ഭ്രാന്തെടുത്ത് ഫാൻസ്! ഒറ്റമണിക്കൂറിൽ ഥാർ റോക്‌സ് വാരിയത് ഇത്രലക്ഷം ബുക്കിംഗ്, സെക്കൻഡിലെ കണക്കുകൾ ഞെട്ടിക്കും
അഞ്ച് ഡോർ ഥാർ റോക്സിന് വൻ ഡിമാൻഡ്. ഒരു മണിക്കൂറിനകം ബുക്ക് ചെയ്‍തത് 1.76 ലക്ഷം ആളുകൾ. സെക്കൻഡിലെ കണക്കുകൾ ഇങ്ങനെ
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹനങ്ങളോട് ഉപഭോക്താക്കൾക്കിടയിൽ വളരെയധികം ജനപ്രിയത ഉണ്ട്. മഹീന്ദ്ര ഥാറിനാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ക്രേസ് കാണുന്നത്. മൂന്ന് ഡോർ മഹീന്ദ്ര ഥാർ ജനപ്രിയമായതിന് പിന്നാലെ ഈ വാഹനത്തിൻ്റെ അഞ്ച് ഡോർ പതിപ്പായ മഹീന്ദ്ര ഥാർ റോക്‌സും കമ്പനി അടുത്തിടെയാണ് പുറത്തിറക്കിയത്. കമ്പനി റോക്‌സിൻ്റെ ബുക്കിംഗും ആരംഭിച്ചു. ഈ വാഹനത്തിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഒക്ടോബർ മൂന്നിന് രാവിലെ 11 മണി മുതലാണ് പുതിയ ഥാർ റോക്സ് ബുക്കിംഗ് മഹീന്ദ്ര ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് 60 മിനിറ്റിനുള്ളിൽ 1.76 ലക്ഷം ബുക്കിംഗ് കമ്പനിക്ക് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. അതനുസരിച്ച് നോക്കിയാൽ, ഈ എസ്‌യുവിക്ക് ഒരു സെക്കൻഡിൽ 47 ബുക്കിംഗുകൾ ലഭിച്ചു. ഈ കണക്കുകൾ കാണുമ്പോൾ, ഈ എസ്‍യുവി വാങ്ങാൻ ഫാൻസിനിടയിൽ വൻ തിരിക്കാണെന്നു തോന്നുന്നു.
മഹീന്ദ്ര കമ്പനിയുടെ ഈ കാർ ബുക്ക് ചെയ്യണമെങ്കിൽ 21,000 രൂപ ബുക്കിംഗ് തുക നൽകണം. ബുക്കിംഗ് ആരംഭിച്ചതോടെ ഈ വാഹനത്തിൻ്റെ ടെസ്റ്റ് ഡ്രൈവും കമ്പനി ആരംഭിച്ചിട്ടുണ്ട്. റോക്സിന്‍റെ ഡെലിവറി ഉടൻ ആരംഭിക്കുമെന്ന് മഹീന്ദ്ര പറയുന്നു. 2024 ദസറയുടെ തുടക്കത്തിൽ ഈ വാഹനത്തിൻ്റെ വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. MX1, MX5, MX3, AX5L, AX3L, AX7L എന്നിങ്ങനെ മൊത്തം ആറ് വേരിയൻ്റുകളാണ് ഈ എസ്‍യുവിക്ക് ഉള്ളത്. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, പുതിയ ഥാർ റോക്‌സിന് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണ്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ നിങ്ങൾക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളും ലഭിക്കും. അതേ സമയം, ഈ വാഹനത്തിൻ്റെ 4X4 വേരിയൻ്റ് ഡീസൽ വേരിയൻ്റിൽ മാത്രമേ ലഭിക്കൂ.
ഓഫ്-വൈറ്റ് ഇൻ്റീരിയറോടെയാണ് കമ്പനി ഈ എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും, ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിച്ചതിന് ശേഷം, മഹീന്ദ്ര താർ റോക്‌സിന് ഒരു പുതിയ ഇൻ്റീരിയർ ഓപ്ഷൻ കൂടി കഴിഞ്ഞദിവസം അവതരിപ്പിച്ചു. 'മോച്ച ബ്രൗൺ' എന്നാണിതിന്‍റെ പേര്. ഇത് എസ്‌യുവിയുടെ ഇൻ്റീരിയർ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. പ്രത്യേകിച്ച്, ഓഫ്-റോഡ് ഡ്രൈവിംഗ് സമയത്ത് മോച്ച ബ്രൗൺ ഇൻ്റീരിയർ എളുപ്പത്തിൽ മലിനമാകില്ല.