ദില്ലി - തിരുവനന്തപുരം ട്രെയിന്‍; കേരളത്തിലെ സ്റ്റോപ്പും സമയവും
ആദ്യ ട്രെയിൻ (02432)രാജധാനി എക്സ്പ്രസിന്റെ സമയക്രമം പാലിച്ചു നാളെ രാവിലെ 11.25നാണ് പുറപ്പെടുക. തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള സർവീസ് 15 മുതലാണ്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസ് ഭാഗികമായി വീണ്ടും തുടങ്ങുകയാണ്. ലോക്ക് ഡൗൺ ആരംഭിച്ച ശേഷം ദില്ലിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ പുറപ്പെടും. ആദ്യ ട്രെയിൻ (02432)രാജധാനി എക്സ്പ്രസിന്റെ സമയക്രമം പാലിച്ചു നാളെ രാവിലെ 11.25നാണ് പുറപ്പെടുക. തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള സർവീസ് 15 മുതലാണ്. കേരളത്തിലേക്കുള്ള ബുക്കിങ് ഇന്നലെ രാത്രി ഒൻപതിനാണ് ആരംഭിച്ചത്. തിരക്ക് കൂടുന്നതതനുസരിച്ച് നിരക്ക് കൂടുന്ന ഡൈനമിക് പ്രൈസിങ് രീതിയാണുള്ളത്.
ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലാണ് ദില്ലി– തിരുവനന്തപുരം സ്പെഷൽ ട്രെയിൻ (02432). തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള സർവീസ് (02431) വെള്ളി, വ്യാഴം, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 7.45നു പുറപ്പെടും. തിരുവനന്തപുരം, എറണാകുളം സൗത്ത്, കോഴിക്കോട്, മംഗളൂരു, മഡ്ഗാവ്, പൻവേൽ, വഡോദര, കോട്ട എന്നിവിടങ്ങളിലാണു സ്റ്റോപ്. ബുധൻ, ഞായർ ദിവസങ്ങളിലാണ് കേരളത്തിലേക്കും കേരളത്തിൽ നിന്ന് ട്രെയിൻ സർവീസുകൾ ഉണ്ടാവുക. ഈ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കുള്ളിൽ വിറ്റുതീർന്നു. വെള്ളിയാഴ്ചത്തെ തിരുവനന്തപുരം-ദില്ലി ട്രെയിനിന്റെ ടിക്കറ്റുകളും തീര്‍ന്നു.
കേരളത്തിലെ സ്റ്റോപ്പും സമയവും
- ദില്ലി – തിരുവനന്തപുരം: കോഴിക്കോട്ട് പിറ്റേന്നു രാത്രി 9.52, എറണാകുളത്ത് മൂന്നാം ദിനം പുലർച്ചെ 1.40, തിരുവനന്തപുരത്ത് പുലർച്ചെ 5.25
- തിരുവനന്തപുരം– ദില്ലി: എറണാകുളത്ത് രാത്രി 11.10, കോഴിക്കോട്ട് പുലർച്ചെ 2.47. മൂന്നാംദിവസം ഉച്ചക്ക് 12.40ന് ദില്ലിയില്‍ എത്തും.