വരുന്നൂ ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ്
കൃത്യമായ ലോഞ്ച് തീയതി ഇപ്പോഴും വ്യക്തമല്ലെങ്കിലും, വർഷാവസാനത്തിന് മുമ്പ് പുതിയ അൽകാസർ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ചിംഗിന് മുന്നോടിയായി, ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് വീണ്ടും പരീക്ഷിച്ചു.
ക്രെറ്റയുടെ വിജയകരമായ ലോഞ്ചിലൂടെയാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 2024 വർഷത്തിന് തുടക്കംകുറിച്ചത്. പുത്തൻ ക്രെറ്റ ഇതിനകം മികച്ച പ്രതികരണം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ വിജയത്തെത്തുടർന്ന്, ക്രെറ്റയുടെ 7 സീറ്റർ വേരിയൻ്റായ അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്നതിൽ ഹ്യൂണ്ടായ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. കൃത്യമായ ലോഞ്ച് തീയതി ഇപ്പോഴും വ്യക്തമല്ലെങ്കിലും, വർഷാവസാനത്തിന് മുമ്പ് പുതിയ അൽകാസർ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ചിംഗിന് മുന്നോടിയായി, ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് വീണ്ടും പരീക്ഷിച്ചു.
പുതിയ അൽക്കാസറിന്‍റെ രൂപകൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, 2024 ഹ്യുണ്ടായ് അൽകാസറിന് പുതിയ ക്രെറ്റയ്ക്ക് സമാനമായി പൂർണ്ണമായും നവീകരിച്ച ഫ്രണ്ട് എൻഡും ലഭിക്കും. ഇതിന് പുതിയ ഗ്രില്ലും ലംബമായി അടുക്കിയ ഹെഡ്‌ലാമ്പുകളും എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള ഒരു ലൈറ്റ് ബാറും ലഭിക്കും. ക്രെറ്റയിൽ നിന്ന് അൽകാസറിനെ വേർതിരിച്ചറിയാൻ, ഹ്യുണ്ടായ് ചില സവിശേഷമായ ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തും. വശങ്ങളിൽ, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത അൽകാസറിൽ 18 ഇഞ്ച് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റ് അവതരിപ്പിക്കും. പുതിയ എൽഇഡി ടെയിൽ ലാമ്പുകളും മറ്റൊരു ലൈറ്റ് ബാറും ഉൾപ്പെടെയുള്ള അപ്‌ഡേറ്റുകൾ പിൻഭാഗത്തും ലഭിക്കും.
അൽകാസറിൻ്റെ ഇന്‍റീരിയർ ഡിസൈൻ ക്രെറ്റയുടെ രൂപകല്പനയെ പ്രതിഫലിപ്പിക്കും. എങ്കിലും, സെൻട്രൽ കൺസോളുള്ള രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ പോലുള്ള കൂടുതൽ ആഡംബര സവിശേഷതകൾ അൽകാസർ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വേരിയൻ്റ് ലൈനപ്പ് ക്രെറ്റയിൽ നിന്ന് വ്യത്യസ്തമായിരിക്കും. അൽകാസർ കൂടുതൽ സ്റ്റാൻഡേർഡ് ഫീച്ചറുകൾ നൽകുന്നു.
എഞ്ചിൻ സവിശേഷതകളുടെ കാര്യത്തിൽ, അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് ക്രെറ്റയ്ക്ക് സമാനമായി തുടരും. അതായത് മൂന്ന് 1.5 ലിറ്റർ എഞ്ചിൻ ഓപ്ഷനുകൾ ഉൾക്കൊള്ളുന്നു. 113 ബിഎച്ച്പിയും 144 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 158 ബിഎച്ച്പിയും 253 എൻഎം ടോർക്കും നൽകുന്ന ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 113 ബിഎച്ച്പിയും 250 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ഡീസൽ എഞ്ചിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും ഉൾപ്പെടും.