നിങ്ങളുടെ വാഹനം വിൽക്കുകയാണോ? മനസമാധാനം നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പുമായി എംവിഡി
വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്
വാഹനം വിൽക്കുന്നവർക്കും വിറ്റവർക്കും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഉടമസ്ഥാവകാശം മാറ്റാതെയാണ് വാഹനം കൈമാറ്റം ചെയ്തിട്ടുള്ളതെങ്കിൽ ഭാവിയിൽ നിയമ പ്രശ്നങ്ങളിലേക്കും മനസമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കമെന്നാണ് എം വി ഡി നൽകുന്ന മുന്നറിയിപ്പ്. വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളതെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങളിൽ വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യങ്ങളിൽ ക്യാമറ എൻഫോഴ്സ്മെന്റിന്റെ ആധുനിക കാലത്ത് നിർബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമേ വാഹനം കൈമാറ്റം ചെയ്യാവു എന്നും മോട്ടോർ വാഹന വകുപ്പ് വിവരിച്ചു. ഇതിനായുള്ള ഏറ്റവും ലളിതമായ വഴികളും എം വി ഡി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്.
എംവിഡിയുടെ മുന്നറിയിപ്പ്
ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്? എന്നാൽ അത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാം!
വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്.
മേൽവിലാസം മാറ്റുന്ന സർവീസ് ഇപ്പോൾ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ് നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ്സ് നിലകൊള്ളുന്ന ആർ ടി ഓഫീസിലൊ വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫീസിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇതിനായി വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ് ഡോക്യുമെന്റുകളും ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത്, വിൽക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ ടി പി എന്റർ ചെയ്ത് അപേക്ഷ തയ്യാറാക്കി നിലവിലുള്ള ഓഫീസിൽ തന്നെ അപേക്ഷ നൽകിയാൽ മതിയാകുന്നതാണ്. പേര് മാറിയതിനു ശേഷം ആർ സി ബുക്കും മറ്റ് അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് മുഖാന്തരം പുതിയ ഉടമസ്ഥന് ആർ ടി ഓഫീസിൽ നിന്ന് അയച്ചു നൽകുന്നതാണ്.
ആധാർ അധിഷ്ഠിത ഫേസ് ലെസ് സർവീസ് ആയിട്ടാണ് അപേക്ഷ സമർപ്പിക്കുന്നത് എങ്കിൽ നിലവിലുള്ള ഒറിജിനൽ ഡോക്യുമെന്റുകൾ RTO ഓഫീസിൽ ഹാജരാക്കാതെ തന്നെ ഉടമസ്ഥാവകാശം മാറ്റുന്നതിനും ഇപ്പോൾ സാധ്യമാണ്.
ക്രിമിനൽ പ്രവർത്തനങ്ങളിൽ വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യങ്ങളിൽ ക്യാമറ എൻഫോഴ്സ്മെന്റിന്റെ ആധുനിക കാലത്ത് നിർബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമാണ് വാഹനം കൈമാറ്റം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുവാൻ ഓരോരുത്തരും ശ്രദ്ധിക്കുക...
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...