കൂട്ടുകാരുമായി സ്‍കൂൾ കുട്ടിയുടെ മരണപ്പാച്ചില്‍; മരത്തിലിടിച്ച മാരുതി ബ്രസ തവിടുപൊടി!
വാഹനത്തിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ അടക്കം ആറു പേർക്ക് പരിക്കേറ്റു.
അമിതവേഗതയില്‍ സ്‍കൂള്‍ കുട്ടി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് തകര്‍ന്നു. അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ ലുധിയാനയില്‍ നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ലുധിയാനയിലെ ഗുരുനാനാക്ക് പബ്ലിക് സ്കൂളിന് സമീപമായിരുന്നു അപകടം. മാരുതി വിറ്റാര ബ്രസയാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിൽ നിയന്ത്രണം വിട്ട വാഹനം മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പ്രായപൂർത്തിയാക്കാത്തയാളാണ് വാഹനമോടിച്ചത് എന്നാണ് പ്രാഥമിക വിവരം. വാഹനത്തിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ അടക്കം ആറു പേർക്ക് പരിക്കേറ്റു.
റോഡിന് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ആറുപേരും സ്കൂൾ കുട്ടികളാണെന്നും വാഹനം അമിതവേഗത്തിൽ ഓടിച്ചതാണ് നിയന്ത്രണം വിടാൻ കാരണം എന്നുമാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. വാഹനത്തിന്‍റെ സീറ്റുകള്‍ ഉള്‍പ്പെടെ ഇളകിത്തെറിച്ച നിലയിലാണ്. അപകർ ദൃശ്യങ്ങള്‍ക്ക് പുറമേ അപകടത്തിനു ശേഷമുള്ള തകര്‍ന്ന വാഹനത്തിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബ്രെസയെ 2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിപണിയിലെത്തിക്കുന്നത്. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി ബ്രെസയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. അതേസമയം വിറ്റാര ബ്രെസ റീബാഡ്‍ജ് ചെയ്‍ത് ടൊയോട്ട പുറത്തിറക്കുന്ന വാഹനമായ അര്‍ബന്‍ ക്രൂസര്‍ നിരത്തില്‍ എത്താന്‍ ഒരുങ്ങുകയാണ്.