മഹീന്ദ്ര കൊണ്ടുപോയ പേരിനു പകരം ഈ വണ്ടിക്ക് ഒടുവില്‍ പുതിയ പേരിട്ട് 'ശരിക്കും' മുതലാളി!

ഈ ഊഹാപോഹങ്ങള്‍ക്കൊക്കെ അവസാനമായിരിക്കുന്നു. ഇന്ത്യയില്‍ വരാനിരിക്കുന്നതും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ ഏഴ് സീറ്റർ എസ്‌യുവിക്ക് പേരിട്ട് ജീപ്പ്

Made in India seven seat Jeep SUV officially named Meridian

ന്ത്യന്‍ (Indian) വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017-ലാണ്  ഐക്കണിക്ക് അമേരിക്കൻ (USA) വാഹന കമ്പനിയായ ജീപ്പ് ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയിൽ കോംപസ് , റാംഗ്ലർ എന്നീ മോഡലുകളാണ് നിലവില്‍ ജീപ്പ് വിൽക്കുന്നത്. ജീപ്പ് കോംപസിനെ അടിസ്ഥാനമാക്കി ജീപ്പ് പുതിയൊരു മോഡല്‍ വികസിപ്പിക്കുന്നതായി കഴിഞ്ഞ കുറച്ചുനാളുകളായി കേട്ടുതുടങ്ങിയിട്ട്. ജീപ്പ് കോംപസിന് മുകളിലായും റാംഗ്ലറിന് താഴെയുമായി എത്തുന്ന ഈ മോഡലിന്‍റെ പേരിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായി വാഹന ലോകത്ത് സജീവ ചര്‍ച്ചാ വിഷയമാണ്. കാരണം മറ്റൊന്നുമല്ല,  കോംപസിന്റെ ഏഴ് സീറ്റർ പതിപ്പിനെ ബ്രസീലിയൻ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ കമാന്‍ഡര്‍ എന്ന പേരാണ് ജീപ്പ് നല്‍കിയത്. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ പേര് നല്‍കാന്‍ ജീപ്പിന് സാധിക്കില്ല എന്നതായിരുന്നു ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.  കാരണം അടുത്ത കാലം വരെ മഹീന്ദ്രയുടെ എംഎം 540 ജീപ്പിന്റെ പേരായിരുന്നു കമാൻഡർ. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ജീപ്പിന് ഈ എസ്‌യുവിക്ക് കമാൻഡർ എന്ന പേര് ഉപയോഗിക്കാൻ സാധിക്കില്ല. 

എന്നാല്‍ ഇപ്പോഴിതാ ഈ ഊഹാപോഹങ്ങള്‍ക്കൊക്കെ അവസാനമായിരിക്കുന്നു. ഇവിടെ വിപണിയിൽ വരാനിരിക്കുന്നതും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ ഏഴ് സീറ്റർ എസ്‌യുവിയെ ജീപ്പ് മെറിഡിയൻ എന്ന് വിളിക്കുമെന്ന് ജീപ്പ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി പരിഗണിച്ച 70 ഓളം ഓപ്ഷനുകളിൽ നിന്നാണ് 'ജീപ്പ് മെറിഡിയൻ' എന്ന പേര് തിരഞ്ഞെടുത്തത്. പാട്രിയോട്ട് ഉള്‍പ്പെടെ നിരവധി പേരുകള്‍ അടുത്തകാലം വരെ കമ്പനിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കമ്പനി പരിഗണിച്ച 70 ഓളം ഓപ്ഷനുകളിൽ പാട്രിയോട്ടിനെ കൂടാതെ കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള ആഗോള വിപണിയിൽ നിന്നുള്ള ചില ജീപ്പുകളുടെ പേരുകളും ഉൾപ്പെടുന്നതായി സൂചനകള്‍ ഉണ്ടായിരുന്നു. 

എന്നാൽ, 'ഏറ്റവും മനോഹരമായ ചില സംസ്ഥാനങ്ങളെയും സംസ്‌കാരങ്ങളെയും' ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ നീളത്തിലൂടെ കടന്നുപോകുന്ന ലൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മെറിഡിയൻ പേര് ഒടുവിൽ തിരഞ്ഞെടുത്തതെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. മെറിഡിയൻ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച എസ്‌യുവിയായിരിക്കും. വരാനിരിക്കുന്ന ജീപ്പ് എസ്‌യുവി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി അവസരങ്ങളിൽ പരീക്ഷണ ഓട്ടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

