ഥാർ റോക്സിലെ ചില 'വൃത്തി' പ്രശ്‍നങ്ങൾ ചൂണ്ടിക്കാട്ടി ഫാൻസ്, ഉടനടി പരിഹാരവുമായി മഹീന്ദ്ര
ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിച്ചതിന് ശേഷം, മഹീന്ദ്ര താർ റോക്‌സിന് ഒരു പുതിയ ഇൻ്റീരിയർ ഓപ്ഷൻ അവതരിപ്പിച്ചു. 'മോച്ച ബ്രൗൺ' എന്നാണിതിന്‍റെ പേര്. ഇത് എസ്‌യുവിയുടെ ഇൻ്റീരിയർ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും.
മഹീന്ദ്ര ഥാർ റോക്‌സ് ലോഞ്ച് ചെയ്തതുമുതൽ, ഇത് വിപണിയിൽ തുടർച്ചയായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. പുതിയ ഓഫ് റോഡ് എസ്‌യുവിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓഫ്-വൈറ്റ് ഇൻ്റീരിയറോടെയാണ് കമ്പനി ഈ എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും, ഉപഭോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിച്ചതിന് ശേഷം, മഹീന്ദ്ര താർ റോക്‌സിന് ഒരു പുതിയ ഇൻ്റീരിയർ ഓപ്ഷൻ അവതരിപ്പിച്ചു. 'മോച്ച ബ്രൗൺ' എന്നാണിതിന്‍റെ പേര്. ഇത് എസ്‌യുവിയുടെ ഇൻ്റീരിയർ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. പ്രത്യേകിച്ച്, ഓഫ്-റോഡ് ഡ്രൈവിംഗ് സമയത്ത് മോച്ച ബ്രൗൺ ഇൻ്റീരിയർ എളുപ്പത്തിൽ മലിനമാകില്ല.
മഹീന്ദ്ര ഥാർ റോക്ക്‌സ് ഇതിനകം ഡ്യുവൽ-ടോൺ ഐവറി, ബ്ലാക്ക് നിറങ്ങളിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ മോച്ച ബ്രൗണിൻ്റെ രൂപത്തിൽ ഒരു പുതിയ ഓപ്ഷൻ ചേർത്തിരിക്കുകയാണ് കമ്പനി. അതേസമയം വാഹനത്തിന്‍റെ 4×4 വേരിയൻ്റിന് മാത്രമാണ് പുതിയ ഇൻ്റീരിയർ കളർ ഓപ്ഷൻ പുറത്തിറക്കിയിരിക്കുന്നത്. ഥാർ റോക്സിൻ്റെ 2WD വേരിയൻ്റിൽ ഈ ആനുകൂല്യം ലഭ്യമാകില്ല. മോച്ച പതിപ്പിലെ എസ്‌യുവിയുടെ ലെതർ ഫിനിഷും ഐവറി തീം റോക്സിന് സമാനമാണ്.
നിങ്ങൾ മഹീന്ദ്ര ഥാർ റോക്‌സ് ബുക്ക് ചെയ്യുമ്പോൾ, ഇൻ്റീരിയർ കളർ ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. മോച്ച ബ്രൗൺ ഇൻ്റീരിയറിനായി നിങ്ങൾ അധിക പണം ചെലവഴിക്കേണ്ടതില്ല. ഐവറി ഇൻ്റീരിയർ പോലെയാണ് ഇതിൻ്റെ വില. 12.99 ലക്ഷം മുതൽ 22.49 ലക്ഷം വരെയാണ് മഹീന്ദ്ര ഥാർ റോക്‌സിൻ്റെ എക്‌സ് ഷോറൂം വില.
മഹീന്ദ്ര ഡീലർമാർക്ക് ഇതിനകം തന്നെ വലിയ തോതിലുള്ള അനൗദ്യോഗിക ഓഫ്‌ലൈൻ ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. ഇന്നുമുതൽ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കും.
ഥാർ റോക്‌സിൻ്റെ ഡെലിവറി ഒക്ടോബറിൽ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐവറി ഇൻ്റീരിയറോട് കൂടിയ താർ റോക്ക്സിന്‍റെ ഡെലിവറി ആദ്യം ആരംഭിക്കും. എന്നാൽ മോച്ച ഇൻ്റീരിയർ ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. മോച്ച ബ്രൗൺ ഇൻ്റീരിയറുകളുള്ള ഥാർ റോക്സിന്‍റെ ഡെലിവറി 2025 ജനുവരി മുതൽ ആരംഭിക്കാൻ സാധ്യതയുണ്ട്. 2.2 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഥാർ റോക്‌സിൻ്റെ 4WD വേരിയൻ്റ് വരുന്നത്. മഹീന്ദ്രയുടെ ഈ പുതിയ എസ്‌യുവിക്ക് ആറ് സ്പീഡ് മാനുവൽ, ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ മാത്രമാണ് 2WD വേരിയൻ്റിലുള്ളത്.