കാലുകൊണ്ട് അമ്പെയ്‍ത് ശീതള്‍ ദേവി സ്വർണം നേടി, നീയെൻ ഗുരുവെന്ന് ആനന്ദ് മഹീന്ദ്ര, കണ്ണുനിറഞ്ഞ് കയ്യടിച്ച് ജനം!
"എന്റെ ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങളെക്കുറിച്ച് ഇനി ഞാൻ ഒരിക്കലും പരാതിപ്പെടില്ല. ശീതൾദേവീ നിങ്ങൾ ഞങ്ങൾക്കെല്ലാവർക്കും ഒരു അദ്ധ്യാപികയാണ്. ഞങ്ങളുടെ ശ്രേണിയിൽ നിന്ന് ഏതെങ്കിലും കാർ തിരഞ്ഞെടുക്കുക, ഞങ്ങൾ അത് നിങ്ങൾക്ക് നൽകും, നിങ്ങളുടെ ഉപയോഗത്തിന് ഇഷ്‍ടാനുസൃതമാക്കി നല്‍കും" ആനന്ദ് മഹീന്ദ്ര കുറിച്ചു
ഇന്ത്യൻ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിൽ (നേരത്തെ ട്വിറ്റർ) അദ്ദേഹത്തിന്റെ പോസ്റ്റുകൾ തുടർച്ചയായി കാണാൻ കഴിയും. 68 കാരനായ ഈ ബിസിനസുകാരൻ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളുടെ പ്രചോദനാത്മകമായ കഥകൾ നമുക്ക് നൽകിക്കൊണ്ടേയിരിക്കുന്നു. അസാധാരണ പ്രതിഭകളെ എപ്പോഴും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു അദ്ദേഹം. അടുത്തിടെ ആനന്ദ് മഹീന്ദ്ര ഒരു പെൺകുട്ടിക്ക് കാർ വാഗ്ദാനം ചെയ്‍ത സംഭവമാണ് ഇതില്‍ ഏറ്റവും പുതിയത്. ഇന്ത്യൻ പാരാ അത്‌ലറ്റ് ശീതൾ ദേവിക്കാണ് ആനന്ദ് മഹീന്ദ്രയുടെ ഏറ്റവും പുതിയ സ്‍നേഹമസമ്മാനം.
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ അമ്പെയ്‌ത്തിൽ ശീതൾ സ്വർണം നേടിയിരുന്നു. ശീതളിന് കൈകളില്ല, അവൾ കാലുകൊണ്ടാണ് അമ്പെയ്യുന്നത്. ഒക്‌ടോബർ 27ന് ഏഷ്യൻ പാരാ ഗെയിംസിന്റെ സിംഗിൾ എഡിഷനിൽ രണ്ട് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ശീതൾ ദേവി. ശീതളിന്റെ മനോഹരമായ ഒരു വീഡിയോയും ഒപ്പം ഹൃദയവും കണ്ണും നനയിക്കുന്ന ഒരു കുറിപ്പും ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്‍തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു)ആണ് ശീതൾ ദേവിയുടെ ഒരു വീഡിയോ അദ്ദേഹം പങ്കിട്ടത്. അതിൽ അവൾ കാലുകൾ കൊണ്ട് ലക്ഷ്യം വെച്ച് പരിശീലിക്കുന്നത് കാണാം. അവരുടെ കഠിനാധ്വാനം വ്യക്തമായി കാണാൻ കഴിയും. എത്ര കഠിനാധ്വാനവും അർപ്പണബോധവും കൊണ്ടാണ് ശീതൾ ദേവി ഒറ്റ സെഷനിൽ രണ്ട് സ്വർണം നേടിയതെന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും. ശീതളിന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഈ വീഡിയോയിൽ കാണാം. ശീതളിന്റെ ബുദ്ധിമുട്ടുകൾ കണ്ട ആനന്ദ് മഹീന്ദ്ര ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങളിൽ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുത്തു. ശീതളിനെ ഗുരു എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ശീതളിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മഹീന്ദ്ര അവർക്ക് പുതിയ കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശീതളിന് ഏത് മഹീന്ദ്ര കാറും തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങളെക്കുറിച്ച് ഇനി ഞാൻ ഒരിക്കലും പരാതിപ്പെടില്ല. ശീതൾദേവീ നിങ്ങൾ ഞങ്ങൾക്കെല്ലാവർക്കും ഒരു അദ്ധ്യാപികയാണ്. ഞങ്ങളുടെ ശ്രേണിയിൽ നിന്ന് ഏതെങ്കിലും കാർ തിരഞ്ഞെടുക്കുക, ഞങ്ങൾ അത് നിങ്ങൾക്ക് നൽകും, നിങ്ങളുടെ ഉപയോഗത്തിന് ഇഷ്‍ടാനുസൃതമാക്കി നല്‍കും" അദ്ദേഹം കുറിച്ചു.
ശീതൾ ദേവിയുടെ ആവശ്യങ്ങൾക്കനുസരിച്ച് കാർ പരിഷ്‌ക്കരിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ അറിയിച്ചു. ആനന്ദ് മഹീന്ദ്രയുടെ ഈ തീരുമാനത്തെ ഇന്റർനെറ്റിലെ നിരവധി ഉപയോക്താക്കൾ പ്രശംസിച്ചു. ശീതൾ ജന്മനാ ഫോകോമെലിയ സിൻഡ്രോം എന്ന അപൂർവ രോഗ ബാധിതയാണ്. ഇത് ശരീരഭാഗളുടെ വളര്‍ച്ച ഇല്ലായ്‍മയ്ക്ക് കാരണമാകുന്നു.
വെള്ളിയാഴ്ച (ഒക്‌ടോബർ 27) ഹാങ്‌സൗ ഏഷ്യൻ പാരാ ഗെയിംസിൽ അമ്പെയ്‌ത്ത് വനിതകളുടെ വ്യക്തിഗത കോമ്പൗണ്ട് ഓപ്പൺ ഇനത്തിൽ സ്വർണം നേടിയാണ് ശീതൾ ദേവി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. തലേദിവസം (ഒക്ടോബർ 26 ന്), 2023 ലെ ഏഷ്യൻ പാരാ ഗെയിംസിൽ മിക്‌സഡ് ടീം കോമ്പൗണ്ട് ഇനത്തിൽ ശീതളും രാകേഷ് കുമാറും സ്വർണ്ണ മെഡൽ നേടിയിരുന്നു.
വിജയത്തിന്റെ നെറുകയിലേക്കുള്ള ശീതൾ ദേവിയുടെ യാത്ര മറികടക്കാൻ കഴിയാത്ത പ്രതിബന്ധങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു. അവളുടെ സ്ഥിരോത്സാഹം മനുഷ്യന്റെ ആത്മാവിന്റെ ശക്തിയുടെ തെളിവായി വർത്തിക്കുന്നു. ശാരീരിക പരിമിതികൾ മറികടന്ന്, അവൾ ലോക ഫൈനലിൽ പങ്കെടുക്കുക മാത്രമല്ല, വിജയിക്കുകയും ചെയ്തു, രണ്ട് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി, അങ്ങനെ കായിക ചരിത്രത്തിന്റെ ഏടുകളില്‍ താരം സ്വന്തം പേര് എഴുതിച്ചേർത്തു.