അമേരിക്കയില്‍ കൊവിഡ് ഫണ്ടില്‍ നിന്നും കോടികള്‍ തട്ടി കാറുകള്‍ വാങ്ങിയ യുവാവ് കുടുങ്ങി!
കൊവിഡ് പുനരധിവാസ ഫണ്ടുകള്‍ തട്ടിച്ച് കോടികളുടെ ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടി
സര്‍ക്കാരിന്‍റെ കൊവിഡ് പുനരധിവാസ ഫണ്ടുകള്‍ തട്ടിച്ച് കോടികളുടെ ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടിയ യുവാവ് അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടി നില്‍ക്കുകയാണെന്ന് തെറ്റിധരിപ്പിച്ച് ലോണ്‍ നേടിയ ഇര്‍വിന്‍ സ്വദേശിയായ മുസ്‍തഫ ഖ്വാദിരി എന്ന യുവാവാണ് ഒടുവില്‍ പൊലീസ് പിടിയിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് താറുമാറാക്കിയ ജീവിതം കരുപ്പിടിപ്പിക്കാന്‍ പൗരന്‍മാരെ സഹായിക്കുന്നതിന് അമേരിക്ക ആരംഭിച്ച പദ്ധതിയാണ് 38കാരനായ മുസ്‍തഫ ദുരുപയോഗം ചെയ്‍തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ലക്ഷം യു എസ് ഡോളര്‍ ആണ് യുവാവ് ഇങ്ങനെ സ്വന്തമാക്കിയത്. പേയ്‌മെന്റ് പ്രൊട്ടക്ഷന്‍ പ്രോഗ്രാമിന് കീഴിലായിരുന്നു ലോണുകള്‍ അനുവദിച്ചത്. ഈ പണം കൊണ്ട് ഫെറാരി, ലംബോര്‍ഗിനി, ബെന്‍റ്ലി തുടങ്ങിയ കോടികള്‍ വിലയുള്ള അത്യാഡംബര കാറുകള്‍ വാങ്ങുകയായിരുന്നു ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിക്കുന്ന അമേരിക്കൻ പൗരന്മാരെയും ചെറുകിട ബിസിനസുകാരെ സംരക്ഷിക്കാനായുള്ളതായിരുന്നു ഈ പദ്ധതി. എന്നാല്‍ നിലവില്‍ ഇല്ലാത്ത കമ്പനികളുടെ പേരില്‍ രേഖകള്‍ സമര്‍പ്പിച്ചാണ് മുസ്‍തഫ ലോണ്‍ സ്വന്തമാക്കിയത്. ബാങ്കുകളെ കബളിപ്പിക്കാന്‍ മറ്റൊരാളുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പരും മുസ്‍തഫ ഉപയോഗിച്ചിരുന്നതായും കാറുകള്‍ വാങ്ങിയ ശേഷം ബാക്കി വന്ന പണം ഇയാള്‍ ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയും ചെയ്‍തു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം മെയ്, ജൂൺ മാസങ്ങളിലായി മൂന്ന് ബാങ്കുകളിൽ നിന്നാണ് ഇയാൾ ഇത്തരത്തിലുള്ള ലോൺ സംഘടിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona