സൂപ്പർബ്, കൊഡിയാക് ടീസറുകളുമായി സ്‍കോഡ
സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽലാമ്പുകളും സഹിതം രണ്ട് മോഡലുകളുടെയും സിൽഹൗട്ടാണ് ടീസർ ചിത്രങ്ങൾ കാണിക്കുന്നത്.
ചെക്ക് വാഹന നിർമ്മാതാക്കളായ സ്‍കോഡ പുതിയ തലമുറ സ്‌കോഡ സൂപ്പർബ് എക്‌സിക്യൂട്ടീവ് സെഡാന്റെയും കൊഡിയാക് 7 സീറ്റർ എസ്‌യുവിയുടെയും ആദ്യ ടീസറുകൾ പുറത്തിറക്കി. സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽലാമ്പുകളും സഹിതം രണ്ട് മോഡലുകളുടെയും സിൽഹൗട്ടാണ് ടീസർ ചിത്രങ്ങൾ കാണിക്കുന്നത്. പെട്രോൾ, ഡീസൽ, മൈൽഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് സജ്ജീകരണം എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം പുതിയ സൂപ്പർബ്, കൊഡിയാക് എന്നിവ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 2024 സ്‌കോഡ കൊഡിയാക്കിന്റെയും സൂപ്പർബിന്റെയും ഐസിഇ-പവർ പതിപ്പ് ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം കുറിക്കും.
പുതിയ സൂപ്പർബ് സുഖസൌകര്യങ്ങളുടെയും സ്ഥലത്തിന്റെയും കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കും എന്നും അതേസമയം പുതിയ കൊഡിയാക് സുരക്ഷ, സാങ്കേതികവിദ്യ, വൈദഗ്ധ്യം എന്നിവ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും എന്നും കാർ നിർമ്മാതാവ് അവകാശപ്പെടുന്നു. ഫോക്‌സ്‌വാഗൺ പാസാറ്റിനൊപ്പം സ്ലോവാക്യയിലെ ബ്രാറ്റിസ്‌ലാവയിൽ പുതിയ സൂപ്പർബ് (ഗ്ലോബൽ-സ്പെക്ക്) നിർമ്മിക്കുമെന്നും സ്കോഡ വെളിപ്പെടുത്തി. പുതിയ കൊഡിയാക്, ചെക്ക് റിപ്പബ്ലിക്കിലെ കാർ നിർമ്മാതാക്കളുടെ ക്വാസിനി ഫെസിലിറ്റിയിൽ അസംബിൾ ചെയ്യുന്നത് തുടരും. അതേസമയം കൂടുതൽ കർശനമായ BS6 ഘട്ടം II എമിഷൻ മാനദണ്ഡങ്ങൾ കാരണം സ്കോഡ സൂപ്പർബ്, ഒക്ടാവിയ സെഡാനുകൾ ഇന്ത്യയിൽ നിർത്തലാക്കിയിരുന്നു.
2024 സ്‌കോഡ കൊഡിയാക്, സ്‌കോഡ സൂപ്പർബ് എന്നിവയ്‌ക്ക് പുറമെ, 2026 ഓടെ ആറ് ഓൾ-ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള പദ്ധതിയും അടുത്തിടെ സ്‍കോഡ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഇവി ലൈനപ്പിൽ രണ്ട് എസ്‌യുവികളും ഒരു എംപിവിയും ഒരു കോമ്പി വാഗനും ഉൾപ്പെടുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ താങ്ങാനാവുന്ന ആഗോള ചെറുകിട ഇവി വിപണിയിലേക്കും കമ്പനി കടക്കും. സ്കോഡയുടെ പുതിയ ചെറിയ ഇലക്ട്രിക് എസ്‌യുവിയായ എൽറോക്കിന് ഏകദേശം 4.1 മീറ്റർ നീളം വരും. ആഗോള വിപണികളിൽ, സ്കോഡ കരോക്കിന് പകരമായി ഇത് അവതരിപ്പിക്കും. സ്‌കോഡ എൽറോക്ക് 2024-ൽ വിപണിയിൽ റിലീസ് ചെയ്യും.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാർ നിർമ്മാതാവ് അതിന്‍റെ എൻയാക് എസ്‌യുവി ശ്രേണിയും അപ്‌ഡേറ്റ് ചെയ്യും. എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്‌ത മോഡലിൽ ബ്രാൻഡിന്റെ പുതിയ മോഡേൺ സോളിഡ് ഡിസൈൻ ഭാഷയും ആധുനികവും കാര്യക്ഷമവുമായ ആന്തരിക ജ്വലന എഞ്ചിനുകളും ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു. നിലവിലുള്ള ഗ്ലോബൽ-സ്പെക്ക് സ്കോഡ എൻയാക് iV ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് എത്തും. 77kWh ബാറ്ററി പാക്കും ഡ്യുവൽ മോട്ടോർ സജ്ജീകരണവും ഉള്ള ടോപ്പ്-എൻഡ് എൻയാക്ക് iV 80X ട്രിമ്മിൽ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. 513 കിലോമീറ്റർ വരെ WLTP ക്ലെയിം ചെയ്‍ത റേഞ്ചും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.