ച് സീറ്റുള്ള ഈ കാറിന് ഒരു ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. ഇത് 72 പിഎസ് പവർ കപ്പാസിറ്റിയും 96 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു. ഈ മോഡലിൽ 1 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ കരുത്തുറ്റ എഞ്ചിൻ യൂണിറ്റ് 99 ബിഎച്ച്പിയും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്‍പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക് (1.0L ടർബോ മാത്രം) ഉൾപ്പെടുന്നു.
മാഗ്‌നൈറ്റിന്റെ ടോപ്പ്-ഓഫ്-ലൈൻ വേരിയന്റിൽ 360-ഡിഗ്രി ക്യാമറയും സ്‌മാർട്ട് വാച്ച് കണക്റ്റിവിറ്റിയ്‌ക്കൊപ്പം കണക്റ്റുചെയ്‌ത 50ല്‍ അധികം കാർ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി ബൈ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, സെഗ്‌മെന്റ് ഫസ്റ്റ് ഉള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായാണ് എസ്‌യുവി വരുന്നത്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, വോയ്‌സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയും വാഹനത്തില്‍ ലഭിക്കുന്നു. ആറ് ലക്ഷം രൂപ മുതൽ 10.94 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിൽ വാഹനം വിപണിയിൽ ലഭ്യമാണ്.