രാജ്യത്ത് ജീപ്പിൽ നിന്നുള്ള ആദ്യത്തെ ഏഴ് സീറ്റർ എസ്‌യുവിയായിരിക്കും മെറിഡിയൻ എന്നും ഇവിടെ ജീപ്പിന്റെ ഉൽപ്പന്ന ശ്രേണിയെ കൂടുതൽ വൈവിധ്യവത്കരിക്കുന്ന ഒരു ഉൽപ്പന്നമായാണ് ഇത് അറിയപ്പെടുക എന്നും കമ്പനി പറയുന്നു. "കശ്‍മീർ മുതൽ കന്യാകുമാരി വരെയുള്ള വെല്ലുവിളികള്‍ നിറഞ്ഞ യാത്രയിലൂടെ ഇന്ത്യ വാഗ്‍ദാനം ചെയ്യുന്ന എല്ലാത്തരം ഭൂപ്രദേശങ്ങളിലും ഞങ്ങൾ ഈ എസ്‌യുവി പരീക്ഷിച്ചു.." ജീപ്പ് ഇന്ത്യയുടെ മേധാവി നിപുൺ ജെ മഹാജൻ പറഞ്ഞു. “ജീപ്പ് മെറിഡിയൻ തരക്കേടില്ലാത്ത പ്രകടനം കാഴ്‍ചവെച്ചു എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. മെറിഡിയൻ പ്രതീക്ഷിക്കുന്ന ഞങ്ങളുടെ ഉപഭോക്താക്കൾക്കായി മെയ്‍ഡ്-ഇൻ-ഇന്ത്യയും മെയ്‍ഡ്-ഫോർ-ഇന്ത്യയും ആയ ഒരു കാർ ഡെലിവർ ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.." അദ്ദേഹം വ്യക്തമാക്കി. 

മെറിഡിയൻ എസ്‌യുവിക്ക് ദൃഡത ഉണ്ടാക്കാൻ ലുക്ക്, പെർഫോമൻസ്, ഓഫ്-റോഡ് കഴിവുകൾ തുടങ്ങിയ നിർണായക ഘടകങ്ങളെ ജീപ്പ് ഇന്ത്യ പിന്തുണയ്ക്കുന്നു. മെറിഡിയൻ എസ്‌യുവി ഈ വർഷം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ജീപ്പ് ഇന്ത്യ സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ കൃത്യമായ ടൈംലൈൻ ഇപ്പോഴും വ്യക്തമല്ല. 

"2022-ലും അതിനുശേഷമുള്ള ഞങ്ങളുടെ ഉൽപ്പന്നങ്ങള്‍, ഞങ്ങളുടെ വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്നത് തുടരും.." ജീപ്പ് ഉടമകളായ സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ റോളണ്ട് ബൗച്ചാര പറഞ്ഞു.

ജീപ്പ് മെറിഡിയൻ എഞ്ചിനും ട്രാൻസ്‍മിഷനും
മെറിഡിയൻ എസ്‌യുവിയുടെ സവിശേഷതകൾ ജീപ്പ് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മെറിഡിയനില്‍ കമ്പനി 2.0 ലിറ്റർ പെട്രോൾ മോട്ടോർ ഉപയോഗിക്കാമെന്നും ഡീസൽ യൂണിറ്റും ഓഫർ ചെയ്തേക്കാമെന്നും നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യാൻ സാധ്യത. ജീപ്പ് മെറിഡിയന്റെ തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് 4WD ലഭിക്കാൻ സാധ്യതയുണ്ട്.

ജീപ്പ് മെറിഡിയൻ സവിശേഷതകൾ
മെറിഡിയനിലെ ഫീച്ചർ ലിസ്റ്റിനെക്കുറിച്ച് ജീപ്പ് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ അത് വിപുലമാക്കുമെന്ന് വാഗ്‍ദാനം ചെയ്‍തിട്ടുണ്ട്. എസ്‌യുവിയുടെ ക്യാബിനിൽ 10.25 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ സാധ്യതയുണ്ട്. അതേസമയം പനോരമിക് സൺറൂഫ്, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും ഉണ്ടാകും. 

ജീപ്പ് മെറിഡിയൻ സാധ്യതയുള്ള വിലയും എതിരാളികളും
ജീപ്പ് കോംപസിന് മുകളിൽ ജീപ്പ് മെറിഡിയൻ സ്ഥാനം പിടിക്കും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ അതിന്റെ വില 35 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് തുടങ്ങിയ എതിരാളികളെ ജീപ്പ് മെറിഡിയൻ നേരിടും.

Latest Videos
Follow Us:
Download App:
  • android
  • ios