ലൈസൻസ് കിട്ടി മണിക്കൂറുകള്‍ക്കകം വഴിയാത്രികന്‍റെ ജീവനെടുത്തു! മലയാളി വിദ്യാർഥി യുകെയിൽ ജയിലില്‍

യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റ് പാസായ ദിവസം തന്നെ അപകടം. ഷാരോൺ ഏബ്രഹാം (27) എന്ന മലയാളി വിദ്യാർത്ഥി ഓടിച്ച വാഹനം ഇടിച്ച് വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ആന്‍ഡ്രൂ ഫോറെസ്റ്റ് (75) ആണ് മരിച്ചത്. ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുമാണ് ഷാരോണിന് യുകെ കോടതി വിധിച്ചത്.

Malayali student jailed over fatal crash on day of driving test at UK

ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച് മണിക്കൂറുകൾക്കുള്ളിൽ അമിതവേഗതയിൽ പാഞ്ഞ് സീബ്രാക്രോസിംഗിൽ കാൽനടയാത്രക്കാരനെ ഇടിച്ചുകൊന്ന സംഭവത്തിൽ മലയാളി വിദ്യാർത്ഥി ബ്രിട്ടണിൽ ജയിലിലായി. ഷാരോൺ ഏബ്രഹാം (27) എന്ന മലയാളി വിദ്യാർത്ഥി ഓടിച്ച വാഹനം ഇടിച്ച് വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ആന്‍ഡ്രൂ ഫോറെസ്റ്റ് (75) ആണ് മരിച്ചത്. 2023 ജൂലൈ 26 ന് ആയിരുന്നു അപകടം. ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുമാണ് ഷാരോണിന് വിധിച്ചത്. ലൂയിസ് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോൾ ഷാരോണ്‍ ഓടിച്ചിരുന്ന ലക്സസ് കാർ ഇടിച്ചാണ് ആന്‍ഡ്രൂ മരിച്ചത്. 

അപകട സമയത്ത് കാറിന്റെ വേഗത മണിക്കൂറിൽ 52 മൈല്‍ (83.6 കിലോമീറ്റര്‍) ആയിരുന്നു. അപകടത്തിന് പിന്നാലെ ഷാരോൺ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും പിന്നീട് തൻ്റെ വാഹനത്തിൻ്റെ കേടുപാടുകൾ മറയ്ക്കാൻ കാറിന് ഒരു കവർ വാങ്ങുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഷാരോണിന് ഒമ്പത് വർഷമായി വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും യുകെ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കേണ്ടി വന്നിരുന്നു. തുടർന്ന് യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റ് പാസായ ദിവസം തന്നെയായിരുന്നു അപകടവും. 

അപകടം നടന്ന് 16 മണിക്കൂറിന് ശേഷമാണ് ഷാരോണ്‍ ഏബ്രഹാമിനെ പിടികൂടിയത്.  പിടിയിലാകുന്നതിന് തൊട്ടുമുമ്പ് തന്‍റെ മൊബൈൽ ഫോണിൽ ഷാരോൺ യുകെയിലെ ഹിറ്റ് ആൻഡ് റൺ കൊളിഷൻ നിയമം" തിരഞ്ഞതായും തുടർന്ന് സെർച്ച് ഹിസ്റ്ററി ഡെലീറ്റ് ചെയ്‍തതായും പോലീസ് പറഞ്ഞു. മണിക്കൂറിൽ 30 മൈൽ വേഗതയിൽ മാത്രം വാഹനങ്ങൾ ഡ്രൈവ് ചെയ്യേണ്ട സോണില്‍ 45 മൈലിനും 52 മൈലിനും ഇടയില്‍ ഷാരോൻ ഡ്രൈവ് ചെയ്തതായി പൊലീസ് കണ്ടെത്തി. ഷാരോണ്‍ ഏബ്രഹാം നിര്‍ദ്ദിഷ്‍ട വേഗപരിധിയിലായിരുന്നെങ്കില്‍ കൂട്ടിയിടി ഉണ്ടാകുമായിരുന്നില്ലന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 

നിലവിലുള്ള റോഡിനും കാലാവസ്ഥയ്ക്കും വളരെ അനുചിതമായ വേഗതയിലും ശ്രദ്ധക്കുറവോടെയുമാണ് പ്രതി വാഹനമോടിച്ചതെന്നും അവസാനത്തെ ഒന്നോ രണ്ടോ സെക്കന്‍ഡില്‍ മാത്രമാണ് ബ്രേക്ക് ഇട്ടതെന്നും ജഡ്ജി ക്രിസ്റ്റീന്‍ ലെയിംഗ് കെസി പറഞ്ഞു. ഒമ്പത് വര്‍ഷം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കേസിൽ ഷാരോണ്‍ കുറ്റസമ്മതം നടത്തിയതിനാല്‍ ശിക്ഷയുടെ കാലാവധി ആറ് വര്‍ഷമായി കുറയുകയായിരുന്നു. എട്ട് വർഷത്തെ ഡ്രൈവിംഗ് വിലക്കിന് ശേഷം ഷാരോണ്‍ ഏബ്രഹാമിന് ബ്രിട്ടണിൽ വീണ്ടും ഡ്രൈവ് ചെയ്യുന്നതിന് മുൻപ് ഒരു റീ-ടെസ്റ്റ് പാസാകേണ്ടിയും വരും. 
 
അതേസമയം കേസിന് ശേഷം സംസാരിച്ച ഫോറസ്റ്റിൻ്റെ കുടുംബം ഒന്നും അദ്ദേഹത്തെ തിരികെ കൊണ്ടുവരില്ല എന്നും സ്നേഹിക്കുന്നവരോട് വിട പറയാൻ അദ്ദേഹത്തിനു സാധിക്കില്ലെന്നും പറഞ്ഞതായി ബിബസി റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം തങ്ങളുടെ ജീവിതത്തിൽ നിന്ന് വളരെ വേഗം അകന്നുപോയെന്നും എല്ലാവരും അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യുന്നുവെന്നും കുടുംബത്തെ ഉദ്ദരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios