പ്രതിസന്ധിയില്‍ ചൈനീസ് കമ്പനിക്ക് താങ്ങായി ധനത്രയോദശി, ഒറ്റദിവസം വിറ്റത് ഇത്രയും വണ്ടികള്‍!
ഇത്തവണത്തെ ധന്‍തേരസ് ദിനത്തില്‍ ഐശ്വര്യം കൊണ്ട് കീശ നീറഞ്ഞ ഒരു ചൈനീസ് വണ്ടിക്കമ്പനിയാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം
രാജ്യത്ത് ദീപാവലി (Diwali) ആഘോഷങ്ങൾക്കു ശുഭാരംഭം കുറിക്കുന്ന ദിവസമാണ് ധൻതേരസ് അഥവാ ധനത്രയോദശി (Dhanteras). ഐശ്വര്യത്തിന്‍റെ ദേവതയായ ലക്ഷ്‍മിയെയാണ് (Lakshmi) ഈ ദിവസം ആരാധിക്കുന്നത്. സ്വര്‍ണം, വെളളി തുടങ്ങിയവ വാങ്ങാന്‍ മികച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ദിനമാണ് ധന്‍തേരസ്. ഈ ദിവസം സ്വർണമോ വെളളിയോ വാങ്ങുന്നത് കുടുംബത്തിനു കൂടുതൽ സമ്പത്തും സമൃദ്ധിയും നൽകുമെന്നും കരുതപ്പെടുന്നു. ഈ ദിവസത്തിൽ നാണയങ്ങളും പാത്രങ്ങളുമൊക്കെ ആളുകള്‍ വാങ്ങാറുണ്ട്. പുതിയ കാലത്ത് വാഹനങ്ങളും മറ്റും സ്വന്തമാക്കാനും ഈ ദിവസം വിശ്വാസികളായ ആളുകള്‍ തിരഞ്ഞെടുക്കാറുണ്ട്.
എന്തായാലും ഇത്തവണത്തെ ധന്‍തേരസ് ദിനത്തില്‍ ഐശ്വര്യം കൊണ്ട് കീശ നീറഞ്ഞ ഒരു ചൈനീസ് വണ്ടിക്കമ്പനിയാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാവിഷയം. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സാണ് (MG Motors) ആ ഭാഗ്യവാന്മാര്‍. ഈ ധന്‍തേരസ് നാളിൽ ഒന്നും രണ്ടുമല്ല കമ്പനിയുടെ 500 ആസ്റ്റർ എസ്‍യുവികളാണ് (MG Astor SUV) ഒറ്റയടിക്ക് വിറ്റുപോയത്. ചിപ്പ് ക്ഷാമം നിമിത്തം വാഹനലോകത്ത് മറ്റ് കമ്പനികള്‍ നട്ടംതിരിയുന്നതിനിടെയാണ് എംജിയുടെ ഈ നേട്ടം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
9.78 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഈ എസ്‌യുവിയെ കഴിഞ്ഞ മാസം ആദ്യം കമ്പനി അവതരിപ്പിച്ചത്. ഇത് ഒമ്പത് വേരിയന്റുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും ലഭ്യമാണ്. ആസ്റ്റര്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സഹിതമാണ് വരുന്നത്. ഇത് മെച്ചപ്പെടുത്തിയ ഡ്രൈവും കാറിനുള്ളിൽ നിരവധി സുരക്ഷാ സവിശേഷതകളും സംയോജിപ്പിക്കാൻ സഹായിക്കുന്നു. എംജി ഹെക്ടർ, എംജി ഹെക്ടർ പ്ലസ്, എംജി ഇസഡ്എസ് ഇവി, എംജി ഗ്ലോസ്റ്റർ എന്നിവയ്ക്ക് ശേഷം ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ അഞ്ചാമത്തെ ഉൽപ്പന്നമാണ് പുതിയ എംജി ആസ്റ്റർ എസ്‌യുവി.
2019 എംജി ഇസഡ്‌എസിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈന്‍. എംജി ആസ്റ്ററിന് അതിന്റേതായ സവിശേഷമായ ടച്ചുകൾ നൽകിയിട്ടുണ്ട്. രണ്ട് എഞ്ചിൻ ഓപ്ഷനുകളില്‍ എംജി ആസ്റ്റർ ലഭ്യമാണ്. 1.5 ലിറ്റർ പെട്രോൾ മോട്ടോർ 110 പിഎസ് പവറും 144 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്നു. മറ്റൊരു ശക്തമായ എഞ്ചിനായ 1.3-ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 140 പിഎസ് കരുത്തും 220Nm ടോർക്കും സൃഷ്‍ടിക്കുന്നു. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 27 സുരക്ഷാ ഫീച്ചറുകൾ ആസ്റ്റർ എസ്‌യുവിക്ക് ലഭിക്കുന്നു, ഈ സംഖ്യ മുകളിലെ അറ്റത്ത് 49 ആയി ഉയരുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, നാല് ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഐസോഫിക് ചൈൽഡ് ആങ്കർ എന്നിവ ചില സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. അഡ്വാൻസ്ഡ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, സ്പീഡ് അസിസ്റ്റ് തുടങ്ങി 14 ഓട്ടോണമസ് ഫീച്ചറുകൾ ആസ്റ്ററിനുള്ളിലെ ADAS ഫീച്ചറിൽ ഉൾപ്പെടുന്നു.
ഒക്ടോബർ 21 ന് ബുക്കിംഗ് വിൻഡോ തുറന്ന് 20 മിനിറ്റിനുള്ളിൽ ഈ വർഷത്തേക്കുള്ള 5,000 യൂണിറ്റുകളും ബുക്ക് ചെയ്‍ത് തീര്‍ന്നിരുന്നു. 2021ൽ 5000 വാഹനങ്ങൾ മാത്രം നിരത്തിലെത്തിക്കാനുള്ള തീരുമാനത്തിലായിരുന്നു കമ്പനി. ഇതോടെ തൽക്കാലത്തേക്ക് ബുക്കിംഗ് നിർത്തിവയ്ക്കുകയും ചെയ്തു. 25,000 രൂപ ആയിരുന്നു വാഹനത്തിന്‍റെ ബുക്കിംഗ് തുക.ഈ വർഷാവസാനത്തോടെ 5,000 ആസ്റ്റർ എസ്‌യുവികൾ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്ന പ്രാരംഭ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി അർദ്ധചാലക ചിപ്പുകളുടെ ലഭ്യത വർദ്ധിപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. അടുത്ത വർഷത്തേക്കുള്ള ആസ്റ്റർ എസ്‌യുവിയുടെ ബുക്കിംഗും കമ്പനി ഇപ്പോൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
'ബുദ്ധിയുള്ള കാറും' അന്തമില്ലാത്ത തന്ത്രങ്ങളുമായും ചൈനീസ് കമ്പനി, അന്തംവിട്ട് എതിരാളികള്‍!
ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS തുടങ്ങിയവയാണ് എം.ജിയുടെ വാഹനനിര.