ലൈറ്റ് ഡിം ചെയ്യൂ, ജീവിതങ്ങളിലെ വെളിച്ചം അണയാതിരിക്കട്ടെ; ശ്രദ്ധേയമായി ഈ ഹ്രസ്വചിത്രം
വാഹനങ്ങളിലെ ലൈറ്റുകള്‍ ഡിം ചെയ്യാത്തതുമൂലമുള്ള ദുരന്തങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അടുത്തകാലത്ത് നടന്ന ഒരു അപകട വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
രാത്രികാലങ്ങളിൽ വാഹനവുമായി റോഡിലിറങ്ങുന്ന ആളാണോ നിങ്ങൾ? എതിരെ വരുന്ന വാഹനങ്ങൾക്ക് ലൈറ്റ് ഡിം (Headlight Dim) ചെയ്‍ത് കൊടുക്കുന്ന ശീലമുള്ള ആളാണ് നിങ്ങൾ എങ്കിൽ ഡ്രൈവിംഗിനോടൊപ്പം നിരവധി മനുഷ്യജീവനുകള്‍ കൂടിയാണ് നിങ്ങൾ രക്ഷപ്പെടുത്തുന്നത്. രാത്രിയിൽ നിരത്തുകളിൽ വാഹനങ്ങളുടെ ലൈറ്റ് ഡിം (Headlight Dim) ചെയ്യാത്തത് കൊണ്ടു മാത്രം അനുദിനം നിരവധി പേര്‍ക്കാണ് വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നതും മരണപ്പെടുന്നതും. ഇത്തരത്തിൽ വർധിക്കുന്ന അപകടങ്ങളെക്കുറിച്ചു പൊതുജനങ്ങളിൽ ബോധവൽക്കരണവുമായി ശ്രദ്ധേയമാകുകയാണ് നൈറ്റ് ഡ്രൈവ് എന്ന ഈ ഹ്രസ്വചിത്രം.
പയ്യന്നൂര്‍ സ്വദേശികളായ ഒരുകൂട്ടം യുവാക്കളാണ് ഈ ഹ്രസ്വചിത്രത്തിന് പിന്നില്‍. സമീപകാലത്തു നടന്ന ഒരു അപകടവാർത്തയെ അടിസ്ഥാനമാക്കിയാണ് നൈറ്റ് ഡ്രൈവ് തയാറാക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കരിവെള്ളൂർ സ്വദേശിയും മാധ്യമപ്രവർത്തകനും പരസ്യചിത്ര സംവിധായകനുമായ
യു ഹരീഷ് ആണ് തിരക്കഥയെഴുതി ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജിതിൻ ജിട്ടിക്സ് കാമറയും എഡിറ്റിംഗും നിർവഹിച്ചു. എം സൗരവ് ആണ് ക്രീയേറ്റീവ് ഹെഡ്. മീഡിയ ക്രീയേഷൻസ് ആണ് പ്രൊഡക്ഷൻ ഹൌസ്. ഡോ ശ്രുതിൻ ബാലഗോപാൽ, ഡോ രമ്യ ഇ, ജോ.ആർടിഒ ടി പി പ്രദീപ്‍ കുമാർ , മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസൻ, പൂജ പദ്‍മരാജ് , പ്രാർത്ഥന പദ്‍മരാജ് , സനയ് കൃഷ്‌ണ , ശ്രീനന്ദ , ശിവാനി മുരളീധരൻ , അക്ഷയ് കുമാർ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനിയിച്ചിരിക്കുന്നു.
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ഈ ഹ്രസ്വ ചിത്രം പുറത്തിറക്കി. സമീപകാലത്തു നടന്ന ഒരു അപകടവാർത്തയെ അടിസ്ഥാനമാക്കിയാണ് നൈറ്റ് ഡ്രൈവ് തയാറാക്കിയതെന്നും അതിനാൽ ബോധവൽക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങളിക്ക് എത്തുന്നത് കൂടുതൽ അപകടങ്ങൾ ഇല്ലാതാക്കാൻ ഉപകരിക്കുമെന്നും സംവിധായകൻ യു ഹരീഷ് പറഞ്ഞു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ നൈറ്റ് ഡ്രൈവ് പൊതുജനങ്ങളിലേക്ക് എത്തിക്കും. സ്‍കൂളുകളിലും കോളേജുകളിലും ചിത്രം പ്രദർശിപ്പിക്കും.