ജോലി പോരെന്നു പറഞ്ഞു പിരിച്ചുവിട്ടു; കാറുകള്‍ക്കു മേല്‍ ആസിഡ് ഒഴിച്ച് തൊഴിലാളിയുടെ ക്രൂര പ്രതികാരം!
കാർ കഴുകുന്ന ജോലി ശരിയായി ചെയ്യാത്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഒരു തൊഴിലാളി 12ല്‍ അധികം കാറുകൾ ആസിഡ് ഒഴിച്ച് കേടുവരുത്തി
ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളി 12 കാറുകളിൽ ആസിഡ് എറിഞ്ഞു. ഉത്തർപ്രദേശിലെ നോയിഡയിൽ ആണ് സംഭവം. ജോലി കൃത്യമായി ചെയ്യാത്തതിനെ തുടർന്ന് പിരിച്ചുവിടപ്പെട്ട തൊഴലാളിയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് രാം രാജ് എന്ന പ്രതിയെ നോയിഡ പോലീസ് അറസ്റ്റ് ചെയ്‍തു.
നോയിഡയിലെ നോയിഡയിലെ ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിയിൽ കാർ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു രാംരാജ്. എന്നാല്‍ അടുത്തിടെ ഇയാളെ പിരിച്ചുവിട്ടു. കൃത്യമായി ജോലി ചെയ്യുന്നില്ലെന്ന് സൊസൈറ്റിയിലെ ചില താമസക്കാർ പരാതിപ്പെട്ടതോടെയായിരുന്നു ജോലി പോയത്. ഈ പശ്ചാത്തലത്തിൽ ഇയാളെ മാനേജ്‌മെന്റ് പുറത്താക്കി. ഇതിൽ പ്രകോപിതനായ ഇയാള്‍ കാറുകളെ ആക്രമിക്കുകയായിരുന്നു.
നോയിഡയിലെ സെക്ടർ 75ലെ മാക്സ്ബ്ലിസ് വൈറ്റ് ഹൗസ് സൊസൈറ്റിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സെക്ടർ 113 പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്ന സ്ഥലം. താമസക്കാരുടെ പരാതിയിൽ ജോലി നഷ്ടപ്പെട്ടതിൽ ക്ഷുഭിതനായ രാംരാജ് അവിടെ പാർക്ക് ചെയ്തിരുന്ന പത്തിലധികം കാറുകളിൽ ആസിഡ് ഒഴിച്ചതായി സെക്ടർ 113 പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ജിതേന്ദ്ര സിംഗ് പറഞ്ഞു.
തങ്ങളുടെ കാറുകൾക്ക് പെട്ടെന്ന് കേടുപാടുകൾ സംഭവിച്ചത് ശ്രദ്ധയിൽപ്പെട്ട കാർ ഉടമകൾ സൊസൈറ്റിയുടെ പാർക്കിംഗ് സ്ഥലത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് രാംരാജിന്റെ ഈ പ്രവൃത്തി പുറത്തറിയുന്നത്. മാർച്ച് 15ന് രാവിലെ 9.15ഓടെയാണ് ഇയാൾ ഈ കൃത്യം നടത്തിയത്.
പിന്നീട് സൊസൈറ്റി ഭരണസമിതി രാംരാജിനെ കണ്ടെത്തി സ്ഥലത്തെത്തിച്ചു. ഇത്തവണ താൻ തെറ്റ് ചെയ്തെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്‍തു. പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തപ്പോൾ പ്രതി മൊഴി മാറ്റി മാറ്റി നൽകിയത് പോലീസിനെ കുഴച്ചു. ആദ്യം ആരോ ആസിഡ് ഒഴിച്ചുവെന്ന് പറഞ്ഞു. പിന്നെ മറുവശം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കാർ ഉടമകളുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി രാംരാജിന് ഏകദേശം 25 വയസ്സ് പ്രായമുണ്ട്, 2016 മുതൽ ഈ സൊസൈറ്റിയിൽ ജോലി ചെയ്യുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 427-ാം വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി. കോടതി അദ്ദേഹത്തെ ജയിലിലേക്ക് അയച്ചു.
അതേസമയം, ആസിഡിന്റെ സുലഭമായ ലഭ്യത ഇന്ത്യയിൽ ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന വിഷയമായി മാറിയിരിക്കുന്നു. ആസിഡ് ആക്രമണങ്ങൾ വർധിച്ചിട്ടും, വിപണിയിൽ ആസിഡിന്റെ എളുപ്പത്തിലുള്ള വിൽപ്പനയും ലഭ്യതയും പരിശോധിക്കാൻ ഒരു നിയമവുമില്ല എന്നതാണ് ഞെട്ടിപ്പിക്കുന്നത്.