ചൈനീസ് കുഞ്ഞൻ എത്താൻ ഇനി മണിക്കൂറുകള്‍ മാത്രം, ഇടിയുമോ ടിയാഗോയുടെ 'വില'?!
ഇന്ത്യയിലെ കാർ നിർമ്മാതാക്കളുടെ ഇവി ലൈനപ്പിൽ എംജി കോമറ്റ് ഇവി ഇസെഡ് എസ് ഇവിക്കൊപ്പം ചേരും. അവതരിപ്പിക്കുന്ന വിലയെ ആശ്രയിച്ച്, ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ E:C3 ഇലക്ട്രിക് വാഹനങ്ങൾ എന്നിവയെ നേരിടാൻ സാധ്യതയുണ്ട്.
എംജി മോട്ടോർ അതിന്റെ രണ്ടാമത്തെ ഇലക്ട്രിക് കാറായ കോമറ്റ് ഇവിയിൽ നാളെ, ഏപ്രിൽ 19 ന് ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഈ മൈക്രോ ഇലക്ട്രിക് കാറിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ കാർ നിർമ്മാതാക്കളുടെ ഇവി ലൈനപ്പിൽ എംജി കോമറ്റ് ഇവി ഇസെഡ് എസ് ഇവിക്കൊപ്പം ചേരും. അവതരിപ്പിക്കുന്ന വിലയെ ആശ്രയിച്ച്, ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ E:C3 ഇലക്ട്രിക് വാഹനങ്ങൾ എന്നിവയെ നേരിടാൻ സാധ്യതയുണ്ട്.
അടിസ്ഥാനപരമായി ഒരു മൈക്രോ ഇലക്ട്രിക് കാറാണ് എംജി കോമറ്റ് ഇവി. ഇത് പഴയകാലത്തെ മഹീന്ദ്ര റേവ ഇലക്ട്രിക് കാറിനെ ഓർമ്മിപ്പിച്ചേക്കാം. എന്നിരുന്നാലും, ഇത് കൂടുതൽ ശക്തവും സവിശേഷതകളാൽ നിറഞ്ഞതുമാണ്, ഇത് ചെറിയ യാത്രകൾക്കായി താങ്ങാനാവുന്ന ഇലക്ട്രിക്ക് കാറുകളെ തിരയുന്ന നഗര ഉപഭോക്താക്കളെ ആകർഷിക്കും. എംജി കോമറ്റ് ഉപയോഗിച്ച് ഫ്യൂച്ചറിസ്റ്റിക്, പ്രായോഗിക അർബൻ ഇവി വാഗ്ദാനം ചെയ്യുമെന്നും നിരവധി ഫൺ-ടു-ഡ്രൈവ് ഘടകങ്ങളുണ്ട് എന്നും ലോഞ്ചിന് മുന്നോടിയായി എംജി മോട്ടോർ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബിജു ബാലേന്ദ്രൻ പറഞ്ഞു.
ചൈനീസ് പങ്കാളിയായ വുളിംഗിൽ നിന്നുള്ള വളരെ ജനപ്രിയമായ ഒരു ഇലക്ട്രിക് കാറായ എയര്‍ ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ് കോമറ്റ്. ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ എംജി മോട്ടോർ ടീസ് ചെയ്‍ത ഇന്റീരിയറുകൾ ഉൾപ്പെടെ ഡിസൈൻ ഘടകങ്ങൾ ചൈനീസ് ഇവിയുമായി വളരെ സാമ്യമുള്ളതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കാർ നിർമ്മാതാവ് പങ്കിട്ട ടീസർ ചിത്രങ്ങൾ കാണിക്കുന്നത് കോമറ്റ് EV 10.25 ഇഞ്ച് ഡ്യുവൽ സ്‌ക്രീനോടെയാണ് എത്തുന്നത് എന്നാണ്. കോമറ്റ് ഇവിയുടെ സ്റ്റിയറിംഗ് വീലിൽ ഘടിപ്പിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ ആപ്പിൾ ഐപോഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.
എംജി കോമറ്റ് ഇവിയിൽ 17.3 kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കും. ഒറ്റ ചാർജിൽ ഏകദേശം 250 കിലോമീറ്റർ റേഞ്ച് പ്രതീക്ഷിക്കാം. നോർമൽ, സ്‌പോർട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും ഇലക്ട്രിക് കാറിൽ വരാൻ സാധ്യതയുണ്ട്. കോമറ്റ് ഇവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.
ഇന്ത്യൻ റോഡുകളിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാർ എന്ന നിലയിൽ, എംജി കോമറ്റ് ഇവി ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ഒരു ഇവി അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി എംജി മോട്ടോർ നേരത്തെ പറഞ്ഞിരുന്നു . കോമറ്റ് ഇവിയുടെ പ്രതീക്ഷിക്കുന്ന വിലയും ഇതിനോടടുത്ത് ആയിരിക്കും. എന്നിരുന്നാലും 10-ലക്ഷം പ്രൈസ് ടാഗ് അതിനെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇവി ആക്കി മാറ്റില്ല. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ടാറ്റ ടിയാഗോ ഇവിയെക്കാൾ വില കൂടുതലായിരിക്കും എന്നതു തന്നെ ഇതിന് മുഖ്യ കാരണം.