ഉപഭോക്താക്കളെ ഞെട്ടിച്ച് മാരുതി സുസുക്കി, ജനപ്രിയന്മാരുടെ വില കൂട്ടി!
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഉപഭോക്താക്കൾക്ക് ഞെട്ടൽ നൽകി മാരുതി സുസുക്കി. മാരുതി സുസുക്കി കാറുകളുടെ വില വർധിച്ചു. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
ഇന്ത്യയിൽ താങ്ങാവുന്ന വിലയിൽ വാഹനങ്ങൾ വിൽക്കുന്ന വാഹന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. നല്ല മൈലേജിനു പുറമേ, അറ്റകുറ്റപ്പണികളുടെ കാര്യത്തിലും മാരുതി സുസുക്കിക്ക് ചിലവ് കുറവാണ്. ഇപ്പോൾ മാരുതി സുസുക്കി ഏപ്രിൽ ഒന്നു മുതൽ കാറുകളുടെ വില വർധിപ്പിച്ചു. ഓരോ കാറിന്റെയും വില 0.8 ശതമാനം കൂടും. ഉൽപ്പാദനച്ചെലവ് വർധിച്ചതിനെ തുടർന്നാണ് മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചത്.
മാരുതി സ്വിഫ്റ്റ്, മാരുതി ഡിസയർ, മാരുതി വാഗൺആർ എന്നിവ ഉൾപ്പെടെയുള്ള മാരുതി കാറുകളുടെ വില വർധിക്കും. പണപ്പെരുപ്പവും വസ്‍തുക്കളുടെ വിലക്കയറ്റവും കാരണം ഒരോ കാറിന്‍റെയും ഉൽപാദനച്ചെലവ് വർദ്ധിക്കുന്നു എന്നതാണ് മാരുതി സുസുക്കി കാറുകളുടെ വില കൂടുന്നതിനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം 3.35 ലക്ഷം പാസഞ്ചർ വാഹനങ്ങളാണ് രാജ്യത്തുടനീളം വിറ്റഴിച്ചത്. ഇതിലൂടെ വാഹന നിർമാണ കമ്പനികൾ വിൽപ്പനയിൽ മികച്ച മുന്നേറ്റം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 11% വർധനവാണിത്. കൂടാതെ, ഏതൊരു വർഷവും രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന വിൽപ്പന അളവ് ഫെബ്രുവരി മാസത്തിലാണ്. ഇതിൽ മാരുതി സുസുക്കി 11% (1.55 ലക്ഷം), ഹ്യുണ്ടായ് 7% (47001), മഹീന്ദ്ര 10% (30358), കിയ 36% (24600), ബജാജ് ഓട്ടോ 36% (1.53 ലക്ഷം) എന്നിങ്ങനെ മുന്നേറി. വില കുറവായതിനാൽ വിപണിയിൽ മാരുതി സുസുക്കിക്കാണ് ഏറ്റവും കൂടുതൽ വിഹിതം. അതുകൊണ്ട് തന്നെപുതിയ വിലവർധന മാരുതി സുസുക്കി വാഹന വിൽപ്പനയെയും ബാധിക്കും.
ഈ വർഷത്തിന്റെ തുടക്കത്തിൽ, അതായത് 2023 ജനുവരി ഒന്നിന്, മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചിരുന്നു. മാരുതി 1.1 ശതമാനം ആണ് അന്ന് ഉയര്‍ത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടാം തവണയും മാരുതി സുസുക്കി വില വർധിപ്പിച്ചിരുന്നു. വർദ്ധിച്ചുവരുന്ന ഉൽപ്പാദനച്ചെലവ് നികത്താൻ കാറിന്റെ പുതിയ പതിപ്പ് കൊണ്ടുവരാനുള്ള നീക്കമാണിത്. കുറഞ്ഞ വിലയുള്ള ആൾട്ടോ മുതൽ കനത്ത എസ്‌യുവി ഗ്രാൻഡ് വിറ്റാര വരെയുള്ള കാറുകളാണ് മാരുതി സുസുക്കി നിർമ്മിക്കുന്നത്.
അതേസമയം കമ്പനിയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയില്‍, മാരുതി സുസുക്കി തങ്ങളുടെ ജിംനി എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ രാജ്യത്തെ എസ്‌യുവി മേഖലയെ ശക്തിപ്പെടുത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ 50 വർഷമായി ആഗോള വിപണിയിൽ മാരുതി ജിംനിയുണ്ട്. ഗുരുഗ്രാമിലെ ഫാക്ടറിയിൽ കാർ നിർമ്മിക്കുകയും മധ്യേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.