"ഇന്ത്യൻ ജനതയ്ക്ക് ആവശ്യമുള്ളത്ര സുരക്ഷ ഞങ്ങള്‍ നല്‍കുന്നുണ്ട്"ദയനീയ സുരക്ഷയില്‍ മാരുതിയുടെ പ്രതികരണം ഇങ്ങനെ!
കമ്പനിയില്‍ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളാണ് ടെസ്റ്റുകളിൽ സുരക്ഷയുടെ കാര്യത്തിൽ വളരെ താഴ്ന്ന നിലവാരം പുലര്‍ത്തിയത് എന്നത് മാരുതിയെ ആകെ പിടിച്ചുലച്ചിരിക്കുന്നു.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡാണ് മാരുതി സുസുക്കി. എന്നാല്‍ മാരുതി കാറുകളുടെ സുരക്ഷ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ മാരുതിയുടെ ആൾട്ടോ കെ10, വാഗൺആർ എന്നിവ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മാരുതി സുസുക്കി കാറുകളുടെ സുരക്ഷ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ നിന്നുള്ള രണ്ട് ജനപ്രിയ ഹാച്ച്ബാക്കുകളാണ് സുരക്ഷയില്‍ ദയനീയ പ്രകടനം കാഴ്‍ച വച്ചത് എന്നത് ഞെട്ടിക്കുന്ന വസ്‍തുതയാണ്. പ്രത്യേകിച്ചും കുട്ടികളുടെ സുരക്ഷയില്‍ ഇരു കാറുകളും പൂജ്യം സ്റ്റാറാണ് നേടിയത്. രണ്ട് സ്റ്റാർ റേറ്റിംഗുള്ള അള്‍ട്ടോ കെ10 ഉം ഒരു സ്റ്റാർ റേറ്റിംഗുള്ള വാഗണ്‍ ആറും ഇപ്പോൾ ആഗോള ഏജൻസിയുടെ ഏറ്റവും കുറഞ്ഞ റേറ്റിംഗ് ഉള്ള ചില കാറുകളാണ്.
മാരുതി സുസുക്കി ഇതുവരെ റേറ്റിംഗുകൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ല എന്നതാണ് യാതാര്‍ത്ഥ്യം. എന്നാല്‍ കമ്പനിയില്‍ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളാണ് ടെസ്റ്റുകളിൽ സുരക്ഷയുടെ കാര്യത്തിൽ വളരെ താഴ്ന്ന നിലവാരം പുലര്‍ത്തിയത് എന്നത് മാരുതിയെ ആകെ പിടിച്ചുലച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ക്രാഷ് ടെസ്റ്റ് ഫലങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് കമ്പനി എന്ന് വാർത്താ ഏജൻസി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാരുതികള്‍ ഇടിച്ച് പപ്പടമായപ്പോള്‍ ഉരുക്കുസുരക്ഷ അരക്കിട്ടുറപ്പിച്ച് ഈ മിടുക്കന്മാര്‍!
ഇന്ത്യൻ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ കാറുകൾ നിർമ്മിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ടെസ്റ്റ് ഫലങ്ങളോട് പ്രതികരിച്ചുകൊണ്ട് മാരുതി സുസുക്കി ഉറപ്പുനൽകി. മാരുതി സുസുക്കി സുരക്ഷയ്ക്ക് എല്ലായ്പ്പോഴും മുൻഗണന നൽകിയിട്ടുണ്ടെന്നും ഇന്ത്യയുടെ ക്രാഷ് സേഫ്റ്റി റെഗുലേഷനുകൾ യൂറോപ്പിലെ മാനദണ്ഡങ്ങൾക്ക് ഏതാണ്ട് സമാനമാണെന്നും കമ്പനിടെ എല്ലാ മോഡലുകളും ഈ നിയന്ത്രണങ്ങൾ പാലിക്കുകയും ഇന്ത്യാ ഗവൺമെന്റ് ശരിയായി പരീക്ഷിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഗുരുഗ്രാം ആസ്ഥാനമായുള്ള കാർ നിർമ്മാതാവിന്റെ വക്താവ് പിടിഐയോട് പറഞ്ഞു.
ഗ്ലോബൽ എൻസിഎപി പോലുള്ള ഏജൻസികൾ നടത്തിയ ക്രാഷ് ടെസ്റ്റുകളിൽ മാരുതി സുസുക്കി കാറുകൾ ചരിത്രപരമായി മോശം പ്രകടനമാണ് നടത്തിയത്. അള്‍ട്ടോ K10 , വാഗണാര്‍ എന്നിവയ്ക്ക് മുമ്പ് മറ്റ് മാരുതി കാറുകളും ഏജൻസി പരീക്ഷിച്ചിട്ടുണ്ട്. ഫലങ്ങൾ പ്രോത്സാഹജനകമാണ്. സ്വിഫ്റ്റ് , എസ്-പ്രസ്സോ , ഇഗ്നിസ് എന്നിവയാണ് ഗ്ലോബൽ എൻസിഎപി മുമ്പ് പരീക്ഷിച്ച മാരുതി കാറുകൾ . കഴിഞ്ഞ വർഷം പരീക്ഷിച്ച മൂന്ന് മോഡലുകളും മുതിർന്ന ഒക്യുപന്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ ഓരോ സ്റ്റാർ വീതം നേടി.
ഇന്ത്യയ്‌ക്കായി നിർമ്മിക്കുന്ന എല്ലാ കാറുകളിലും ഇന്ത്യൻ സര്‍ക്കാര്‍ നിഷ്‍ക്രഷിച്ചിട്ടുള്ള മതിയായ സുരക്ഷാ സവിശേഷതകൾ ഉണ്ടെന്ന് മാരുതി സുസുക്കി പറയുന്നു. ഹിൽ-ഹോൾഡ് അസിസ്റ്റ്, 360 ഡിഗ്രി വ്യൂ ക്യാമറ, HuD ഡിസ്‌പ്ലേ തുടങ്ങിയ അധിക സുരക്ഷാ ഫീച്ചറുകളും കാർ നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്കായി കാറുകൾ നിർമ്മിക്കുമ്പോൾ സുരക്ഷ അതിന്റെ മുൻഗണനകളിൽ ഒന്നായി നിലനിർത്തുന്നത് തുടരുമെന്ന് കാർ നിർമ്മാതാവ് പറഞ്ഞു. ആഗോള റേറ്റിംഗ് ഏജൻസികൾക്ക് പകരം ഇന്ത്യൻ പതിപ്പ് ഭാരത് എൻസിഎപി പുറത്തിറക്കുമ്പോൾ മാരുതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി പറയുന്നു. ഇന്ത്യ നിർദ്ദിഷ്ട സുരക്ഷാ റേറ്റിംഗ് പ്രക്രിയയായ ഭാരത് എൻസിഎപിയുമായി സർക്കാർ മുന്നോട്ടു വരുമെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ അർത്ഥവത്തായതായിരിക്കും എന്നും കമ്പനി വ്യക്തമാക്കുന്നു.
അതേസമയം ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ മാരുതി കാറുകൾ എങ്ങനെ ന്യായീകരിക്കപ്പെടുന്നുവെന്ന് കാണാൻ ഗ്ലോബൽ എൻസിഎപി താൽപ്പര്യപ്പെടുന്നു. ഭാരത് എൻസിഎപി ഉടൻ ആരംഭിക്കാനിരിക്കെ, മറ്റ് മുൻനിര ആഭ്യന്തര നിർമ്മാതാക്കളുമായും ഫോക്‌സ്‌വാഗൺ, സ്‌കോഡ എന്നിവരുമായും ഇടപഴകാനും റോഡ് സുരക്ഷയിലും ഉപഭോക്തൃ സംരക്ഷണത്തിലും തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കാനും തങ്ങൾ മാരുതി സുസുക്കിയെ വെല്ലുവിളിക്കുമെന്ന് ടുവേർഡ് സീറോ ഫൗണ്ടേഷൻ പ്രസിഡന്റ് ഡേവിഡ് വാർഡ് പറഞ്ഞു.
ഇന്ത്യയുടെ സ്വന്തം വാഹന സുരക്ഷാ വിലയിരുത്തൽ ഏജൻസിയായ ഭാരത് എൻസിഎപി ഈ വർഷം മുതൽ രാജ്യത്ത് നിർമിക്കുന്ന വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ജൂണിൽ കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു, ഈ ടെസ്റ്റുകൾ ഈ മാസം തന്നെ ആരംഭിച്ചേക്കും.